-->
പീരുമേട്: സ്‌കൂള്‍ കുട്ടികള്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയായിരുന്ന വന്‍തേനീച്ചക്കൂട്ട് പഞ്ചായത്ത്‌് അധികൃതര്‍ നീക്കം ചെയ്‌തു. വനം വകുപ്പിനെ വിവരം അറിയിച്ചെങ്കിലും ഇവര്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ് പഞ്ചായത്ത് അധികൃതര്‍ തേനീച്ചക്കൂട് നശിപ്പിച്ചത്.
വണ്ടിപ്പെരിയാര്‍ പോലീസ് സേ്‌റ്റഷന്‍ സമീപം റോഡിനോട് ചേര്‍ന്നുള്ള മരത്തിലാണ് മലന്തേന്‍ വിഭാഗത്തില്‍പ്പെട്ട തേനീച്ചകള്‍ കൂടുകൂട്ടിയത്.
ഗവ. യു.പി. സ്‌കൂള്‍, ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ ഇതുവഴിയാണ് കാല്‍നടയായി സ്‌കൂളിലേക്ക് പോകുന്നത്. അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന തേനീച്ചകളെ മാറ്റണമെന്ന് പ്രദേശവാസികള്‍ പഞ്ചായത്തില്‍ അറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി മൗണ്ട് ഫോറസ്‌റ്റ് ഓഫീസില്‍ വിവരമറിയിക്കുകയും കൂട് മാറ്റാനുള്ള നടപടി എടുക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്‌തു.
എന്നാല്‍ വനംവകുപ്പ് നിര്‍ദേശം അവഗണിച്ചു. തുടര്‍ന്നാണ് പഞ്ചായത്ത് ഇവയെ ഇവിടെ നിന്നും മാറ്റാന്‍ വിദഗ്‌ധ സംഘത്തെ ഏര്‍പ്പെടുത്തിയത്. ഇവര്‍ എത്തി രാത്രി സമയത്ത് പുക ഉപയോഗിച്ച് തേനീച്ചകളെ മാറ്റുകയും തേന്‍ നിക്ഷേപിക്കാന്‍ തയ്യാറാക്കിയ റാട്ട് എടുത്തു മാറ്റുകയും ചെയ്‌തു.