-->
മുട്ടം: മീനച്ചില്‍ കുടിവെള്ള പദ്ധതിക്കുവണ്ടി ജലജീവന്‍ മിഷന്‍ അധികൃതര്‍ കുത്തിപ്പൊളിച്ച തോട്ടുങ്കര-ചള്ളാവയല്‍-വള്ളിപ്പാറ റോഡ് ഉടന്‍ ടാര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തോട്ടുങ്കര വികസന സമിതിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. ഇന്നലെ രാവിലെ 11 മുതല്‍ തോട്ടുങ്കരയിലാണ് റോഡ് ഉപരോധിച്ചത്. രണ്ട് വര്‍ഷങ്ങള്‍ കഴിയാറായിട്ടും കുത്തിപ്പൊളിച്ച റോഡ് ടാര്‍ ചെയ്‌ത് നവീകരിക്കുന്നതിന് ജലജീവന്‍ മിഷന്‍ അധികൃതര്‍ യാതൊരു നടപടികളും സ്വീകരിച്ചില്ല എന്ന് തോട്ടുങ്കര വികസന സമിതി പറയുന്നു.
പദ്ധതിക്കുവണ്ടി നൂറുമീറ്റര്‍ വീതം ഘട്ടമായി മാത്രമെ റോഡ് കുത്തിപ്പോളിക്കൂയെന്നും ഈ ഭാഗം ടാര്‍ ചെയ്‌ത് നവീകരിച്ചതിന് ശേഷമാകും തുടര്‍ പ്രവര്‍ത്തികള്‍ നടത്തുകയുള്ളൂയെന്നുമാണ് ജലജീവന്‍ മിഷന്‍ അധികൃതര്‍ പഞ്ചായത്ത് അധികൃതര്‍ക്കും ജനങ്ങള്‍ക്കും ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍, ഉറപ്പുകളെല്ലാം അവഗണിക്കുന്ന നിലപാടാണ് അധികൃതര്‍ തുടര്‍ച്ചയായി സ്വീകരിച്ചത്. തൊടുപുഴ - പാലാ - ഈരാറ്റുപേട്ട - മൂലമറ്റം ഭാഗങ്ങളിലേക്ക് നിത്യവും ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന തോട്ടുങ്കര-ചള്ളാവയല്‍ - വള്ളിപ്പാറ റോഡ് കുത്തിപ്പൊളിച്ചതിനെ തുടര്‍ന്ന് വലിയ കുഴികള്‍ നിറഞ്ഞും വശങ്ങള്‍ ഇടിഞ്ഞ് താഴ്‌ന്നും റോഡ് പ്രദേശം ഏറെ അപകടാവ ്‌ഥയിലാണ്. വാഹനാപകടങ്ങളും ഇവിടെ പതിവാണ്. ഇരു ചക്ര വാഹന യാത്രികരാണ് ഏറ്റവും കൂടുതലായി അപകടത്തില്‍പ്പെടുന്നത്.
ഇവിടെ അപകടത്തില്‍പെട്ട നാല് വാഹന യാത്രികര്‍ ഗുരുതര പരുക്ക് സംഭവിച്ച് ചികിത്സയിലുമാണ്.കഴിഞ്ഞ ഞായറാഴ്‌ച്ച ഇരുചക്ര വാഹനം അപകടത്തില്‍പ്പെട്ട് യാത്രികന്റെ കാലിന് ഗു ുതര പരുക്ക് സംഭവിച്ചിരുന്നു. റോഡിന്റെ ശോച്യാവസ്‌ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒക്‌ടോബര്‍ 12ന് തോട്ടുങ്കര വികസന സമിതിയുടെ നേതൃത്വത്തില്‍ ജലജീവന്‍ മിഷന്‍ അധികൃതരുടെ വാഹനം റോഡില്‍ തടഞ്ഞു. തുടര്‍ന്ന് മുട്ടം സി.ഐയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ 27ന് റോഡ് ടാര്‍ ചെയ്യുമെന്ന് ജലജീവന്‍ മിഷന്‍ അധികൃതര്‍ സമ്മതിച്ചിരുന്നു.
എന്നാല്‍, 2 മാസങ്ങള്‍ കഴിയാറായിട്ടും പ്രശ്‌നം പരിഹരിക്കാന്‍ അധികൃതര്‍ തയാറാകാത്ത സാഹച്യത്തിലാണ് ഇന്നലെ റോഡ് ഉപരോധിച്ചത്. സ്‌ഥലത്ത് എത്തിയ മുട്ടം പോലീസുമായി നടത്തിയ ചര്‍ച്ചയില്‍ ശനിയാഴ്‌ച്ച റോഡ് ടാര്‍ ചെയ്യുമെന്നുള്ള ഉറപ്പിനെ തുടര്‍ന്ന് താത്‌കാലികമായി പ്രതിഷേധ ഉപരോധം അവസാനിപ്പിച്ചു. ശനിയാഴ്‌ച്ച ടാര്‍ ചെയ്‌തില്ലെങ്കില്‍ അന്ന് രാവിലെ 9 മുതല്‍ തോട്ടുങ്കരയില്‍ വീണ്ടും റോഡ് ഉപരോധിക്കുമെന്ന് വികസന സമിതി അംഗങ്ങള്‍ പറഞ്ഞു.