-->
രാജകുമാരി: വീട്ടില്‍ തനിച്ചായിരുന്ന വൃദ്ധ മാതാവിനെ കെട്ടിയിട്ടശേഷം സ്വര്‍ണവും പണവും മോഷ്‌ടിച്ചതായി പരാതി. നടുമറ്റം പാലകുന്നേല്‍ ടോമിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാവിലെ ഒന്‍പതരയോടെ ടോമിയുടെ അമ്മ മറിയക്കുട്ടി (80) മാത്രം വീട്ടിലുള്ളപ്പോഴാണ് ഒരു സ്‌ത്രീയുള്‍പ്പെടുന്ന മൂന്നംഗ സംഘം മുഖം മൂടി ധരിച്ച് ഇവരുടെ വീട്ടിലെത്തിയത്. വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം മറിയക്കുട്ടിയെ തുണിയുപയോഗിച്ച് ഊണ്‍മേശയുടെ കാലില്‍ കെട്ടിയിട്ടശേഷം വിരലില്‍ അണിഞ്ഞിരുന്ന 8 ഗ്രാം വരുന്ന 3 സ്വര്‍ണ മോതിരങ്ങള്‍ ഊരിയെടുക്കുകയും അലമാരിയിലുണ്ടായിരുന്ന 3,000 രൂപ എടുക്കുകയും ചെയ്‌തു.
ഇതിനിടെ കെട്ടഴിച്ച് പുറത്തേയ്‌ക്ക് ഓടിയ മറിയക്കുട്ടി തൊട്ടടുത്ത പുരയിടത്തില്‍ തടിപ്പണി ചെയ്‌തിരുന്നവരെ വിവരം അറിയിച്ചു. ഇവര്‍ ഇവടേക്ക് എത്തിയപ്പോഴേയ്‌ക്കും മോഷ്‌ടാക്കള്‍ ഓടി രക്ഷപ്പെട്ടിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് രാജാക്കാട് പോലീസ് സ്‌ഥലത്തെത്തി. വീടിന് സമീപത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.