-->
കട്ടപ്പന: നഗരസഭയായതിനുശേഷം ഹാട്രിക് വിജയം നേടിയാണ് ഇത്തവണ കട്ടപ്പന നഗരസഭയില്‍ യു.ഡി.എഫ് ഭരണത്തിലെത്തുന്നത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടു പ്പ് പ്രഖ്യാപനത്തിനു പിന്നാലെ സീറ്റ് ചര്‍ച്ചയില്‍ തുടങ്ങിയ സസ്‌പെന്‍സുകള്‍ ഫല പ്രഖ്യാപനത്തോളം നീണ്ടു. 35 സീറ്റുകളില്‍ 20 സീറ്റുകള്‍ നേടിയാണ് ഇത്തവണ യു.ഡി.എഫ് അധികാരത്തിലെത്തുന്നത്.
മുന്‍ തവണത്തെക്കാള്‍ മുന്നണി സീറ്റില്‍ കുറവുണ്ടായെങ്കിലും വിജയത്തിന്റെ ശോഭ അണഞ്ഞിട്ടില്ല. അതേസമയം നഗരസഭാ ചെയര്‍മാന്‍ സ്‌ഥാനത്തിനായുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസിലും യു.ഡി.എഫിലും ചൂടേറുകയാണ്.
കട്ടപ്പനയിലെ തെരഞ്ഞെടുപ്പിലെ സൂത്രധാരന്‍ കൂടിയായ ജോയി വെട്ടിക്കുഴിയുടെ പേരാണ് ചെയര്‍മാന്‍ സ്‌ഥാനത്ത് ഉയര്‍ന്നു കേള്‍ക്കുന്നത്. കഴിഞ്ഞ തവണ മൂന്ന് പേര്‍ക്കായി ചെയര്‍പേഴ്‌സണ്‍ സ്‌ഥാനം വീതം വച്ചത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതെ തുടര്‍ന്ന് ഇത്തവണ വീതം വയ്‌പ്പില്ലാതെ ഒരാള്‍തന്നെ ചെയര്‍മാന്‍ സ്‌ഥാനത്ത് തുടരണമെന്നാണ് പൊതുവിലുള്ള ആവശ്യം.
എന്നാല്‍ കോണ്‍ഗ്രസ് ഗ്രൂപ്പിലെ സമവാക്യങ്ങളും മുന്നണി സമവാക്യങ്ങളും മുന്‍ നിര്‍ത്തി ചെയര്‍മാന്‍ സ്‌ഥാനത്തിനായി നീക്കങ്ങള്‍ തകൃതിയാണ്. ഐ ഗ്രൂപ്പിലെ നേതാവും ഇ.എം. ആഗസ്‌തിയുടെ വിശ്വസ്‌തനുമായ തോമസ് മൈക്കിളിന്റെ പേരും ചെയര്‍മാന്‍ സ്‌ഥാനത്തേക്ക് ഉയര്‍ന്നുവരുന്നുണ്ട്. ആഗസ്‌തി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട തോടെ വിശ്വസ്‌തനുവേണ്ടി ഐ ഗ്രൂപ്പില്‍ നീക്കം ശക്‌തമാക്കിയിട്ടുണ്ടെന്നും വിവരമുണ്ട്. നേരത്തെ ആഗസ്‌തി വിജയിച്ചാല്‍ ചെയര്‍മാന്‍ സ്‌ഥാനം വഹിക്കുന്നതി നായിരുന്നു കോണ്‍ഗ്രസിലെ ധാരണ. എന്നാല്‍ ആഗസ്‌തി പരാജയപ്പെട്ടതോടെ ഈ പദ്ധതി പാളി. ഇതോടെ തോമസ് മൈക്കിളിനെ ചെയര്‍മാനാക്കി ഐ ഗ്രൂപ്പിന്റെ പ്രാതിനിധ്യം ഉറപ്പിക്കാനാണ് നീക്കം സജീവമാകുന്നത്. ചെയര്‍മാന്‍ സ്‌ഥാനം വച്ചുമാറുന്നില്ലെങ്കില്‍ തോമസ് മൈക്കിളിന് അര്‍ഹമായ മറ്റൊരു സ്‌ഥാനം നല്‍കി തര്‍ക്കം പരിഹരിക്കാനും നീക്കം നടക്കും. ഇതിനിടെ കേരളാ കോണ്‍ഗ്രസ് അംഗത്തിനും അര്‍ഹിക്കുന്ന പരിഗണന വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഒരു സീറ്റിലാണ് കേരളാ കോണ്‍ഗ്രസ് അംഗം വിജയിച്ചിരിക്കുന്നത്.
അതേസമയം ഇത്തവണ പ്രതിപക്ഷം കരുത്താര്‍ജിച്ചതും ചെയര്‍മാന്‍ സ്‌ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ സജീവ വിഷയമാകുന്നുണ്ട്. കഴിഞ്ഞ തവണ ഒന്‍പത് സീറ്റുകള്‍ നേടിയ എല്‍.ഡി.എഫ് ഇത്തവണ 13 സീറ്റുകളാണ് കൈയടക്കിയിട്ടുള്ളത്. മുന്‍ സി.പി.എം. ഏരിയാ സെക്രട്ടറി വി.ആര്‍. സജിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷം ഇത്തവണ നഗരസഭയിലെത്തുക. കരുത്തരായ പ്രതിപക്ഷം ഇത്തവണ ഉണ്ടാകുമെന്നരിക്കെ നഗരസഭാ ചെയര്‍മാനും കരുത്തനാകണമെന്ന ആവശ്യവും കോണ്‍ഗ്രസിനുള്ളില്‍ ഉയരുന്നുണ്ട്.