-->
കോട്ടയം: വിജയ, പരാജയ ആലസ്യങ്ങള്‍ക്കു പിന്നാലെ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ ചികഞ്ഞു മുന്നണികളും പാര്‍ട്ടികളും. എങ്ങനെ തോറ്റു, ഭൂരിപക്ഷം കുറഞ്ഞതെങ്ങനെ എന്നുള്ള കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക. വിശദമായി ചര്‍ച്ച ചെയ്‌തു പരിഹാരം കണ്ടെത്തി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഒരുങ്ങാനാണു നേതൃത്വങ്ങളുടെ തീരുമാനം. വിമതരുണ്ടാക്കിയ വോട്ട് നഷ്‌ടം, വിമതരുടെ വിജയം, സ്‌ഥനാര്‍ഥി നിര്‍ണയത്തിലെ പിഴവ് എന്നിവയെല്ലാം വരും ദിവസങ്ങളില്‍ ചര്‍ച്ചയാകും.
അതിരമ്പുഴയിലെയും
കുറിച്ചിയിലെയും
ചോര്‍ച്ച ചര്‍ച്ച
കോട്ടയം: വിജയതരംഗമുണ്ടായിട്ടും കൈവശമുണ്ടായിരുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ ഉള്‍പ്പെടെ നഷ്‌ടപ്പെട്ടതും ഭരണമുണ്ടായിരുന്ന പഞ്ചായത്തുകള്‍ നഷ്‌ടമായതും യു.ഡി.എഫില്‍ കൂടുതല്‍ ചര്‍ച്ചയാകും. കൈവശമുണ്ടായിരുന്ന അതിരമ്പുഴ, കിടങ്ങൂര്‍ ഡിവിഷനുകളില്‍ തോല്‍വിയ്‌ക്കു കാരണമായ വോട്ട് ചോര്‍ച്ചയുണ്ടായതിന്റെ കാരണം അന്വേഷിക്കുകയാണു കേരളാ കോണ്‍ഗ്രസ്. വോട്ട് ചോര്‍ച്ചയുണ്ടായെന്ന സംശയത്തില്‍ മുന്നണി നേതൃത്വത്തിനു പരാതി നല്‍കാനാണു കേരളാ കോണ്‍ഗ്രസിന്റെ തീരുമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡിവിഷന്‍ പരിധിയില്‍ ഫ്രാന്‍സിസ് ജോര്‍ജിന് 7500 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു.
ഈ തെരഞ്ഞെടുപ്പില്‍ ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലെ കണക്കുകളിലും ഏഴായിരത്തിലേറെ വോട്ടുകള്‍ക്ക് യു.ഡി.എഫ്. മുന്നിലാണ്. എന്നാല്‍, ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫ് സ്‌ഥാനാര്‍ഥി അഞ്ഞൂറിലേറെ വോട്ടിനു തോറ്റു. സമാന സാഹചര്യമാണ് കിടങ്ങൂരിലും. വിജയസാധ്യതയുണ്ടായിരുന്ന കുറിച്ചി, ഉഴവൂര്‍ ഡിവിഷനുകള്‍ നഷ്‌ടമായതിന്റെ പൊരുള്‍ തേടുകയാണ് കോണ്‍ഗ്രസ്. ഭരണമുണ്ടായിരുന്ന പനച്ചിക്കാട്, കൂരോപ്പട ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ ഭരണ നഷ്‌ടമായതിനു പിന്നില്‍ പ്രാദേശിക ഗ്രൂപ്പ് പോര് കാരണമായോയെന്നും പരിശോധിക്കും.
കുമരകത്ത്
ചോര്‍ന്നതില്‍
പാര്‍ട്ടി വോട്ടുകളും?
കോട്ടയം: കുമരകത്തുണ്ടായ വോട്ട് ചോര്‍ച്ചയുടെ ആഘാതത്തിലാണ് സി.പി.എം. സിറ്റിങ്ങ് മെമ്പറായിരുന്ന കെ.വി. ബിന്ദുവിനെ ഒരിക്കല്‍ കൂടി മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അംഗിരസിനെ സ്‌ഥാനാര്‍ഥിയാക്കിയതെന്ന ആക്ഷേപമുണ്ട്. ഇതേത്തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങള്‍ വോട്ട് ചോര്‍ച്ചയ്‌ക്കു കാരണമായോ എന്ന് അന്വേഷിക്കും. പാര്‍ട്ടിയുടെ യുവജന ഘടകങ്ങള്‍ ഉള്‍പ്പെടെ ഇക്കാര്യത്തില്‍ നേരത്തെ നീരസം പ്രകടിപ്പിച്ചിരുന്നു.
ഉറച്ച വിജയ പ്രതീക്ഷയില്‍, ജനറല്‍ സീറ്റില്‍ മത്സരിച്ച തൃക്കൊടിത്താനത്തെ മഞ്‌ജു സുജിത്തിന്റെ പരാജയവും അന്വേഷണ വിധേയമാക്കും. മുണ്ടക്കയം, പൊന്‍കുന്നം, വെള്ളൂര്‍ ഡിവിഷനുകളിലെ പരാജയവും 22, 23 തീയതികളില്‍ ചേരുന്ന ജില്ലാ കമ്മിറ്റി യോഗം വിശദമായി ചര്‍ച്ച ചെയ്‌തേക്കും.
മുന്നിട്ടു നിന്ന ശേഷം പരാജയപ്പെട്ട കങ്ങഴ ഡിവിഷനും സിറ്റിങ്ങ് സീറ്റായിരുന്ന എരുമേലിയിലെ വന്‍ പരാജയവും സി.പി.ഐയെയും അലോസരപ്പെടുത്തുന്നുണ്ട്. രണ്ടു സീറ്റ് പിടിച്ചെടുത്തുവെന്ന് അവകാശപ്പെടുമ്പോഴും കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി ഡിവിഷനുകളിലെ തോല്‍വി കേരളാ കോണ്‍ഗ്രസ് -എമ്മില്‍ വരും ദിവസങ്ങളില്‍ ചര്‍ച്ചയ്‌ക്കു വിധേയമാകും. കടുത്തുരുത്തിയിലെ വന്‍ തോല്‍വിയും പാര്‍ട്ടി കോട്ടകളെന്നു കരുതിയിരുന്ന ഉഴവൂരിലെയും ഭരണങ്ങാനത്തെയും കാഞ്ഞിരപ്പള്ളിയിലെയും നേരിയ വിജയവും ഇഴകീറി പരിശോധിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.
പാര്‍ട്ടി വോട്ടുകള്‍
യു.ഡി.എഫിലേക്കു
പോയോ?
കോട്ടയം: ജില്ലാ പഞ്ചായത്ത് തലത്തിലുള്ള കണക്കുകള്‍ ഏറ്റവും അസ്വസ്‌ഥതയുണ്ടാക്കുന്നത് ബി.ജെ.പിയെ ആണെന്നതിനാല്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ഒരുങ്ങുകയാണ് പാര്‍ട്ടി നേതൃത്വം. പ്രതീക്ഷിച്ച പ്രകടനം ഒരു ഡിവിഷനിലും നടത്താന്‍ കഴിഞ്ഞില്ലെന്നതു നേതൃത്വത്തിന് ആഘാതമായി. വിജയ സാധ്യതയിലേക്ക് എത്തിയില്ലെങ്കിലും പൊന്‍കുന്നം, പൂഞ്ഞാര്‍ ഡിവിഷനുകളില്‍ രണ്ടാം സ്‌ഥാനത്തെതത്തുമെന്നു പാര്‍ട്ടി നേതൃത്വം ഉറച്ചു വിശ്വസിച്ചിരുന്നു. എന്നാല്‍, പൊന്‍കുന്നത്ത് കഴിഞ്ഞ തവണ നേടിയ വോട്ട് പോലും നേടാതെയാണ് ഇത്തവണ മൂന്നാം സ്‌ഥാനത്തെത്തിയത്. ചിറക്കടവ്, പള്ളിക്കത്തോട്, വാഴൂര്‍ പഞ്ചായത്തുകളില്‍ നിന്ന് മുന്നണിയ്‌ക്ക് ലഭിക്കേണ്ട മുഴുവന്‍ വോട്ടും ലഭിച്ചില്ലെന്ന് നേതൃത്വം വിശ്വസിക്കുന്നു. വോട്ടെണ്ണലിന്റെ ചില ഘട്ടങ്ങളില്‍ രണ്ടാം സ്‌ഥാനത്ത് എത്തിയെങ്കിലും പൂഞ്ഞാറിലെ മൂന്നാം സ്‌ഥാന പ്രകടനത്തിലും പാര്‍ട്ടിയ്‌ക്കുള്ളില്‍ അസ്വസ്‌ഥതയുണ്ട്.
പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ വോട്ട് കുറഞ്ഞുവെന്നാണു വിലയിരുത്തല്‍. പല ഡിവിഷനുകളിലും പാര്‍ട്ടിയ്‌ക്കു ലഭിക്കേണ്ട വോട്ട യു.ഡി.എഫിലേക്കു പോയെന്ന വിലയിരുത്തലും ഒരു വിഭാഗത്തിനുണ്ട്‌്. പള്ളിക്കത്തോട്, മുത്തോലി പഞ്ചായത്തുകളില്‍ ഭരണം കൈവിട്ടതിന്റെ കാരണങ്ങളും പ്രാദേശിക, ജില്ലാ നേതൃത്വങ്ങള്‍ വരും ദിവസങ്ങളില്‍ സംസ്‌ഥാന നേതൃത്വത്തിനു മുന്നില്‍ അവതരിപ്പിക്കേണ്ടി വരും.
ബ്ലോക്ക്
പഞ്ചായത്തുകളില്‍
യു.ഡി.എഫിന്
വന്‍ മേല്‍ക്കൈ
കോട്ടയം: ബ്ലോക്ക് പഞ്ചായത്തുകളില്‍ ലഭിച്ച വാര്‍ഡുകളിലെ കണക്കിലും യു.ഡി.എഫിന് വന്‍ മേല്‍ക്കൈ. 11 ബ്ലോക്ക് പഞ്ചായത്തുകളിലായുള്ള 157 വാര്‍ഡുകളില്‍ യു.ഡി.എഫ് -101, എല്‍.ഡി.എഫ്- 51, എന്‍.ഡി.എ- നാല് എന്നിങ്ങനെയാണു വിജയം നേടിയത്.
ഈരാറ്റുപേട്ടയില്‍ യു.ഡി.എഫിന് എട്ട് വാര്‍ഡുകളും എല്‍.ഡി.എഫിനു നാലു വാര്‍ഡുകളുംഎന്‍.ഡി.എക്ക് രണ്ട് വാര്‍ഡുകളും ലഭിച്ചു. ഏറ്റുമാനൂരില്‍ ഒമ്പതെണ്ണം യു.ഡി.എഫിനും അഞ്ചെണ്ണം എല്‍.ഡി.എഫിനുമൊപ്പം നിന്നു. കടുത്തുരുത്തിയില്‍ 11 വാര്‍ഡുകള്‍ യു.ഡി.എഫും മൂന്ന്‌എല്‍.ഡി.എഫും നേടി. കാഞ്ഞിരപ്പള്ളിയിലെ 16 വാര്‍ഡുകളില്‍ യു.ഡി.എഫ്13 ഉം എല്‍.ഡി.എഫ് മൂന്നും വാര്‍ഡുകള്‍ നേടി. ളാലം ബ്ലോക്കില്‍ യു.ഡി.എഫ്10 ലും എല്‍.ഡി.എഫ് മൂന്നിലും നേട്ടമുണ്ടാക്കി.
മാടപ്പള്ളിയില്‍ യു.ഡി.എഫ് 11 ഉം എല്‍.ഡി.എഫ് രണ്ടും എന്‍.ഡി.എ ഒന്നും നേടി.
പള്ളത്ത് യു.ഡി.എഫ്10 ഉം എല്‍.ഡി.എഫ് നാലും വാര്‍ഡുകള്‍ നേടി.
പാമ്പാടിയില്‍ 14 വാര്‍ഡുകളും യു.ഡി.എഫ് നേടിയപ്പോള്‍ കിടങ്ങൂര്‍ സൗത്ത് മാത്രമാണ് എല്‍.ഡി.എഫിനു കിട്ടിയത്. ഉഴവൂരില്‍ യു.ഡി.എഫ് 10ഉം എല്‍.ഡി.എഫ് നാലും നേടി. വൈക്കത്തെ 14 വാര്‍ഡുകളില്‍ എല്‍.ഡി.എഫ് 13 എണ്ണവും പിടിച്ചപ്പോള്‍ തോട്ടകം മാത്രം നഷ്‌ടപ്പെട്ടു. 102 വോട്ടുകള്‍ക്ക് യു.ഡി.എഫ് ആണ് ഇവിടെ ജയിച്ചത്. കഴിഞ്ഞ തവണ 12 ഡിവിഷനുകള്‍ ഉണ്ടായിരുന്നപ്പോഴും യു.ഡി.എഫിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്.വാഴൂരില്‍ എല്‍.ഡി.എഫ് എട്ടും യു.ഡി.എഫ് അഞ്ചും നേടി. എന്‍.ഡി.എ ഒന്നും.
സത്യപ്രതിജ്‌ഞ 21 ന്
കോട്ടയം: തദ്ദേശസ്‌ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ 21 ന് സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേല്‍ക്കും. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ 21 ന് രാവിലെ 10ന് സത്യപ്രതിജ്‌ഞ നടപടികള്‍ ആരംഭിക്കും. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്‌ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2.30നും നടക്കും. മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സന്‍ തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30 നാണ്. ഉച്ചക്ക് 2.30 വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പും.
സത്യപ്രതിജ്‌ഞ കഴിഞ്ഞാല്‍ തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടെയും ആദ്യ യോഗം ആദ്യം പ്രതിജ്‌ഞ ചെയ്‌ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും. ഈ യോഗത്തില്‍ അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച കമീഷന്റെ അറിയിപ്പ് സെക്രട്ടറി വായിക്കും.