-->
നെടുങ്കണ്ടം: യു.ഡി.എഫ്. തരംഗത്തില്‍ പഞ്ചായത്ത് ഭരണങ്ങള്‍ കൈവിട്ടപ്പോള്‍ പഴയ പൊന്നാപുരം കോട്ട തിരിച്ച് പിടിച്ചതിന്റെ ആവേശത്തിലാണ് കരുണാപുരത്ത് ഇടതുമുന്നണി. മൂന്ന് പതിറ്റാണ്ട് കാലം നീണ്ട ഇടത് തേരോട്ടത്തിന് കടിഞ്ഞാണിട്ട് 2010ല്‍ പഞ്ചായത്ത് ആദ്യമായി യു.ഡി.എഫ് പിടിച്ചതിനുശേഷം 2015 ല്‍ സീറ്റ് വര്‍ധിപ്പിച്ച് യു.ഡി.എഫ്. തുടര്‍ന്നു. കേരളാ കോണ്‍ഗ്രസ് എം മുന്നണി വിട്ട 2020 ലെ തെരഞ്ഞെടുപ്പ് മുതല്‍ കോണ്‍ഗ്രസ് ഒറ്റക്കാണ് ഇവിടെ മത്സരിക്കുന്നത്. അന്ന് ഇടത് തരംഗത്തില്‍ പോലും ഒപ്പത്തിനൊപ്പം നേടി കരുത്ത് തെളിയിച്ച പഞ്ചായത്തില്‍
കോണ്‍ഗ്രസ് കൂടുതല്‍ കാലം ഭരണം നേടി. ഇതിനെയെല്ലാം അതിജീവിച്ചാണ് ഇത്തവണ ഇടത് മുന്നണി തെരഞ്ഞടുപ്പിനെ നേരിട്ട് പൊന്നാപുരം കോട്ട നിലനിര്‍ത്തിയത്. ആകെയുള്ള 18 സീറ്റില്‍ പത്തും പിടിച്ചാണ് കരുത്ത് കാട്ടിയത്. ഇതില്‍ ഏഴ് എണ്ണം സി.പി.എമ്മും, രണ്ട് എണ്ണം സി.പി.ഐക്കും, ഒരെണ്ണം കേരളാ കോണ്‍ഗ്രസ് എമ്മിനുമാണ്. കഴിഞ്ഞ തവണത്തെ എല്‍.ഡി.എഫ്. ധാരണയനുസരിച്ചാണ് സ്‌ഥാനങ്ങള്‍ കൈമാറുന്നതെങ്കില്‍ കൂടുതല്‍ കാലം സി.പി.എമ്മിനും പിന്നീട് സി.പി.ഐക്കും കെ.സി.എമ്മിനും പ്രസിഡന്റ് സ്‌ഥാനം പങ്കുവച്ചേക്കും.
അങ്ങനെയെങ്കില്‍ ആദ്യ തവണ 12-ാം വാര്‍ഡില്‍ നിന്നും വിജയിച്ച സി.പി.എമ്മിലെ വി.എസ്. ബിനുവും അടുത്ത തവണ രണ്ടാം വാര്‍ഡില്‍നിന്നു വിജയിച്ച സി.പി.ഐയിലെ ആര്‍. അഖിലും അവസാനം ഒമ്പതാം വാര്‍ഡില്‍നിന്നു വിജയിച്ച കെ.സി.എമ്മിലെ മാത്തുക്കുട്ടി കൊച്ചുപുരയ്‌ക്കലും പ്രസിഡന്റുമാരാകാനാണ് സാധ്യത. വൈസ് പ്രസിഡന്റ് സ്‌ഥാനം ആദ്യ തവണ സി.പി.ഐയ്‌ക്കും പിന്നീട് സി.പി.എമ്മിനും ലഭിക്കും.