-->
വൈക്കം: അന്യംനിന്നു പോകുന്ന തൊഴില്‍ മേഖല എന്നുപറയാവുന്ന കളിമണ്‍ പാത്രങ്ങളുടെ നിര്‍മാണ രീതികള്‍ പഴയ തലമുറയില്‍ നിന്നു നേരിട്ട് മനസ്സിലാക്കാന്‍ വേണ്ടി മറവന്തുരുത്ത് ഗവ. യു.പി സ്‌കൂളിലെ കുട്ടികള്‍ വടയാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അമല്‍ പോട്ടറിങ് എന്ന സ്‌ഥാപനത്തില്‍ എത്തി.
കളിമണ്ണ് തെരഞ്ഞെടുക്കുന്ന രീതികളും മിശ്രിതമാക്കുന്നതും ഒടുവില്‍ അതുകൊണ്ട് വിവിധ വസ്‌തുക്കള്‍ നിര്‍മിക്കുന്നതും കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാനും കാണിച്ചു കൊടുക്കാനും തൊഴിലാളികളായ രാജനും രാമസ്വാമിയും നിറഞ്ഞ സ്‌നേഹത്തോടെ മുന്നോട്ടുവന്നു.
അവരുടെ സഹായത്തോടെ കുഞ്ഞിക്കൈകള്‍ കൊണ്ട് കളിമണ്‍ ശില്‍പങ്ങള്‍ നിര്‍മിച്ചപ്പോള്‍ അത്ഭുതവും ആഹ്ലാദവും കൊണ്ട് കുട്ടികള്‍ ആര്‍പ്പുവിളിച്ചു.
തൊഴിലാളികള്‍ക്ക് പുതു വസ്‌ത്രങ്ങള്‍ നല്‍കിയും പൊന്നാട അണിയിച്ച് ആദരിച്ചുമാണ് കുട്ടികള്‍ മടങ്ങിയത്. പ്രധാന അധ്യാപകന്‍ സി.പി പ്രമോദ്, പി.ടി.എ പ്രസിഡന്റ് പി.ആര്‍ പ്രമോദ്, വൈസ് ചെയര്‍മാന്‍ വി.പി ജയകുമാര്‍, എസ്.എം.സി ചെയര്‍മാന്‍ ആര്‍.ഗിരിമോന്‍, അധ്യാപകരായ ബോബി ജോസ്, വി.ഐശ്വര്യ, എം.പി.ടി.എ പ്രസിഡന്റ് സൗദ നവാസ്, രത്‌നമ്മ, വിജയന്‍ എന്നിവരും കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നു.