Friday, March 13, 2026 Last Updated 1 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 08.33 AM

വിഷ്‌ണുവിന്റെ വിയോഗം നാടിന്‌ വേദനയായി

uploads/news/2025/12/816604/2.jpg

എടത്വാ: കുടുംബത്തേയും നാടിനേയും കണ്ണീരിലാഴ്‌ത്തി വിഷ്‌ണുവിന്റെ വിയോഗം. കോതമംഗലം കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ബൈക്ക്‌ ലോറിയിലിടിച്ചു പുതുപ്പാടി കോളജിലെ ബി.സി.എ അവസാന വര്‍ഷ വിദ്യാര്‍ഥിയായ തലവടി പഞ്ചായത്ത്‌ അഞ്ചാം വാര്‍ഡില്‍ ആനപ്രമ്പാല്‍ കറത്തേരില്‍ കുന്നേല്‍ വീട്ടില്‍ കൊച്ചുമോന്റെ മകന്‍ വിഷ്‌ണുവി(21)ന്റെ വിയോഗമാണ്‌ വീടിനേയും നാടിനേയും കണ്ണീരിലാഴ്‌ത്തിയത്‌.
ചൊവാഴ്‌ച ഉച്ചയോടെ സെമസ്‌റ്റര്‍ പരീക്ഷക്കുശേഷമുള്ള അവധി കഴിഞ്ഞു ഉറ്റവരോട്‌ യാത്ര പറഞ്ഞിറങ്ങിയത്‌ ജീവിതത്തിലെ അവസാന യാത്രയിലേക്കായിരുന്നു. തലവടിയില്‍നിന്നു സുഹൃത്തിന്റെ സഹായത്തോടെ തിരുവല്ലയിലെത്തി അവിടെനിന്നു ബസില്‍ കോളജ്‌ ഹോസ്‌റ്റലില്‍ എത്തിയശേഷം അമ്മയെ വിളിച്ചു എത്തിയ വിവരം അറിയിച്ചിരുന്നു. എല്ലാ ദിവസവും രാത്രി എട്ടിന്‌ വീട്ടിലേക്കു ഫോണ്‍ ചെയ്യുന്ന സ്വഭാവമുള്ള വിഷ്‌ണു ചൊവാഴ്‌ച വൈകിട്ട്‌ ഫോണ്‍ ചെയ്‌തിരുന്നില്ല. യാത്രാ ക്ഷീണത്താല്‍ ഉറങ്ങി പോയതാണെന്നാണ്‌ കുടുംബാംഗങ്ങള്‍ കരുതിയത്‌. എന്നാല്‍ രാത്രി 9.45 നു വിഷ്‌ണുവിനെ ചികിത്സക്കായി എത്തിച്ച ആശുപത്രിയില്‍നിന്നു അപകടം സംഭവിച്ചെന്ന ഫോണ്‍ സന്ദേശം എത്തിയതോടെ മാതാപിതാക്കളും സഹോദരനും അവിടേക്കു തിരിച്ചു. ആശുപത്രിയിലെത്തിയ ഉറ്റവര്‍ കണ്ടത്‌ വിഷ്‌ണുവിന്റെ ചേനയറ്റ ശരീരമാണ്‌. പൊന്നോമനയുടെ മൃതദേഹത്തിന്‌ മുന്നില്‍ അവര്‍ വാവിട്ട്‌ നിലവിളിച്ചു. മകനെ നഷ്‌ടപ്പെട്ട മാതാവ്‌ സിന്ധുവിന്റെ നിലവിളി ചുറ്റും നിന്നവരുടെ ഉള്ളുലച്ചു.
ഒരു സാധാരണ കുടുംബത്തിന്റെ പ്രതീക്ഷകളും സ്വപ്‌നങ്ങളും ഒരുനിമിഷംകൊണ്ട്‌ തകര്‍ന്നുവീണ ദുഃഖകരമായ സംഭവമായി മാറി വിഷ്‌ണുവിന്റെ മരണം. അപ്രതീക്ഷിത അപകടത്തില്‍ വിഷ്‌ണുവിന്റെ ജീവന്‍ നഷ്‌ടപ്പെട്ടത്‌ നാടിനെയും നാട്ടുകാരെയും ഒരുപോലെ കണ്ണീരിലാഴ്‌ത്തി. കുടുംബത്തിന്റെ പ്രതീക്ഷയായി മാറിയിരുന്ന വിഷ്‌ണുവിന്റെ അകാലവിയോഗം അവരെ അഗാധമായ ദുഃഖത്തിലേക്ക്‌ തള്ളിവിട്ടിരിക്കുകയാണ്‌. പഠനത്തിലും സ്‌പോര്‍ട്‌സിലും മികവ്‌ തെളിയിച്ച വിഷ്‌ണു കുടുംബത്തിന്റെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന്‌ ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ആ സ്വപ്‌നങ്ങള്‍ക്ക്‌ നിറം നല്‍കേണ്ട സമയത്ത്‌ തന്നെ വിധി വിഷ്‌ണുവിന്റെ ജീവന്‍ കവര്‍ന്നു.
അപകട വിവരം പുറത്തുവന്ന ബുധനാഴ്‌ച രാവിലെ ഞെട്ടലോടെയാണ്‌ തലവടി ഗ്രാമം ഉണര്‍ന്നത്‌. സുഹൃത്തുക്കളും അധ്യാപകരും ആശുപത്രിയിലേക്കും വിഷ്‌ണുവിന്റെ വീട്ടിലേക്കും ഓടിയെത്തി.
വിനയവും സൗമ്യതയും നിറഞ്ഞ വിഷ്‌ണുവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ സഹപാഠികളും അധ്യാപകരും പങ്കുവച്ചു. ഈ അപകടത്തില്‍ സഹപാഠികളായ തൃശൂര്‍ ചെന്ത്രാപ്പിന്നി കൊരാട്ടില്‍ ആദിത്യന്‍ (20), പത്തനംതിട്ട തെക്കുംതോട്‌ ഒറ്റപ്ലാവുങ്കല്‍ ആരോമല്‍ (20) എന്നിവര്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

Ads by Google
Advertisement
Thursday 18 Dec 2025 08.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW