-->
മണ്ണഞ്ചേരി: ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത മണ്ണഞ്ചേരിയില്‍ ഭരണത്തിലേറാന്‍ നീക്കങ്ങളുമായി മുന്നണികള്‍ സജീവം. 24 വാര്‍ഡുകളുള്ള പഞ്ചായത്തിന്റെ ഭരണം ആര്‍ക്കെന്ന് എസ്.ഡി.പി.ഐ, സ്വതന്ത്ര അംഗങ്ങള്‍ ചേര്‍ന്ന് തീരുമാനിക്കും. കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരും സ്‌ഥാനാര്‍ഥി നിര്‍ണയത്തിലെ കല്ലുകടിയും തുടക്കത്തില്‍ പ്രതിസന്ധി സൃഷ്‌ടിച്ചെങ്കിലും പഞ്ചായത്തില്‍ വന്‍ നേട്ടം ഉണ്ടാക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞു.
2020ലെ തെരഞ്ഞെടുപ്പില്‍ കേവലം രണ്ട് അംഗങ്ങളിലായി ചുരുങ്ങിപ്പോയ യു.ഡി.എഫ് എട്ട് സീറ്റോടെയാണ് ഇത്തവണ വന്‍ തിരിച്ച് വരവ് നടത്തിയത്.
പരമ്പരാഗത സീറ്റുകള്‍ പോലും കൈവിട്ടുപോയ വാര്‍ഡുകള്‍ എല്‍.ഡി.എഫിന് തലവേദന സൃഷ്‌ടിക്കുമ്പോള്‍ എസ്.ഡി.പി.ഐ രണ്ട് സീറ്റില്‍ നിന്ന് മൂന്ന് സീറ്റായി നില മെച്ചപ്പെടുത്തി.
യു.ഡി.എഫിന്റെ കൈയിലായിരുന്ന ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ മണ്ണഞ്ചേരി ഡിവിഷനും വന്‍ ഭൂരിപക്ഷത്തോടെ എസ്.ഡി.പി.ഐ നേടി. മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റായിരുന്ന പി.എ. സബീനയെ മണ്ണഞ്ചേരി പഞ്ചായത്ത് നാലാം വാര്‍ഡില്‍ മൂന്നാം സ്‌ഥാനത്തേക്ക് പിന്തള്ളി മഹിള കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി സെല്‍മ അസീസ് കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിന് ശക്‌തമായ തിരിച്ചടി നല്‍കി. സല്‍മയ്‌ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥിക്കെതിരെ മല്‍സരിച്ചത്.
നേരത്തെ ബി.ജെപിക്കൊപ്പം നിന്നിരുന്ന രണ്ടാം വാര്‍ഡ് പക്ഷെ ഇത്തവണ ബി.ജെ.പിയെ കൈവിട്ട് എല്‍.ഡി.എഫിനൊപ്പം നിന്നതും ശ്രദ്ധേയമായി. പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി ഒരു വോട്ടിനാണ് വിജയിച്ചത്. കക്ഷി നില -എല്‍.ഡി.എഫ് - 12. യു ഡി എഫ് - 8, എസ്.ഡി.പി.ഐ 3 , സ്വതന്ത്ര 1.