-->
റാന്നി: രാഷ്‌ട്രീയ പോരാട്ടം നടന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും എല്‍ഡിഎഫിന് വമ്പന്‍ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. എല്‍ഡിഎഫ് ഘടകകക്ഷികളായ സിപിഐ, കേരള കോണ്‍ഗ്രസ് മാണി വിഭാഗം, ജെഡിഎസ് തുടങ്ങിയ കക്ഷികള്‍ക്ക് ആരെയും ജയിപ്പിക്കാനായില്ല. എല്‍ഡിഎഫിലെ രണ്ടാമത്തെ പ്രമുഖ പാര്‍ട്ടിയായ സിപിഐയ്‌ക്ക് മത്സരിച്ച മൂന്ന് സീറ്റുകളും നഷ്‌ടമായി.
കേരള കോണ്‍ഗ്രസ് മാണി, ജോസഫ് വിഭാഗങ്ങള്‍ ഏറ്റുമുട്ടിയ പുളിക്കീഴും റാന്നിയും മാണി ഗ്രൂപ്പിനെ കൈവിട്ടു. രാഷ്ര്‌ടീയമായി ക്ഷീണിതാവസ്‌ഥയിലായിരുന്ന ജോസഫ് ഗ്രൂപ്പിന് രണ്ടു വിജയങ്ങളും ജീവശ്വാസമായി. ഇതില്‍ പുളിക്കീഴില്‍ നിന്നുള്ള സാം ഈപ്പന്റെ വിജയമാണ് ശ്രദ്ധേയം. സംസ്‌ഥാന നേതാവ് കൂടിയായ അദ്ദേഹം മാണി വിഭാഗം സ്‌ഥാനാര്‍ത്ഥിയെ 3358 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും തുടര്‍ന്ന് അവിടെ നടന്ന ഉപ ഉപതെരഞ്ഞെടുപ്പിലും മാണി വിഭാഗത്തിനായിരുന്നു ഇവിടെ വിജയം.
റാന്നി ഡിവിഷനില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ജൂലി സാബുവിനായിരുന്നു വിജയം. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളില്‍ ഇവിടെ വിജയം എല്‍ഡിഎഫിനൊപ്പമായിരുന്നു. നിലവിലുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജോര്‍ജ് ഏബ്രഹാമിന്റെ ഡിവിഷന്‍ കൂടിയാണിത്. രണ്ടിടത്തെയും പരാജയം മാണി വിഭാഗത്തിന് ജില്ലയില്‍ കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
സിപിഐയ്‌ക്കാകട്ടെ അവര്‍ മത്സരിച്ച കോന്നി, പള്ളിക്കല്‍, ആനിക്കാട് ഡിവിഷനുകളില്‍ വിജയിക്കാനായില്ല. ഇതില്‍ പള്ളിക്കലും ആനിക്കാടും അവരുടെ സിറ്റിംഗ് സീറ്റുകള്‍ ആയിരുന്നു. പള്ളിക്കല്‍ ഡിവിഷനിലെ പരാജയം സിപിഐയെ സംബന്ധിച്ച് ഏറെ നാണക്കേടുണ്ടാക്കി.
മുന്‍പ് ഇവിടെ സിപിഐ ടിക്കറ്റില്‍ മത്സരിച്ചു വിജയിച്ച ശ്രീനാദേവി കുഞ്ഞമ്മ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്. അവര്‍ക്കെതിരെ ഒട്ടേറെ ആരോപണങ്ങള്‍ ഇറക്കിയിട്ടും പ്രയോജനപ്പെട്ടില്ല. ആനിക്കാടാകട്ടെ മുന്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകനും തിരുവല്ല മാര്‍ത്തോമ്മ കോളേജ് അധ്യാപകനുമായിരുന്ന ഡോ. സാം മത്സരിച്ച തോറ്റതും തിരിച്ചടിയായി. ജെഡിഎസിനാകട്ടെ കഴിഞ്ഞ തവണ വിജയിച്ച കോഴഞ്ചേരി ഡിവിഷന്‍ നിലനിര്‍ത്താനായില്ല. ഇവിടെ ജനതാദളിനായി മത്സരിച്ച ചെറിയാന്‍ സി. ജോണ്‍ പരാജയപ്പെടുകയാണ് ഉണ്ടായത്. റാന്നി അങ്ങാടി ഡിവിഷനിലെ ആരോണ്‍ ബിജിലി പനവേലിയുടെ തിളക്കമാര്‍ന്ന വിജയം എല്‍.ഡി.എഫിന് കനത്ത തിരിച്ചടിയായി. ഉറച്ച കോണ്‍ഗ്രസ് സീറ്റില്‍ താരതമ്യേന രാഷ്ര്‌ടീയ പരിചയം കുറഞ്ഞ ആര്‍ജെഡി സ്‌ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയത് എല്‍ഡിഎഫിന് വിനയായി.
11859 വോട്ടുകള്‍ക്കാണ് ആരോണിന്റെ വിജയം. ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരോണിനെ പരിഗണിക്കാനുള്ള സാധ്യതയും ഇതുമൂലം ഏറിയിട്ടുണ്ട്. സിപിഎം ആകട്ടെ അഞ്ച് സീറ്റുകളില്‍ വിജയിച്ച് വലിയ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഏനാത്ത്, കലഞ്ഞൂര്‍ , കുളനട, ചിറ്റാര്‍ , കൊടുമണ്‍ ഡിവിഷനുകളിലാണ് സി പി എം വിജയിച്ചത്. ഇതില്‍ ശ്രദ്ധേയമായ വിജയം ഏനാത്ത് ഡിവിഷനില്‍ നിന്നും മത്സരിച്ച എസ്‌എഫ്‌ഐ നേതാവ് വൈഷ്‌ണവി ശൈലേഷിന്റേതാണ്. ഈ സീറ്റ് യു ഡി എഫില്‍ നിന്നും പിടിച്ചെടുക്കാനായത് നേട്ടമായി.