-->
തളിപ്പറമ്പ്: റോഡ് റീടാറിങ് പൂര്‍ത്തിയാക്കാതെ കരാറുകാരന്‍ മുങ്ങി, പ്രദേശവാസികള്‍ പരാതി നല്‍കി. തളിപ്പറമ്പ് നഗരസഭയിലെ 29ാം വാര്‍ഡിലെ പൂക്കോത്ത് നടപൂക്കോത്ത്‌തെരു റോഡ് റീടാറിങ് പ്രവൃത്തി പൂര്‍ത്തിയാക്കാതെയാണ് കരാറുകാരന്‍ മുങ്ങിയത്. കഴിഞ്ഞ 15ാം തീയതിയാണ് റോഡ് റീടാറിങ് നടത്തിയത്. എന്നാല്‍ അതിന് മുകളില്‍ ജില്ലിപ്പൊടി വിതറാതെ കരാറുകാരന്‍ മുങ്ങുകയായിരുന്നു. ഉരുകിയൊലിക്കുന്ന ടാറില്‍ ചവുട്ടി കാല്‍നടയാത്ര ചെയേ്േണ്ട സ്‌ഥിതിയാണുള്ളത്. ടാറിങ് കഴിഞ്ഞ ഉടനെ ജില്ലിപ്പൊടി വിതറുകയാണ് സാധാരണ രീതിയെങ്കിലും ഇവിടെ നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ അത് ചെയ്യാതെ പണി നിര്‍ത്തി കരാറുകാരന്‍ സ്‌ഥലംവിട്ടതായാണ് പരാതി. മാത്രമല്ല മഴക്കാലത്ത് സ്‌ഥിരമായി വെള്ളക്കെട്ട് രൂപപ്പെടുന്ന റോഡിന്റെ ഒരു ഭാഗത്ത് പ്രവൃത്തി കൃത്യമായി ചെയ്യണമെന്ന പ്രദേശവാസികളുടെ അഭിപ്രായത്തിനും കരാറുകാരന്‍ വിലകല്‍പ്പിച്ചില്ല. ഇക്കാര്യം നിയുക്‌ത മുനിസിപ്പല്‍ കൗണ്‍സിലറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഫലമുണ്ടായില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് പൂക്കോത്ത്‌നട റസിഡന്‍സ് അസോസിയേഷനു കീഴിലെ റോഡ് റീടാറിങ്ങ് നടത്തിയ ഭാഗത്തെ വീട്ടുകാര്‍ നഗരസഭ സെക്രട്ടറിക്കും തദ്ദേശസ്വയംഭരണ വകുപ്പിനും പരാതി നല്‍കിയത്.