-->
കുഞ്ചിത്തണ്ണി: ക്ലാസ് നടക്കുന്നതിനിടയില്‍ ക്ലാസ് മുറിയുടെ പി.വി.സി. സീലിങ് തകര്‍ന്നു വീണു. ബൈസണ്‍വാലി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാലാം ക്ലാസിലെ ക്ലാസ് മുറിയുടെ സീലിങ്ങാണ് ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് 12 ന് തകര്‍ന്നു വീണത്.
സീലിങ്ങ് തകര്‍ന്നു വീഴുന്ന സമയത്ത് ക്ലാസ് മുറിയില്‍ നിരവധി കുട്ടികളും അധ്യാപകനും ഉണ്ടായിരുന്നു. സീലിങ്ങ് തകര്‍ന്നു വീഴുന്നത് കണ്ടു പരിഭ്രാന്തരായി പുറത്തേക്ക് ഓടിയിറങ്ങിയ നാലു വിദ്യാര്‍ഥികള്‍ക്ക് വാതില്‍പ്പടിയില്‍ ഇടിച്ച് ചെറുതായി പരുക്കേറ്റു. ഒരു വര്‍ഷം മുമ്പാണ് 10 കോടി രൂപ മുടക്കി ഹൈടെക് സ്‌കൂളാക്കി ഇവിടെ കെട്ടിട നിര്‍മാണം നടത്തിയത്. കഴിഞ്ഞ വര്‍ഷം ഫ്രെബുവരിയിലാണ് ഈ കെട്ടിടത്തിന്റെ ഉദ്‌ഘാടനം നടത്തിയത്. ജില്ല പഞ്ചായത്തിന്റെ പത്ത് ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് കൊണ്ടാണ് കെട്ടിടത്തിന് സീലിങ്ങ് നിര്‍മ്മാണം നടത്തിയത്. ഒരു വര്‍ഷം തികയുന്നതിനുമുമ്പ് തന്നെ സീലിങ് തകര്‍ന്നു വീണത് നിര്‍മാണത്തിലെ അപാകത മൂലമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ബി.ജെ.പി. പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുളവര്‍ നിര്‍മാണത്തിലെ അപാകത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളിലെത്തി പ്രതിഷേധിച്ചു.