-->
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടു കണക്കില്‍ ജില്ലയില്‍ ആറു നിയമസഭാ മണ്ഡലങ്ങളില്‍ ഭൂരിപക്ഷം നേടി യു.ഡി.എഫ്. മന്ത്രി വി.എന്‍.വാസവന്റെ ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടെ യു.ഡി.എഫിനാണ് മേല്‍ക്കൈ. പാലായിലും വൈക്കത്തും കാഞ്ഞിരപ്പള്ളിയിലും മാത്രമാണ് എല്‍.ഡി.എഫിന് ഭൂരിപക്ഷം. എല്‍.ഡി.എഫിന് ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമുള്ളതും ബി.ജെ.പിയ്‌ക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചതും കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലാണ്.
കടുത്തുരുത്തി (2480), ഏറ്റുമാനൂര്‍ (1331), കോട്ടയം (4426), പുതുപ്പള്ളി (12290), ചങ്ങനാശേരി (1190), പൂഞ്ഞാര്‍ (4321) മണ്ഡലങ്ങളിലാണ് യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചത്. എല്‍.ഡി.എഫിന് പാലാ (1518), വൈക്കം (2238), കാഞ്ഞിരപ്പള്ളി (6088) മണ്ഡലങ്ങളിലും. യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ച ഏറ്റുമാനൂര്‍, ചങ്ങനാശേരി, പൂഞ്ഞാ മണ്ഡലങ്ങളില്‍ നിലവില്‍ എല്‍.ഡി.എഫ്. എം.എല്‍.എമാരാണ്.എല്‍.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ച പാലായില്‍ യു.ഡി.എഫ്. എം.എല്‍.എയും.ബി.ജെ.പിയ്‌ക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് കാഞ്ഞിരപ്പള്ളിയിലാണ്- 26694 വോട്ട്, പൂഞ്ഞാറില്‍ 23160 വോട്ട് ഉണ്ട്. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ പ്രകടനമാണ് പൂഞ്ഞാറില്‍ ബി.ജെ.പി. വോട്ട് വര്‍ധിക്കാന്‍ കാരണം.
ഏറ്റുമാനൂരും പൂഞ്ഞാറും ചങ്ങനാശേരിയും ഭൂരിപക്ഷ കണക്കില്‍ പിന്നില്‍ പോയതില്‍ എല്‍.ഡി.എഫ്. അസ്വസ്‌ഥരാണ്. ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന അതിരമ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ തിരികെ പിടിച്ചുവെങ്കിലും കുമരകം ഡിവിഷന്‍ നഷ്‌ടമാകുക കൂടി ചെയ്‌തതോടെ അസ്വസ്‌ഥത വര്‍ധിപ്പിക്കുന്നു. ഇതിനൊപ്പമാണു നീണ്ടൂര്‍, അയ്‌മനം പഞ്ചായത്തുകള്‍ കൂടി നഷ്‌ടപ്പെട്ടതും തിരിച്ചടിയായി. സി.പി.എമ്മിനു സ്വാധീനമേറെയുണ്ടെന്നു കരുതുന്ന ആര്‍പ്പൂക്കരയില്‍ മുന്നണിയ്‌ക്ക് ഒറ്റ സീറ്റില്‍ ഒതുങ്ങേണ്ടിയും വന്നു. പാലായില്‍ കണക്കില്‍ മുന്നിലാണെങ്കിലും എണ്ണം കുറവാണെന്നത് കേരളാ കോണ്‍ഗ്രസ് - എമ്മിനെയും ആശങ്കയിലാക്കുന്നു. ഇതിനൊപ്പം ചങ്ങനാശേരി, പൂഞ്ഞാര്‍ മണ്ഡലങ്ങിലും ഭൂരിപക്ഷം കുറവാണെന്നതും പാര്‍ട്ടിയില്‍ ചര്‍ച്ചയായിട്ടുണ്ട്.
പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പിനു ചാണ്ടി ഉമ്മനു ലഭിച്ച ഭൂരിപക്ഷത്തിന്റെ പകുതി പോലും യു.ഡി.എഫിന് ഇപ്പോള്‍ ലഭിച്ചിട്ടില്ല. ശക്‌തമായ തരംഗമുണ്ടായിട്ടും ഏറ്റുമാനൂരിലും ചങ്ങനാശേരിയിലും നേരിയ മേല്‍ക്കൈ മാത്രമാണ് ലഭിച്ചതെന്നും പാലായില്‍ മുന്നില്‍ എത്താന്‍ കഴിയാത്തതും മുന്നണിയ്‌ക്കുള്ളില്‍ ചര്‍ച്ചയാകുന്നുണ്ട്. കാഞ്ഞിരപ്പള്ളിയില്‍ ഭൂരിപക്ഷം ഉയര്‍ന്നു നില്‍ക്കുന്നതും ബി.ജെ.പി. വോട്ട് മണ്ഡലത്തില്‍ വര്‍ധിക്കുന്നതും യു.ഡി.എഫ്. ശ്രദ്ധേയോടെ നിരീക്ഷിക്കുകയാണ്.