-->
ഇടുക്കി: മാങ്ങാപ്പാറക്കുടി വനമേഖലയിലെ ആദിവാസി കോളനിയിലുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസത്തിന് വഴിയൊരുങ്ങി. മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പഴ്‌സണ്‍ ജസ്‌റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. അഞ്ച് കുട്ടികള്‍ക്കാണ് ഗതാഗതയോഗ്യമായ റോഡില്ലാത്തതിനാല്‍ വിദ്യാഭ്യാസം നല്‍കാന്‍ കഴിയാതിരുന്നത്. പത്രവാര്‍ത്തയുടെ അടിസ്‌ഥാനത്തില്‍ സ്വമേധയാ കേസെടുത്ത കമ്മിഷന്‍ ദേവികുളം തഹസില്‍ദാര്‍, അടിമാലി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, വിമണ്‍ ആന്റ് ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസര്‍ എന്നിവരെ സിറ്റിംഗില്‍ വിളിച്ചുവരുത്തി നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി.
ഒരു കുട്ടിയെ പയസ് ടെന്‍ത് യു. പി. സ്‌കൂളിലും രണ്ടുപേരെ മറയൂര്‍ എല്‍.പി. എസിലും ചേര്‍ത്തതായി ജില്ലാ കലക്‌ടര്‍ കമ്മിഷനെ അറിയിച്ചു. മൂന്ന് കുട്ടികള്‍ക്ക് 6 വയസ് തികയാ ത്തതിനാല്‍ അടുത്ത വര്‍ഷം പ്രീസ്‌കൂളില്‍ ചേര്‍ക്കുമെന്ന് ജില്ലാ കലക്‌ടര്‍ അറിയിച്ചു. സ്‌കൂളില്‍ ചേര്‍ന്ന കുട്ടികള്‍ക്ക് പ്രീമെട്രിക് ഹോസ്‌റ്റലില്‍ താമസസൗകര്യം ഏര്‍പ്പെടു ത്തി. വനത്തിലൂടെ മാങ്ങാപ്പാറ കുടിയിലേക്കുള്ള 10 കിലോമീറ്റര്‍ റോഡില്‍ വന്യമൃഗശല്യമുണ്ട്.
റോഡ് കോണ്‍ക്രീറ്റ് ചെയ്‌ത് ഗതാഗതയോഗ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കമ്മിഷന് ഉറപ്പുനല്‍കി. ഇതിനായി മൂന്ന് ഹെക്‌റ്റര്‍ വനഭൂമി പരിവര്‍ത്തനം ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ പരിവേഷ് പോര്‍ട്ടലില്‍ അനുമതിക്ക് അപേക്ഷിക്കാമെന്ന് വനംവകുപ്പ് അറിയിച്ചു.
അനുമതി ലഭിച്ചാല്‍ ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് വനംവകുപ്പിന് തടസമില്ലെന്ന് അറിയിച്ചു. ഇതിന് വേണ്ടി 4 കോടി കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും കമ്മീഷനെ അറിയിച്ചു. കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം തടസമില്ലാതെ ലഭിക്കുന്നുണ്ടോ എന്ന് ജില്ലാ കലക്‌ടര്‍ ഉറപ്പാക്കണമെന്ന് ജസ്‌റ്റിസ് അലക്‌സാണ്ടര്‍ തോമസ് നിര്‍ദ്ദേശിച്ചു.