Friday, March 13, 2026 Last Updated 10 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 08.36 AM

മുന്നണിമാറ്റ ചര്‍ച്ചകള്‍ ആസ്വദിച്ച്‌ കേരളാ കോണ്‍ഗ്രസുകള്‍, ചര്‍ച്ചകള്‍ വിലപേശലിനുള്ള ഉപാധിയാകും

കോട്ടയം: തെരഞ്ഞെടുപ്പിനു പിന്നാലെ മുന്നണി മാറ്റത്തിന്റെ പേരിലുണ്ടായ വിവാദങ്ങള്‍ ആസ്വദിച്ച്‌ കേരളാ കോണ്‍ഗ്രസുകള്‍.
വിവാദങ്ങളും മറുപടികളും സംഘടനയെ ചടുലമാക്കാന്‍ ഉപകരിക്കുന്നതായാണ്‌ ഒരു വിഭാഗം നേതാക്കളുടെ പക്ഷം. തെരഞ്ഞെടുപ്പ്‌ ഫലം വന്ന്‌ പിറ്റേന്ന്‌ അവസാനിക്കേണ്ട ആരോപണ പ്രത്യാരോപണങ്ങളാണ്‌ മുന്നണി മാറ്റത്തിന്റെ പേരില്‍ കേരളാ കോണ്‍ഗ്രസ്‌ മാണി, ജോസഫ്‌ വിഭാഗങ്ങള്‍ ഏതാനും ദിവസങ്ങളായി നടത്തുന്നത്‌.
തെരഞ്ഞെടുപ്പിലെ മുന്നണിയുടെയും പാര്‍ട്ടിയുടെയും തിരിച്ചടി കേരളാ കോണ്‍ഗ്രസ്‌ -എമ്മിനു ക്ഷീണമായിരുന്നു.
ഇക്കാര്യത്തില്‍ മറുപടി ആലോചിക്കവേയാണ്‌ മാധ്യമങ്ങളില്‍ മുന്നണി മാറ്റം ചര്‍ച്ചയും വിവാദവുമായത്‌. മുന്നണി മാറ്റമില്ലെന്ന്‌ നേതാക്കള്‍ ആവര്‍ത്തിച്ചു പറയുന്നതിനൊപ്പം എതിര്‍വിഭാഗത്തെ നോവിക്കാനുള്ള അവസരം കൂടിയായി ഈ വിവാദത്തെ നേതാക്കള്‍ മാറ്റി. പരാജയത്തില്‍ മനംനൊന്ത്‌ ഇരുന്ന പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളുടെ വാക്കുകള്‍ ഷെയര്‍ ചെയ്‌തും ആരോപണം ഉന്നയിച്ചും സജീവമായി. ആരാണ്‌ ശക്‌തരെന്ന്‌ തെളിയിക്കാന്‍ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ ഉണര്‍ന്നതോടെ സംഘടന, തെരഞ്ഞെടുപ്പിനു മുമ്പുണ്ടായിരുന്നതിനേക്കാള്‍ സജീവമായെന്നും നിയമസഭാ തെരഞ്ഞെടുപ്പിന്‌ ഒരുക്കം വേഗത്തിലാക്കാന്‍ കഴിയുമെന്നും നേതാക്കള്‍ പറയുന്നു.
കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലഭിച്ചുവെങ്കിലും അതിരമ്പുഴ ജില്ലാ പഞ്ചായത്ത്‌ ഡിവിഷന്‍ കൈവിട്ടത്‌ അടക്കമുള്ള പ്രശ്‌നങ്ങളാല്‍ പുകയുന്ന ജോസഫ്‌ ഗ്രൂപ്പിനു വാര്‍ത്തകളില്‍ കൂടുതല്‍ പ്രാതിനിധ്യം ലഭിക്കാന്‍ വിവാദം കാരണമായി. കുറിയ്‌ക്കു കൊള്ളുന്ന മറുപടികളോടെ മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ. ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയത്‌ പ്രവര്‍ത്തകര്‍ക്ക്‌ ആവേശമായി മാറിയെന്നാണ്‌ നേതാക്കള്‍ പറയുന്നത്‌.അതേസമയം, വിവാദങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിലപേശലിന്‌ ഉപകരിക്കുമെന്ന്‌ കരുതുന്ന നേതാക്കളുമുണ്ട്‌. യു.ഡി.എഫ്‌ തുടര്‍ച്ചയായി വല വീശുന്നത്‌ മാണി വിഭാഗത്തിന്‌ ഇടതുമുന്നണിയില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാന്‍ അവസരമൊരുക്കുമെന്ന്‌ നേതാക്കള്‍ കരുതുന്നു. മാണി വിഭാഗത്തെ കളത്തിലിറങ്ങി പ്രതിരോധിക്കുന്നതിലുടെ യു.ഡി.എഫില്‍ നിന്നു കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കഴിയുമോ എന്നതാണ്‌ ജോസഫ്‌ വിഭാഗത്തിന്റെ ചിന്ത.

Ads by Google
Advertisement
Thursday 18 Dec 2025 08.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW