-->
ജില്ലയില്‍ എല്‍.ഡി.എഫിന് ലഭിച്ച ഏക നഗരസഭയായ പൊന്നാനിയില്‍ ആര് ഭരണത്തിന് നേതൃത്വം നല്‍കുമെന്നത് സംബന്ധിച്ച് സി.പി.എമ്മില്‍ ചര്‍ച്ചകള്‍ സജീവം. ഇക്കാര്യത്തില്‍ ധാരണയിലെത്താന്‍ ഇന്നോ നാളെയോ സി.പി.എം. മുനിസിപ്പല്‍ കമ്മിറ്റി ചേരും. തുടര്‍ന്ന് ഏരിയ കമ്മിറ്റിയായിരിക്കും അന്തിമ തീരുമാനമെടുക്കുക. സി.വി. സുധ, റീന പ്രകാശന്‍, ഷീന സുദേശന്‍ എന്നിവരാണ് നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്‌ഥാനത്തേക്ക് പരിഗണനയിലുള്ളത്.
തുടര്‍ച്ചയായി മൂന്നാം തവണയാണ് സി.വി. സുധ നഗരസഭ കൗണ്‍സിലറാകുന്നത്. പൊന്നാനി കുട്ടാട് വാര്‍ഡില്‍ നിന്നും 121 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുധ ഇത്തവണ ജയിച്ചത്. മൂന്ന് തവണ വിജയിക്കുകയും സ്‌ഥിരം സമിതി അധ്യക്ഷരാവുകയും ചെയ്‌തവരാണ് റീന പ്രകാശനും, ഷീന സുദേശനും. തുടര്‍ച്ചയായി നാലാം വട്ടമാണ് റീന പ്രകാശനും ഷീന സുദേശനും കൗണ്‍സിലില്‍ എത്തുന്നത്. വാര്‍ഡ് 28 പള്ളപ്രത്തു നിന്ന് ബി.ജെ.പിക്കെതിര 26 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് റീന പ്രകാശന്‍ ഇത്തവണ ജയിച്ചത്. 2015ലെ ഭരണസമിതിയില്‍ പൊതുമരാമത്ത് സ്‌ഥിരം സമിതി അധ്യക്ഷയായിരുന്നു. ഉറൂബ് നഗര്‍ വാര്‍ഡില്‍ നിന്നും 252 വോട്ടിന്റ ഭൂരിപക്ഷത്തിലാണ് ഷീന സുദേശന്‍ വിജയിച്ചത്. 2015, 2020 ഭരണ സമിതികളില്‍ സ്‌ഥിരം സമിതി അധ്യക്ഷയായിരുന്നു ഷീന.
മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി. ഷംസുദ്ദീന്‍, സി.പി. സക്കീര്‍ എന്നിവരെയാണ് വൈസ് ചെയര്‍മാന്‍ സ്‌ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇരുവരും ആദ്യമായാണ് കൗണ്‍സിലില്‍ എത്തുന്നത്. സി.പി.എം. ഏരിയ കമ്മിറ്റി അംഗങ്ങളായ എം.എ. ഹമീദ്, പി.വി. ലത്തീഫ്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ. ഇമ്പിച്ചിക്കോയ എന്നിവര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഷംസുദ്ദീന്റെയും സക്കീറിന്റെയും പേരുകള്‍ പരിഗണനയിലേക്ക് എത്തിയിരിക്കുന്നത്.
യു.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി ഇടതു കോട്ടയായ എട്ടാം വാര്‍ഡില്‍ നിന്നും ജയിച്ച ഡി.സി.സി. സെക്രട്ടറി ടി.കെ. അഷ്‌റഫും, നാലാം വാര്‍ഡില്‍ നിന്ന് വിജയിച്ച പൊന്നാനി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ. ജയപ്രകാശും സാധ്യത പട്ടികയിലുണ്ട്. യു.ഡി.എഫ്. ധാരണ പകരം രണ്ടര വര്‍ഷം വീതം കോണ്‍ഗ്രസിനും, മുസ്ലിംലീഗിനും പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ നല്‍കുകയാണെങ്കില്‍ മുസ്ലിം ലീഗിലെ യു. മുനീബിനും സാധ്യതയുണ്ട്. അടുത്ത ദിവസം ചേരുന്ന യു.ഡി.എഫ്. യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമാകും.
കെ.വി. നദീര്‍
പൊന്നാനി