-->
വൈദ്യുതി വിതരണം ആധുനിക വത്‌കരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര പദ്ധതിയായ ആര്‍.ഡി.എസ് സ്‌കീമില്‍ ഉള്‍പ്പെടുത്തി ഇരിട്ടി ടൗണിലെ വൈദ്യുതി വിതരണം പൂര്‍ണമായും കേബിള്‍ സംവിധാനത്തിലേക്ക് മാറ്റുന്നു. ഇതോടെ ഇരിട്ടി വൈദ്യുതി ലൈന്‍ രഹിത നഗരമായി മാറുന്നതിനുള്ള കര്‍മ പദ്ധതി കെ.എസ്.ഇ.ബി ആവിഷ്‌ക്കരിച്ചു. പ്രവര്‍ത്തനക്ഷമത, വിശ്വസനീയമായ വൈദ്യുതി വിതരണം എന്നിവ ഉറപ്പാക്കുന്നതിനൊപ്പം പ്രസരണ നഷ്‌ടം കുറയ്‌ക്കുക, വൈദ്യുതി വിതരണ ശ്രിംഖല കൂടുതല്‍ സുരക്ഷിതമാക്കുക എന്നിവ ലക്ഷ്യം വച്ച് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ഫ്‌ലാഗ്‌ഷിപ്പ് പദ്ധതിയാണ് റിവാബ്‌ഡ് ഡിസ്‌ട്രിബ്യുഷന്‍ സെക്‌ടര്‍ സ്‌കീം അഥവാ ആര്‍.ഡി.എസ്.എസ്. ഇതോടെ ഇടക്കിടെയുണ്ടാകുന്ന വൈദ്യുതി തടസങ്ങളും കേബിള്‍ ആക്കുന്നതോടെ ഇല്ലാതാകും. ഇരിട്ടി നഗരത്തില്‍ രണ്ട് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ ഇരിട്ടി പാലം മുതല്‍ കീഴൂര്‍ വരെ റോഡിന് ഇടതു വശത്തെ രണ്ട് കിലോമീറ്ററും നേരംപോക്ക് കവല മുതല്‍ കീഴൂര്‍ അമ്പലം കവലയില്‍ നിന്നും കീഴൂര്‍ അമല ആശുപത്രി ജങ്‌ഷന്‍ വരെ 2.8 കിലോമീറ്ററും ആണ് കേബിള്‍ വലിക്കുക. 55 ലക്ഷം രൂപയാണ് ചെലവ്. രണ്ടാം ഘട്ടത്തില്‍ ഇരിട്ടി പാലം മുതല്‍ കീഴൂര്‍ വരെ റോഡിന്റെ വലതുവശത്തെ ലൈനുകളും മാറ്റും.
വൈദ്യുതി വിതരണ ശ്രിംഖലയിലെ എല്‍.ടി ലൈനുകളും കടകളിലേക്കും മറ്റു സ്‌ഥാപനങ്ങളിലേക്കും നഗര മേഖലയിലെ വീടുകളിലേക്കും ഉള്ള ലൈനുകള്‍ പൂര്‍ണമായും കേബിളാകും. അതേ സമയം എച്ച്‌ടി ലൈനുകള്‍ കമ്പികളിലൂടെ തന്നെ തുടരും.
കെ.എസ്.ഇ.ബി പ്രവര്‍ത്തനങ്ങളോടു സഹകരിക്കാന്‍ വൈദ്യുതി വകുപ്പ് ജിവനക്കാരുടെയും വ്യാപാരി പ്രതിനിധികളുടെയും ഉപഭോക്‌താക്കളുടെ പ്രതിനിധികളുടെയും മരാമത്ത് ടെലകോം ജല അതോറിറ്റി ഉദ്യോഗസ്‌ഥരുടെയും സംയുക്‌ത യോഗം തീരുമാനിച്ചു. 20 ന് പ്രവൃത്തി ആരംഭിക്കും. കേബിള്‍ സ്‌ഥാപിക്കല്‍ പ്രവൃത്തികള്‍ക്കായി വൈദ്യുതി വിതരണം നിര്‍ത്തിവയ്‌ക്കുമെങ്കിലും സമയം ക്രമീകരിച്ചും വിവിധ മേഖലകള്‍ തിരിച്ചും ഉപഭോക്‌താക്കള്‍ക്ക് പരമാവധി ബുദ്ധിമുട്ട് ഒഴിവാക്കാന്‍ കെ.എസ്.ഇ.ബി ശ്രമിക്കും. പ്രവൃത്തി സുഗമമായി നടപ്പാക്കുന്നതിനായി വിവരങ്ങള്‍ അപ്പപ്പോള്‍ കൈമാറാന്‍ വാട്‌സാപ് ഗ്രൂപ്പ് രൂപീകരിക്കാനും തീരുമാനിച്ചു. വിവരങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ അപ്പപ്പോള്‍ ഈ ഗ്രൂപ്പ് മുഖേന കൈമാറും.
കെ പി അനില്‍കുമാര്‍
മട്ടന്നൂര്‍