Friday, March 13, 2026 Last Updated 10 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 08.36 AM

വെച്ചൂരും തലയാഴവും എല്‍.ഡി.എഫ്‌. തിരിച്ചുപിടിച്ചു

വൈക്കം: സംസ്‌ഥാനത്താകെ യു.ഡി.എഫ്‌ ശക്‌തമായ മുന്നേറ്റം നടത്തിയപ്പോഴും ഇടത്‌ കോട്ടയായ വൈക്കത്ത്‌ കാര്യമായ മുന്നേറ്റം നടത്താന്‍ കഴിയാതെ യു.ഡി.എഫ്‌. 2020ല്‍ ഒന്‍പത്‌ ഗ്രാമപഞ്ചായത്തുകളില്‍ ഏഴ്‌ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫും, രണ്ട്‌ പഞ്ചായത്തുകളില്‍ യു.ഡി.എഫിനുമായിരുന്നു ഭരണം. മറവന്‍തുരുത്ത്‌, ചെമ്പ്‌, തലയോലപ്പറമ്പ്‌, കല്ലറ, വെള്ളൂര്‍, ടി.വി പുരം, ഉദയനാപുരം പഞ്ചായത്തുകളാണ്‌ എല്‍.ഡി.എഫ്‌ ഭരിച്ചിരുന്നത്‌. ഇതില്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തലയോലപ്പറമ്പ്‌, ചെമ്പ്‌ പഞ്ചായത്തുകളില്‍ യു.ഡി.എഫ്‌ അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍, കല്ലറ ഗ്രാമപഞ്ചായത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി യു.ഡി.എഫ്‌ മാറി. ഇവിടെ 14 സീറ്റില്‍ ആറു സീറ്റ്‌ യു.ഡി.എഫിനും, നാലു സീറ്റ്‌ എല്‍.ഡി.എഫും, ബി.ജെ.പി മൂന്ന്‌ സീറ്റിലും ഒരു സ്വതന്ത്രനും വിജയിച്ചു. ഇവിടെ ബി.ജെ.പിയുടെ നിലപാട്‌ നിര്‍ണായകമാകും. മറവന്‍തുരുത്ത്‌ പഞ്ചായത്തില്‍ ആകെയുള്ള 16 സീറ്റില്‍ യു.ഡി.എഫും, എല്‍.ഡി.എഫും എട്ട്‌ സീറ്റ്‌ വീതം നേടിയെങ്കിലും ഭരണം എല്‍.ഡി.എഫിന്‌ ലഭിക്കും. പ്രസിഡന്റ്‌ പട്ടികജാതി വനിതാ സംവരണമായ ഇവിടെ യു.ഡി.എഫ്‌ മത്സരിച്ച രണ്ട്‌ സംവരണ വാര്‍ഡുകളിലും എല്‍.ഡി.എഫ്‌ ജയിച്ചതോടെയാണിത്‌. വെള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ 17 വാര്‍ഡുകളില്‍ യു.ഡി.എഫിന്‌ ആറും, എല്‍.ഡി.എഫിന്‌ ഏഴ്‌ സീറ്റും നേടാനായെങ്കിലും മൂന്ന്‌ സ്വതന്ത്രമാരുടെ നിലപാട്‌ നിര്‍ണായകമാകും.
കഴിഞ്ഞ തവണ യു.ഡി.എഫ്‌ ഭരിച്ചിരുന്ന വെച്ചൂരും, തലയാഴവും ഇക്കുറി ഇടതുപക്ഷം തിരിച്ചുപിടിച്ചു. യു.ഡി.എഫിലെ വിള്ളലും സ്‌ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതയുമാണ്‌ വെച്ചൂരില്‍ തിരിച്ചടിയായത്‌. ഒമ്പതാം വാര്‍ഡില്‍ മത്സരിച്ച മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ആര്‍ ഷൈലകുമാര്‍ നൂറിലധികം വോട്ടുകള്‍ക്കാണ്‌ പരാജയപ്പെട്ടത്‌. കോണ്‍ഗ്രസ്‌ വിമതനായി മത്സരിച്ച കെ.സുരേഷ്‌ കുമാറാണ്‌ വിജയിച്ചത്‌. ബി.ജെ.പി മൂന്നാം സ്‌ഥാനത്തും എല്‍.ഡി.എഫ്‌ നാലാം സ്‌ഥാനത്തും പോയി. തലയാഴത്ത്‌ സ്‌ഥാനാര്‍ഥി നിര്‍ണയമാണ്‌ വിനയായത്‌. ടി.വി പുരത്തും വിമതശല്യം യു.ഡി.എഫിന്‌ തിരിച്ചടിയായി.
ടി.വി പുരവും, ഉദയനാപുരവും ഇടതുപക്ഷം നിലനിര്‍ത്തുകയും ചെയ്‌തു. 2015ലും 2020ലും ഇടതുപക്ഷത്തിന്‌ വ്യക്‌തമായ മുന്‍തൂക്കമുണ്ടായിരുന്ന തലയോലപ്പറമ്പ്‌ ഗ്രാമപഞ്ചായത്തില്‍ 17 വാര്‍ഡുകളില്‍ 15ലും യു.ഡി.എഫ്‌ വിജയിച്ചു.
അതേസമയം മുസ്‌ലിംം ലീഗ്‌ മത്സരിച്ച രണ്ടാം വാര്‍ഡില്‍ യു.ഡി.എഫ്‌ മൂന്നാം സ്‌ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു ഇവിടെ എല്‍.ഡി.എഫിലെ സി.പി.എം സ്‌ഥാനാര്‍ഥിയാണ്‌ വിജയിച്ചത്‌. കോണ്‍ഗ്രസ്‌ വിമതന്‍ രണ്ടാം സ്‌ഥാനത്ത്‌ എത്തുകയും ചെയ്‌തു.

Ads by Google
Advertisement
Thursday 18 Dec 2025 08.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW