-->
കോലഞ്ചേരി: ഐസ്‌ക്രീം മോഷ്‌ടിച്ചത് ചോദ്യം ചെയ്‌ത ബേക്കറി ഉടമയെ മര്‍ദ്ദിച്ച് രക്ഷപെട്ട അഞ്ച് യുവാക്കളെ പുത്തന്‍കുരിശ് പോലീസ് അറസ്‌റ്റ് ചെയ്‌തു.
തിരുവനന്തപുരം വട്ടവിള സ്വദേശി മുഹമ്മദ് ഫൈസല്‍(19), തിരുവനന്തപുരം വള്ളിക്കടവ് സ്വദേശി റമീസ് സുള്‍ഫിക്കര്‍ (19), തിരുവനന്തപുരം മുടപുരം സ്വദേശി ആഷിക്ക് അമീര്‍(20), തിരുവനന്തപുരം അരുവിക്കര സ്വദേശി നിധിന്‍ ബാബു (20), തിരുവനന്തപുരം കുമാരപുരം സ്വദേശി അനു സനല്‍ (19) എന്നിവരെയാണ് പുത്തന്‍കുരിശ് ഡിവൈ.എസ്.പി. വി.റ്റി. ഷാജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം 24 മണിക്കൂറിനുള്ളില്‍ അറസ്‌റ്റ് ചെയ്‌തത്. തിങ്കളാഴ്‌ച്ച രാത്രി 10.30 ഓടെയാണ് അക്രമം നടന്നത്. മുവാറ്റുപുഴ ഭാഗത്ത് നിന്നും ഇന്നോവ കാറിലെത്തിയ യുവാക്കള്‍ ബേക്കറിയിലെത്തി പാക്ക്‌ഡ് പലഹാരങ്ങള്‍ മേടിച്ചു സമീപത്ത് വച്ചിരുന്ന ഫ്രിഡ്‌ജില്‍ നിന്ന് ഐസ്‌ക്രീമുകളും വാരിയെടുത്ത് പണം നല്‌കാതെ കാറിലേക്ക് പോവുകയായിരുന്നു. ഇത് ചോദ്യം ചെയ്‌ത് കടയ്‌ക്ക് പുറത്തേക്കിറങ്ങിയ ഉടമയായ ബെസ്‌റ്റിനെയാണ് യുവാക്കള്‍ അക്രമിച്ചത്. കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമി സംഘത്തെ സൈഡ് ഡോറില്‍ തൂങ്ങി പിടികൂടാന്‍ ശ്രമിച്ച ബെസ്‌റ്റിനെ അക്രമി സംഘം നൂറ് മീറ്ററോളം വലിച്ചിഴച്ച് തള്ളിയിട്ടു കടന്ന് കളയുകയായിരുന്നു. തലയിടിച്ച് റോഡില്‍ വീണ ബെസ്‌റ്റിനെ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചു. റോഡിലേക്ക് തെറിച്ച് വീണതിനെ തുടര്‍ന്ന് ശരീരത്തിന്റെ പുറം ഭാഗത്തെയും കൈയ്യിലേയും തൊലി ആഴത്തില്‍ പോയിട്ടുണ്ട്. അക്രമത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ ടൗണില്‍ പ്രതിഷേധ റാലി നടത്തി.