Friday, March 13, 2026 Last Updated 1 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 08.31 AM

ശബരിമലയില്‍ മരിച്ച ജയില്‍ ഉദ്യോഗസ്‌ഥന്റെ കൈകള്‍ സ്വീകരിച്ച യുവാവ്‌ വീട്ടിലേക്ക്‌ മടങ്ങി

പത്തനംതിട്ട: ശബരിമലയില്‍ മരിച്ച ജയില്‍ ഉദ്യോഗസ്‌ഥന്റെ കൈകള്‍ സ്വീകരിച്ച യുവാവ്‌ വീട്ടിലേക്ക്‌ മടങ്ങി. ശബരിമല ദര്‍ശനത്തിന്‌ ശേഷം പമ്പയില്‍ വച്ചാണ്‌ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ജയിലര്‍ എ.ആര്‍. അനീഷ്‌ അപസ്‌മാരത്തെ തുടര്‍ന്ന്‌ വീഴുന്നത്‌.
വീഴ്‌ചയുടെ ആഘാതത്തില്‍ മസ്‌തിഷ്‌കമരണം സംഭവിച്ച അനീഷിന്റെ ആഗ്രഹപ്രകാരം തന്നെയാണ്‌ കുടുംബം അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ചത്‌. അനീഷ്‌ ദാനം ചെയ്‌ത ഇരുകൈകളും ലഭിച്ചത്‌ സേലം സ്വദേശിയായ ഗോകുലപ്രിയന്‍ (23) എന്ന യുവാവിനായിരുന്നു. കുടുംബമായി ചെയ്യുന്ന കോഴിഫാമിലെ മേല്‍ക്കൂര ഉറപ്പിക്കുന്നതിനിടെ ഹൈടെന്‍ഷന്‍ ലൈനില്‍ നിന്ന്‌ വൈദ്യുതാഘാതം ഏറ്റാണ്‌ ഗോകുലപ്രിയന്‌ ഇരു കൈകളും നഷ്‌ടമായത്‌. കൂടെയുണ്ടായിരുന്ന മുത്തശ്ശന്‍ അപകടത്തില്‍ മരണപ്പെടുകയും ചെയ്‌തു. 2018-ലെ അപകടത്തിനുശേഷം ഗോകുലപ്രിയന്‌ കൃത്രിമ കൈകള്‍ വച്ചുപിടിപ്പിച്ചെങ്കിലും സാധാരണ ജീവിതം അപ്പോഴും ഒരു വിദൂര സ്വപ്‌നം മാത്രമായിരുന്നു.
കൊച്ചി അമൃത ആശുപത്രിയില്‍ എത്തിയ ഗോകുലപ്രിയന്‌ വീണ്ടും കാത്തിരിപ്പിന്റെ നാളുകള്‍. ചികിത്സ അമൃതയില്‍ ആരംഭിച്ചതോടെ യാത്ര സൗകര്യം എളുപ്പമാക്കാന്‍ ഹരിപ്പാടുള്ള മുത്തശ്ശിയുടെ വീട്ടിലേക്ക്‌ താമസം മാറി. ഇതിനിടെയാണ്‌ അനീഷിന്റെ കൈകള്‍ മൃതസഞ്‌ജീവനി പദ്ധതിയില്‍ രജിസ്‌റ്റര്‍ ചെയ്‌ത ഗോകുലപ്രിയന്‌ ലഭിക്കുന്നത്‌. ഒകേ്‌ടാബര്‍ 22 ന്‌ ഡോ. സുബ്രഹ്‌മണ്യ അയ്യരുടെ നേതൃത്വത്തിലുള്ള ഡോക്‌ടര്‍മാരുടെ സംഘം മണിക്കൂറുകള്‍ നീണ്ട ശസ്‌ത്രക്രിയയ്‌ക്ക് ഒടുവില്‍ കൈകള്‍ ഗോകുലപ്രിയന്റെ ശരീരത്തില്‍ തുന്നിച്ചേര്‍ത്തു. ശസ്‌ത്രക്രിയയ്‌ക്കും അതിനു ശേഷമുള്ള ചികിത്സക്കും വിവിധ വിഭാഗങ്ങള്‍ ഒറ്റമനസോടെ പ്രവര്‍ത്തിച്ചു.
കൊച്ചി അമൃത ആശുപത്രിയിലെ പ്ലാസ്‌റ്റിക്‌ റീകണ്‍സ്‌ട്രക്‌ടീവ്‌ വിഭാഗം മേധാവി ഡോ. സുബ്രഹ്‌മണ്യ അയ്യര്‍ ശസ്‌ത്രക്രിയയ്‌ക്ക് നേതൃത്വം നല്‍കി. 32 നാളുകള്‍ നീണ്ട ആശുപത്രി വാസത്തില്‍ ഡോക്‌ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും കുടുംബത്തിനൊപ്പം ഗോകുലപ്രിയന്റെ തിരിച്ചുവരവിന്‌ സാധ്യമായതെല്ലാം ഒരുക്കി നല്‍കി. ഇത്രയും ദിവസങ്ങള്‍ക്ക്‌ ശേഷം ആശുപത്രി വിടുന്ന ഗോകുലപ്രിയന്‌ കൊച്ചി അമൃത ആശുപത്രി അധികൃതര്‍ സന്തോഷ സൂചകമായി കേക്കുമുറിച്ച്‌ യാത്രയപ്പ്‌ നല്‍കി. കൈകള്‍ ലഭിച്ചതോടെ തനിക്ക്‌ പഴയ ജീവിതം തിരിച്ചു കിട്ടുമെന്ന്‌ പ്രതീക്ഷയുണ്ടെന്ന്‌ ഗോകുലപ്രിയന്‍ പറഞ്ഞു. ഗോകുലപ്രിയന്‌ നല്‍കിയ യാത്രയയപ്പ്‌ ചടങ്ങില്‍ പങ്കെടുക്കാന്‍ അഛനും മുത്തശ്ശിയും കൊച്ചി അമൃത ആശുപത്രിയില്‍ എത്തിയിരുന്നു.

Ads by Google
Advertisement
Tuesday 16 Dec 2025 08.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW