-->
പുല്‍പ്പള്ളി: നെല്ല് സംഭരണത്തിലെ വ്യക്‌തതയില്ലായിമ്മ കര്‍ഷകരെ വലയ്‌ക്കുന്നു. സപ്ലൈകോയുടെ നെല്ല് സംഭരണത്തിന് വ്യക്‌തതയില്ലാത്തതിനാല്‍ വരവൂര്‍ മൂന്നുപാലം പാടത്ത് കര്‍ഷകര്‍ കിട്ടുന്ന വിലയ്‌ക്ക് നെല്ല് വില്‍ക്കാന്‍ നിര്‍ബന്ധിതരാകുകയാണ്. ദിവസങ്ങള്‍ക്കുമുന്‍പ് കൊയ്‌തുമെതി നടത്തിയ നെല്ല് ചാക്കില്‍ നിറച്ച് വീട്ടുമുറ്റത്തും പാടത്തെ കളങ്ങളിലും സൂക്ഷിച്ചിരിക്കുകയാണ്.
മഴപെയ്ുയന്നതിനാല്‍ നെല്ല് നശിക്കുമോയെന്ന ആശങ്കയും കര്‍ഷകരെ അലട്ടുന്നു. ഇക്കൊല്ലം ഉല്‍പാദനം പകുതിയായി കുറഞ്ഞെന്ന് കര്‍ഷകര്‍ പറയുന്നു. മഴ നീണ്ടുനിന്നതാണ് കാരണമായി പറയുന്നത്. പാടത്ത് വെള്ളക്കെട്ടായതിനാല്‍ ഭൂരിഭാഗം പേരുടെയും വൈക്കോല്‍ നഷ്‌ടമായി. കിലോയ്‌ക്ക് 30 രൂപ തോതില്‍ സപ്ലൈകോ നെല്ല് സംഭരിക്കുമെന്നാണ് അറിയിപ്പ്. എന്നാല്‍ സംഭരിക്കാന്‍ അനുമതിയായില്ല. കൊയ്‌തെടുത്ത നെല്ല് സൂക്ഷിക്കാന്‍ പ്രയാസമായതിനാല്‍ പലരും സ്വകാര്യ മില്ലുകാര്‍ക്ക് ഉല്‍പന്നം വില്‍ക്കുന്നു. സ്വകാര്യ ഏജന്‍സികള്‍ 26 രൂപയ്‌ക്കാണ് നെല്ല് വാങ്ങുന്നത്. പ്രതികൂല കാലാവസ്‌ഥയും സംഭരണവും നീണ്ടാല്‍ കൂടുതല്‍ പേര്‍ നെല്ല് വില്‍ക്കാനുള്ള തയാറെടുപ്പിലുമാണ്. കഴിഞ്ഞ പുഞ്ചക്കൃഷിയുടെ നെല്ല് വില്‍ക്കാനും കര്‍ഷകര്‍ പാടുപെട്ടു. ദിവസങ്ങളോളം സൂക്ഷിച്ച നെല്ല് മുളച്ചുതുടങ്ങിയപ്പോഴാണ് ഏജന്‍സി സംഭരിച്ചത്. ഉല്‍പന്നം വില്‍ക്കാന്‍ കഴിയാത്ത സാഹചര്യം പ്രതിഷേധത്തിനിടയാക്കിയിരുന്നു. കൃഷിമന്ത്രി ഇടപെട്ടാണ് നെല്ല് സംഭരണത്തിനു വഴിയൊരുക്കിയത്. കബനിക്കരയിലെ വരവൂര്‍ മൂന്നുപാലത്ത് 40 ഏക്കറില്‍ നെല്‍ക്കൃഷിയുണ്ട്.
ഇവിടെ നേരത്തെ കൃഷിയിറക്കുന്നതിനാല്‍ നേരത്തെ വിളയും. നെല്ല് വിളഞ്ഞപ്പോഴും മഴപെയ്‌തതിനാല്‍ പാടത്ത് ഇപ്പോഴും നനവാണ്. ചളിയടിഞ്ഞ ചിലരുടെ പാടത്ത് കൊയ്‌ത്തുയന്ത്രമിറക്കാനായിട്ടില്ല. മഴപെയ്‌താല്‍ ഈ നെല്ല് വീണു നശിക്കുമെന്ന ഭയവും കര്‍ഷകരെ അലട്ടുന്നു. നെല്ല് സംഭരണത്തിലെ കാലതാമസമൊഴിവാക്കണമെന്നും സംഭരണവില വേഗത്തില്‍ നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.