-->
കോഴിക്കോട്: കണ്ടെയ്‌നറുകളുടെയും അമിതഭാരം കയറ്റിയ വാഹനങ്ങളുടെയും നിയന്ത്രണമില്ലാത്ത സഞ്ചാരം കാരണം താമരശേരി ചുരത്തിലൂടെയുള്ള യാത്ര ദുരിതപൂര്‍ണമായ സാഹചര്യത്തില്‍ കോഴിക്കോട്, വയനാട് ജില്ലാ കലക്‌ടര്‍മാര്‍ അടിയന്തരമായി ഇടപെട്ട് ഗതാഗതകുരുക്കിന് ശാശ്വതപരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ്.
ചുരത്തിലൂടെയുള്ള ഭാരവണ്ടികളുടെ ഗതാഗതത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ട്രാഫിക് മാനേജ്‌മെന്റ് സംവിധാനത്തിന് രൂപം നല്‍കണം. ചുരത്തില്‍ ആവശ്യാനുസരണം ശുചിമുറി സൗകര്യങ്ങള്‍ ഉറപ്പാക്കണം.
വാഹനങ്ങള്‍ കേടായാല്‍ തകരാര്‍ അടിയന്തരമായി പരിഹരിക്കുന്നതിനും വാഹനങ്ങള്‍ റോഡില്‍ നിന്നും നീക്കം ചെയ്ുയന്നതിനുമായി ക്രെയിന്‍ സൗകര്യവും വര്‍ക്ക് ഷോപ്പ് സൗകര്യവും ഉറപ്പാക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
ചൊവ്വാഴ്‌ച രാവിലെ കണ്ടെയ്‌നര്‍ ലോറി കേടായതിനെതുടര്‍ന്ന് ചുരത്തിലുണ്ടായ ഗതാഗതകുരുക്കിനെകുറിച്ച് പ്രസിദ്ധീകരിച്ച പത്രവാര്‍ത്തയുടെ അടിസ്‌ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ് നടപടി.
മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് രോഗികളുമായെത്തുന്ന ആംബുലന്‍സുകള്‍ വരെ വഴിയില്‍ കുരുങ്ങി അപകടങ്ങള്‍ സംഭവിക്കുന്നത് പതിവാണെന്ന് ഉത്തരവില്‍ പറഞ്ഞു. സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ വാഹനത്തില്‍ കുരുങ്ങുന്നവര്‍ മണിക്കൂറുകളോളം പ്രാഥമിക കാര്യങ്ങള്‍ പോലും നിര്‍വ്വഹിക്കാന്‍ കഴിയാതെ ദുരിതത്തിലാകാറുണ്ട്. 2024 ഏപ്രില്‍ 24 ന് കമ്മീഷന്‍ ചുരത്തിലെ ഗതാഗതക്രമീകരണങ്ങള്‍ സംബന്ധിച്ച് വിശദമായ ഉത്തരവ് വയനാട്, കോഴിക്കോട് ജില്ലാ കലക്‌ടര്‍മാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും നല്‍കിയിരുന്നതായി ഉത്തരവില്‍ പറഞ്ഞു. എന്നാല്‍ ഉദ്യോഗസ്‌ഥരുടെ ഭാഗത്ത് നിന്നും ഫലപ്രദമായ നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് സ്‌ഥിതി ദയനീയമായി തുടരുന്നു.
കോഴിക്കോട്, വയനാട് ജില്ലാ കളക്‌ടര്‍മാര്‍ കമ്മീഷന്‍ മുമ്പ് നല്‍കിയ ഉത്തരവ് പൂര്‍ണമായി നടപ്പിലാക്കി മൂന്നാഴ്‌ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ജനുവരിയില്‍ കോഴിക്കോട് പൊതുമരാമത്ത് റസ്‌റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. തടസമില്ലാത്ത യാത്രക്ക് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ട കാലം അതിക്രമിച്ചതായും ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു.
വര്‍ഷങ്ങളായി വയനാട്ടിലേക്കും ബംഗളൂരു, മൈസൂര്‍, ഊട്ടി എന്നിവിടങ്ങളിലേക്കും ഉപയോഗിക്കുന്ന പ്രധാന പാതയായ താമരശേരി ചുരത്തില്‍ ഈയിടെയായി വലിയ ഗതാഗതകുരുക്ക് അനുഭവപ്പെടുന്നത് യാത്രകാര്‍ക്ക് വലിയ ദുരിതമായി മാറാറുണ്ട്. മള്‍ട്ടി ആക്‌സല്‍ ചരക്ക് ലോറികളും ലക്ഷ്വറി ടൂറിസ്‌റ്റ് ബസുകളും ചുരത്തില്‍ കുടുങ്ങുന്നതാണ് പലപ്പോഴും ഗതാഗതതടസത്തിന് കാരണമാകുന്നത്.
മഴകാലത്ത് ചുരത്തിന്റെ ഭാഗങ്ങള്‍ ഇടിഞ്ഞ് താഴേക്ക് വീഴുന്നതും ഗതാഗത തടസങ്ങള്‍ക്ക് ഇടയാക്കാറുണ്ട്. ശരിയായ രീതിയിലുള്ള അറ്റകുറ്റപണികള്‍ നടത്തിയും റോഡിലെ അപാകതകള്‍ പരിഹരിച്ചും താമരശേരി ചുരത്തിലെ ഗതാഗതം മികച്ചതാക്കാനാകും.