Wednesday, March 11, 2026 Last Updated 15 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 08.30 AM

സ്വതന്ത്രരെ പാട്ടിലാക്കാന്‍ വാഗ്‌ദാനങ്ങളുമായി എല്‍.ഡി.എഫും യു.ഡി.എഫും

പാലാ: നഗരസഭയില്‍ എല്‍.ഡി.എഫിനേയോ യു.ഡി.എഫിനേയോ പിന്തുണയ്‌ക്കുന്ന കാര്യത്തില്‍ ഇതേ വരെ തീരുമാനമെടുത്തിട്ടില്ലന്നും വാര്‍ഡിലെ ജനങ്ങളുടെ അഭിപ്രായമാരാഞ്ഞശേഷം മാത്രമാവും തങ്ങള്‍ തീരുമാനമെടുക്കുകയെന്നും സ്വന്ത്രകൂട്ടായ്‌മയെ നയിക്കുന്ന അഡ്വ.ബിനുപുളിക്കകണ്ടം പറഞ്ഞു.ഇരുമുന്നണികളിലേയും സംസ്‌ഥാന-ജില്ലാ നേതാക്കള്‍ ബന്ധപ്പെട്ടിരുന്നുവെന്നും വിശദമായ ചര്‍ച്ചകള്‍ക്ക്‌ തയ്യാറാവണമെന്ന്‌ ആവശ്യപ്പെട്ടതായും ബിനു പറഞ്ഞു.
മകള്‍ ദിയയ്‌ക്ക് 5 വര്‍ഷം ചെയര്‍പേഴ്‌സണ്‍ സ്‌ഥാനവും ബിനുവിനും ബിജുവിനും വൈസ്‌ ചെയര്‍മാന്‍ സ്‌ഥാനവും നല്‍കണം എന്നതുള്‍പ്പടെയുള്ള ഡിമാന്റാണ്‌ സ്വതന്ത്രകൂട്ടായ്‌മ അംഗങ്ങള്‍ പ്രാഥമികമായി തന്നെ ഉന്നയിക്കുന്നത്‌.ഏത്‌ മുന്നണി ഇത്‌ സ്വീകരിക്കും എന്നതിനെ ആശ്രയിച്ചാവും നഗരഭരണ നേതൃത്വം നിലവില്‍ വരുക.സ്വതന്ത്രയായി വിജയിച്ച മായാ രാഹുലിനെകൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നീക്കുപോക്കുകള്‍ക്കും സ്വതന്ത്രകൂട്ടായ്‌മ അംഗങ്ങള്‍ തടസം നില്‍ക്കാന്‍ ഇടയില്ല. ഇതേ സമയം മായാ രാഹുലിന്‌ 5 വര്‍ഷം ചെയര്‍പേഴ്‌സണ്‍ സ്‌ഥാനം കൊടുക്കാമെന്ന വാഗ്‌ദാനവുമായി ഒരു മുന്നണിക്കാര്‍ അവരെ സമീപിച്ചതായാണ്‌ സൂചന.മായയെ സ്വീകരിച്ചുകൊണ്ട്‌ യു.ഡി.എഫില്‍ നിന്ന്‌ വിജയിച്ച ഒരു കൗണ്‍സിലറെ ചെയര്‍പേഴ്‌സണ്‍ വോട്ടെടുപ്പില്‍ നിന്ന്‌ വിട്ടുനിര്‍ത്തിക്കൊണ്ടുള്ള തന്ത്രമാണ്‌ ഇവര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നറിയുന്നു. ഇതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടത്തികഴിഞ്ഞെങ്കിലും പൂര്‍ണമായും ഇത്‌ വിജയത്തിലെത്തണമെങ്കില്‍ ആ മുന്നണിയ്‌ക്ക് ഏറെ പണിപ്പെടേണ്ടിവരും. പുറത്താക്കിയ മായയെ ഏത്‌ വിധേനയും അകത്താക്കാനുള്ള ചരടുവലികള്‍കോണ്‍ഗ്രസ്‌ സംസ്‌ഥാന നേതൃത്വത്തില്‍ തന്നെ നടത്തുന്നുമുണ്ട്‌. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്‌തമായ ഒരു ഉത്തരം നല്‍കാന്‍ മായ തയ്യാറായിട്ടില്ല.വാര്‍ഡിലെ ഇടത്‌-വലത്‌ മുന്നണിയിലുള്ള പ്രവര്‍ത്തകരുടെ വോട്ട്‌ മായയ്‌ക്ക്്‌ ലഭിച്ചുവെന്നത്‌ വ്യക്‌തമാണ്‌.
സ്വതന്ത്രകൂട്ടായ്‌മ അംഗങ്ങള്‍ക്ക്‌ ഒരു പരിധിവരെ ചായ്‌വ് യു.ഡി.എഫിനോടാണ്‌. മാണി സി.കാപ്പന്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ നടത്തിയ നീക്കങ്ങളെ തുടര്‍ന്നാണ്‌ 13,14, 15 വാര്‍ഡുകളില്‍ യു.ഡി.എഫിന്‌ സ്‌ഥാനാര്‍ഥികള്‍ ഇല്ലാതെ വന്നതും സ്വതന്ത്രകൂട്ടായ്‌മയ്‌ക്ക് പിന്തുണ കൊടുത്തതും.ബദ്ധ വൈരികളായ കേരളാകോണ്‍ഗ്രസ്‌ എം ന്റെ കൗണ്‍സിലര്‍മാരുമായി ഒന്നിച്ചുള്ള നീക്കുപോക്ക്‌ സ്വതന്ത്രകൂട്ടായ്‌മയെ നയിക്കുന്ന ബിനുപുളിക്കകണ്ടത്തിന്‌ അത്ര എളുപ്പമാവില്ല.
ഒരു മന്ത്രി ഉള്‍പ്പടെ ഉയര്‍ന്ന സി.പി.എം നേതാക്കള്‍ ഇടപെട്ടതുകൊണ്ടുമാത്രമാണ്‌ ചര്‍ച്ചചെയ്യാമെന്ന അരസമ്മതം ബിനുവും കൂട്ടരും മൂളിയിട്ടുള്ളത്‌.ഈ വിഷയത്തില്‍ ജോസ്‌ കെ.മാണിയുമായി ചര്‍ച്ചനടത്തുന്നതിനോട്‌ സ്വതന്ത്രകൂട്ടായ്‌മാ കൗണ്‍സിലര്‍മാര്‍ക്ക്‌ യോജിപ്പുമില്ല.എന്തായാലും വരുന്ന ഒരാഴ്‌ച നിര്‍ണായകമാണ്‌.ക്രിസ്‌മസിന്‌ ശേഷമേ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ്‌ ഉണ്ടാവൂ.അതിന്‌ തൊട്ടുതലേന്ന്‌ മാത്രമേ ഇക്കാരത്തില്‍ വ്യക്‌തമായ തീരുമാനവുമുണ്ടാവൂ.

Ads by Google
Advertisement
Tuesday 16 Dec 2025 08.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW