-->
വൈക്കം: ഇടതുകോട്ടയെന്ന് അറിയപ്പെടുന്ന വൈക്കത്തിന്റെ നെല്ലറയായ വെച്ചൂര്‍ പഞ്ചായത്ത് കഴിഞ്ഞതവണ കടുത്ത പോരാട്ടത്തിലൂടെയാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. ഇത്തവണ ഭരണം എല്‍.ഡി.എഫ് തിരകെ പിടിച്ച് പ്രതികാരം തീര്‍ത്തു. എല്‍ഡിഎഫിന് ഭരണം കോണ്‍ഗ്രസ് സമ്മാനിക്കുകയായിരുന്നു എന്നാണ് പൊതുവെയുള്ള അടക്കംപറച്ചിലുകള്‍. പഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റും വൈസ് പ്രസിഡന്റുമെല്ലാം തോറ്റു.
വൈസ് പ്രസിഡന്റായിരുന്ന ബിന്‍സ് ജോസഫ് കൂടുമാറി കേരള കോണ്‍ഗ്രസ് (എം) ല്‍ ചേര്‍ന്ന് മത്സരിച്ചെങ്കിലും പച്ചതൊട്ടില്ല. പ്രസിഡന്റായിരുന്ന കെ.ആര്‍ ഷൈലകുമാര്‍ ഐ.എന്‍.ടി.യു.സി നേതാവായിരുന്ന കെ.സുരേഷ് കുമാറിനോട് 116 വോട്ടുകള്‍ക്ക് തോറ്റത് പാര്‍ട്ടിക്ക് വലിയ നാണക്കേടായി.
ഒമ്പതാം വാര്‍ഡിലായിരുന്നു ഈ പോരാട്ടം. വാര്‍ഡ് കമ്മിറ്റിയിലെ ഭൂരിഭാഗം പേരും സുരേഷിന്റെ പേരാണ് നിര്‍ദ്ദേശിച്ചതെന്ന് പറയപ്പെടുന്നു. എന്നാല്‍ മണ്ഡലം കമ്മിറ്റി ഇടപെട്ട് ഇതിനുതടയിടുകയായിരുന്നു എന്നാണ് അറിയുന്നത്.
വാര്‍ഡില്‍ ബിജെപി മൂന്നാം സ്‌ഥാനത്ത് എത്തിയപ്പോള്‍ എല്‍ഡിഎഫിന്റെ സിപിഐ സ്‌ഥാനാര്‍ഥി നാലാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സുരേഷും ഷൈലകുമാറും തമ്മിലുള്ളി പോരാട്ടം ഒട്ടുമിക്ക വാര്‍ഡുകളിലും കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥികളുടെ പ്രചാരണത്തെ സാരമായി ബാധിച്ചിരുന്നു. അതുപോലെ കഴിഞ്ഞതവണ വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ ഏക കോണ്‍ഗ്രസ് അംഗമായിരുന്ന എസ്.മനോജ്‌കുമാറിനും പാര്‍ട്ടി സീറ്റ് നല്‍കിയില്ല. ഇതില്‍ പ്രതിഷേധിച്ചു മനോജ് പാര്‍ട്ടി വിട്ടു കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ ചേര്‍ന്നു മത്സരിച്ചുവിജയിച്ചത് കോണ്‍ഗ്രസിനു വലിയ ക്ഷീണമായി. കഴിഞ്ഞതവണ ഏഴു സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് ഇക്കുറി മൂന്നിലേക്ക് ഒതുങ്ങി.
ജോസഫ് ഗ്രൂപ്പ് ഒന്ന്, വിമതന്‍ ഒന്ന് എന്നിങ്ങനെയാണ് പ്രതിപക്ഷത്തെ കക്ഷിനില. ഭരണംപിടിച്ച എല്‍ഡിഎഫിന് ഒന്‍പത് സീറ്റാണുള്ളത്.
സിപിഎം ആറ്, സിപിഐ മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. കേരള കോണ്‍ഗ്രസ് (എം) മത്സരിച്ച സീറ്റുകളിലെല്ലാം പരാജയപ്പെട്ടു. കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത തോല്‍വി പാര്‍ട്ടി മണ്ഡലം കമ്മിറ്റിയില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് വഴിവെച്ചേക്കും.