Saturday, March 14, 2026 Last Updated 39 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 08.29 AM

അംഗങ്ങളുടെ സത്യപ്രതിജ്‌ഞ 21ന്‌ ഭരണത്തലവന്‍മാരെ കണ്ടെത്താന്‍ തിരക്കിട്ട ചര്‍ച്ചയുമായി യു.ഡി.എഫും എല്‍.ഡി.എഫും

തൊടുപുഴ: ഒരു മാസത്തെ വാശിയേറിയ പ്രചാരണങ്ങള്‍ക്ക്‌ ഒടുവില്‍ കഴിഞ്ഞ ദിവസം ഫലപ്രഖ്യാപനം വന്നതോടെ ഭരണത്തലവന്‍മാരെ കണ്ടെത്താന്‍ തിരക്കിട്ട ചര്‍ച്ചയുമായി മുന്നണി നേതൃത്വം. അംഗങ്ങളുടെ സത്യപ്രതിജ്‌ഞ 21 ന്‌ നടത്തുമെന്നാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ അറിയിച്ചിരിക്കുന്നത്‌. അതിനാല്‍ അതിന്‌ മുന്‍പുതന്നെ സാരഥികളെ നിശ്‌ചയിക്കാനുള്ള തത്രപ്പാടിലാണ്‌ യു.ഡി.എഫും എല്‍.ഡി.എഫും. ഇടുക്കി ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 17 സീറ്റുകളില്‍ 14 സീറ്റിലും യു.ഡി.എഫാണ്‌ ജയിച്ചത്‌.
കഴിഞ്ഞ തവണ പത്തിടത്ത്‌ ജയിച്ച എല്‍.ഡി.എഫിന്‌ ഇത്തവണ മൂന്നു സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. ഇതോടെ ജില്ലാ പഞ്ചായത്ത്‌ ഭരണം യു.ഡി.എഫ്‌ തിരിച്ചുപിടിച്ചു. ജില്ലാ പഞ്ചായത്തില്‍ ഇത്തവണ അധ്യക്ഷ സ്‌ഥാനം വനിത സംവരണമാണ്‌. കോണ്‍ഗ്രസിന്‌ അധ്യക്ഷ സ്‌ഥാനം ലഭിച്ചാല്‍ പ്രഥമ പരിഗണന വാഗമണ്‍ ഡിവിഷനില്‍ നിന്നും വിജയിച്ച മഹിള കോണ്‍ഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ മിനി സാബുവിനാണ്‌.
പാമ്പാടുംപാറ ഡിവിഷനില്‍ നിന്നും വിജയിച്ച ജില്ലാ വൈസ്‌ പ്രസിഡന്റ്‌ മിനി പ്രിന്‍സിനും സാധ്യതയുണ്ട്‌. കേരള കോണ്‍ഗ്രസിന്റെ നാലു വനിത സ്‌ഥാനാര്‍ഥികളാണ്‌ ജയിച്ചത്‌. അധ്യക്ഷ പദവിയിലേയ്‌ക്ക് പരിഗണിക്കപ്പെടുന്നതില്‍ മുന്നിലുള്ളത്‌ കരിങ്കുന്നം വാര്‍ഡില്‍ നിന്നും വിജയിച്ച ഷീലാ സ്‌റ്റീഫനാണ്‌. മുന്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൂടി യാണ്‌ ഷീലാ സ്‌റ്റീഫന്‍. രണ്ടു നഗരസഭകളിലും യു.ഡി.എഫിനാണ്‌ ഭരണം. തൊടുപുഴ നഗരസഭയില്‍ യു.ഡി.എഫ്‌ വന്‍ മുന്നേറ്റമാണ്‌ നടത്തിയത്‌. 21 സീറ്റാണ്‌ ഇവിടെ ലഭിച്ചത്‌. ചെയര്‍പേഴ്‌സണ്‍ വനിതാ സംവരണമായ ഇവിടെ യു.ഡി.എഫില്‍ കോണ്‍ഗ്രസിന്‌ മൂന്നു വര്‍ഷവും മുസ്ലിം ലീഗിന്‌ രണ്ടു വര്‍ഷവും ചെയര്‍പേഴ്‌സണ്‍ പദവി ലഭിക്കുമെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌.
വൈസ്‌ ചെയര്‍മാന്‍ പദവിയില്‍ ഇക്കുറി മൂന്നു ടേം വീതം വയ്‌ക്കാനും സാധ്യതയുണ്ട്‌. മുസ്ലിം ലീഗ്‌, കോണ്‍ഗ്രസ്‌, കേരളാ കോണ്‍ഗ്രസ്‌ എന്നിങ്ങനെയായിരുക്കും വീതം വയ്‌പ്. പത്ത്‌ സീറ്റ്‌ നേടിയ കോണ്‍ഗ്രസിന്‌ ആദ്യ ടേമില്‍ ചെയര്‍മാന്‍ പദവി വേണമെന്ന്‌ ആവശ്യം ഉയര്‍ന്നിട്ടുണ്ട്‌. പകരം ആ ടേമില്‍ മുസ്ലിം ലീഗിന്‌ വൈസ്‌ ചെയര്‍മാന്‍ പദവിയും കേരളാ കോണ്‍ഗ്രസിന്‌ സ്‌റ്റാന്റിങ്‌ കമ്മിറ്റികളിലെ പ്രഥമ സ്‌ഥാനവും കൊടുക്കണമെന്നുമാണ്‌ അവകാശ വാദം ഉയര്‍ന്നിട്ടുള്ളത്‌. കഴിഞ്ഞ തവണ ചെയര്‍മാന്‍ പദവി നഷ്‌ടപ്പെട്ട തങ്ങള്‍ക്ക്‌ ഇത്തവണ ആദ്യം ടേം ലഭിക്കണമെന്നാണ്‌ ലീഗിന്റെ ആവശ്യം.
കട്ടപ്പന നഗരസഭയില്‍ 20 സീറ്റാണ്‌ യു.ഡി.എഫ്‌ നേടിയത്‌. ഇവിടെ കോണ്‍ഗ്രസിനാണ്‌ ചെയര്‍മാന്‍ പദവി ലഭിക്കുക. ആരാകും ഈ സ്‌ഥാനത്തേയ്‌ക്ക് വരികയെന്നതാണ്‌ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ച.
എട്ടു ബ്ലോക്ക്‌ പഞ്ചായത്തുകളില്‍ ഏഴും യു.ഡി.എഫാണ്‌ നേടിയത്‌. അടിമാലി, അഴുത, ഇളംദേശം, ഇടുക്കി, കട്ടപ്പന, നെടുങ്കണ്ടം, തൊടുപുഴ ബ്ലോക്കുകളിലാണ്‌ യു.ഡി.എഫ്‌ വിജയിച്ചത്‌. ദേവികുളം ബ്ലോക്ക്‌ മാത്രമാണ്‌ എല്‍.ഡി.എഫിന്‌ നേടാനായത്‌. ഇവിടെയും പ്രസിഡന്റ്‌-വൈസ്‌ പ്രസിഡന്റ്‌ സ്‌ഥാനങ്ങള്‍ ആര്‍ക്കാകുമെന്ന ചര്‍ച്ച മുന്നണികളില്‍ തകൃതിയായി നടക്കുന്നു.
ഗ്രാമപഞ്ചായത്തുകളിലും പ്രസിഡന്റ്‌-വൈസ്‌ പ്രസിഡന്റ്‌ സ്‌ഥാനങ്ങള്‍ സംബന്ധിച്ച്‌ ചര്‍ച്ച പുരോഗമിക്കുന്നു. 52 പഞ്ചായത്തുകളില്‍ 36 ഇടങ്ങളില്‍ യു.ഡി.എഫ്‌ ഭരണം ഉറപ്പിച്ചപ്പോള്‍ എല്‍.ഡി.എഫിന്‌ 11 പഞ്ചായത്തുകളില്‍ ഭരണം ലഭിച്ചിട്ടുണ്ട്‌. . അഞ്ചിടത്ത്‌ ആര്‍ക്കും ഭൂരിപക്ഷമില്ല. ഇവിടെ സ്വതന്ത്രരരെ കൂടെ കൂട്ടി ഭരണം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്‌ ഇരു മുന്നണികളും.
മണക്കാട്‌ പഞ്ചായത്തില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും അഞ്ചുസീറ്റുകള്‍ വീതം ലഭിച്ചപ്പോള്‍ രണ്ടിടത്ത്‌ ട്വന്റി ട്വന്റിയും രണ്ടിടത്ത്‌ ബി.ജെ.പിയും വിജയിച്ചു. ഇവിടെ ട്വന്റി ട്വന്റിയുടെ നിലപാടാണ്‌ നിര്‍ണായകം. യു.ഡി.എഫ്‌ വിജയിച്ച തദേശ സ്‌ഥാപനങ്ങളില്‍ ജില്ലാ കോര്‍ കമ്മിറ്റി കൂടി തീരുമാനം ഉടനടി എടുക്കുമെന്ന്‌ നേതൃത്വം വ്യക്‌തമാക്കി.

Ads by Google
Advertisement
Tuesday 16 Dec 2025 08.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW