-->
തിരൂരങ്ങാടി: നന്നമ്പ്ര മണ്ഡലം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അനാസ്‌ഥയും ഏകോപനത്തിലെ പാളിച്ചയും കാരണം തദ്ദേശ തെരെഞ്ഞെടുപ്പ് ഫലത്തില്‍ നന്നമ്പ്ര പഞ്ചായത്തില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയില്‍ പ്രതിഷേധിച്ച് തിരൂരങ്ങാടി നിയോജകമണ്ഡലം ആര്യാടന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അബ്‌ദുസ്സലാം നീലങ്ങത്ത് തല്‍സ്‌ഥാനം രാജിവെച്ചു. യു.ഡി.എഫ്. സംവിധാനത്തില്‍ നന്നമ്പ്രയില്‍ മത്സരിക്കാന്‍ ലഭിച്ച എട്ട് വാര്‍ഡുകളില്‍ നാല് എണ്ണത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് സ്‌ഥാനാര്‍ത്ഥികള്‍ക്ക് വിജയിക്കാനായത്. അഞ്ച് വാര്‍ഡുകളില്‍ മുസ്ലിംലീഗില്‍ നിന്നുള്ള റിബലുകള്‍ മത്സരിച്ച നന്നമ്പ്രയില്‍ രണ്ടിടങ്ങളില്‍ റിബലുകള്‍ വിജയിച്ചപ്പോള്‍ അതിലൊന്ന് കുണ്ടൂര്‍ മേഖലയിലെ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ ഒന്‍പതാം വാര്‍ഡാണ്. സ്‌റ്റാറ്റസ്‌കോ പ്രകാരം കോണ്‍ഗ്രസിന് ലഭിക്കേണ്ട പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്‌ഥാനത്തേക്ക് ഇത്തവണ വനിതയാണെന്നിരിക്കെ കോണ്‍ഗ്രസില്‍ നിന്ന് മത്സരിച്ച മൂന്ന് വനിതാ സ്‌ഥാനാര്‍ത്ഥികളും പരാജയപ്പെടുകയും ചെയ്‌തു. കഴിഞ്ഞ തവണ മൂവായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസില്‍ നിന്നുള്ള അനിത വിജയിച്ച നന്നമ്പ്ര ഡിവിഷന്‍ ബ്ലോക്ക് സീറ്റില്‍ ഇത്തവണ മത്സരിച്ച മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പൂക്കയിള്‍ ഇരുനൂറോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
ചെറുമുക്കിലെ കോണ്‍ഗ്രസിന്റെ സിറ്റിംഗ് വാര്‍ഡില്‍ മുസ്ലിം ലീഗ് റിബല്‍ സ്‌ഥാനാര്‍ത്ഥിയുണ്ടായിട്ടും ചെറുമുക്ക് മേഖലയിലെ യു.ഡി.എഫ്. സംവിധാനത്തെ കാര്യക്ഷമമായി നയിക്കാന്‍ താനടക്കമുള്ള നേതൃത്വത്തിന് സാധിച്ചെന്നും അതിന്റെ ഫലമായി മേഖലയിലെ നാല് വാര്‍ഡുകളിലും യു.ഡി.എഫിന് മികച്ച വിജയം നേടാന്‍ സാധിച്ചുവെന്നും എന്നാല്‍ ഇത്തരത്തിലുള്ള ഒരു ഏകോപനവും പഞ്ചായത്ത് തലത്തില്‍ ഉണ്ടായില്ലെന്നും അബ്‌ദുല്‍ സലാം നീലങ്ങത്ത് ആരോപിച്ചു. മുന്നണി സംവിധാനത്തിലെ പാളിച്ചകള്‍ പരിഹരിക്കാന്‍ ശ്രമിക്കാതിരുന്ന മണ്ഡലം നേതൃത്വം പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് സ്‌ഥാനമൊഴിയണമെന്ന ആവശ്യം പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്‌തമായിട്ടുണ്ട്.