-->
ചെറുതോണി: ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ ചെറുകിട വ്യാപാര മേഖലയ്‌ക്ക് ഉണ്ടായിട്ടുള്ള കച്ചവട മാന്ദ്യത്തിന് മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വ്യാപാരോത്സവ് 2026 പദ്ധതിക്ക് ചെറുതോണിയില്‍ തുടക്കമായി. ഏകോപന സമിതി അംഗങ്ങളായ വ്യാപാരികളുടെ പക്കല്‍നിന്നു സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്‌താക്കള്‍ക്ക് സൗജന്യമായാണ് സമ്മാനക്കൂപ്പണ്‍ നല്‍കുന്നത്.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി നടത്തുന്ന വ്യാപാരോത്സവ് 2026 ന്റെ ചെറുതോണി യൂണിറ്റ് കൂപ്പണ്‍ വിതരണം അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ജോസ് കുഴികണ്ടം സഫിയ സ്‌റ്റീല്‍ ഹൗസ് ഉടമ സബീറിന് നല്‍കി ഉദ്‌ഘാടനം ചെയ്‌തു.
മാര്‍ച്ച് 31ന് നടക്കുന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി ഇന്നോവ കാറും രണ്ടാം സമ്മാനമായി അഞ്ച് മാരുതി ആള്‍ട്ടോ കാറും നറുക്കെടുപ്പിലൂടെ മറ്റനേകം സമ്മാനങ്ങളും നല്‍കും. അസോസിയേഷന്‍ നിയോജകമണ്ഡലം പ്രസിഡന്റ് ഷിജോ തടത്തില്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറി ബാബു ജോസഫ് ട്രഷറര്‍ പ്രേംകുമാര്‍ ആന്‍സണ്‍ കുഴിക്കാട്ട് രഞ്‌ജിത്ത് പി ലൂക്കോസ്, ബേബി വട്ടപ്പാറ എന്നിവര്‍ പങ്കെടുത്തു.