-->
തലശേരി-മൈസൂര്‍ അന്തര്‍ സംസ്‌ഥാന പാതയിലെ മാക്കൂട്ടം ചുരം റോഡില്‍ പലയിടങ്ങളിലും ഫോണുകള്‍ക്ക് വേണ്ട റെയിഞ്ചുകള്‍ ലഭിക്കാത്തതു കാരണം രക്ഷാപ്രവര്‍ത്തനങ്ങള്‍ വൈകുന്നു. അപകടത്തില്‍ പെടുന്ന വാഹനങ്ങളിലെ യാത്രക്കാരെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെങ്കില്‍ ഫോണ്‍ റേഞ്ച് ഇല്ലാത്തത് പലപ്പോഴും രക്ഷാപ്രവര്‍ത്തനം വൈകുന്നു. മാക്കൂട്ടത്തോട് അടുത്തുള്ള പ്രധാന ടൗണുകളില്‍ ഒന്നായ ഇരിട്ടിയില്‍ നിന്ന് വേണം ആംബുലന്‍സുകളും ഫയര്‍ഫോഴ്‌സും എത്തിച്ചേരാന്‍. കൃത്യസമയത്ത് തന്നെ വിവരം അറിയിച്ചാലും ഇവിടങ്ങളില്‍ എത്തിച്ചേരാന്‍ അരമണിക്കൂറോളം ചുരുങ്ങിയ സമയം എടുക്കേണ്ടിവരും. എന്നാല്‍ ഫോണ്‍ റേഞ്ച് ഇല്ലാതെ സ്‌ഥലമാണെങ്കില്‍ വരുന്ന വാഹനക്കാരെ വിവരമറിയിച്ച് അവര്‍ റേഞ്ചുള്ള സ്‌ഥലത്ത് വെച്ച് ഫോണ്‍ ചെയ്‌താല്‍ മാത്രമേ അപകടസ്‌ഥലത്ത് ആംബുലന്‍സിനും ഫയര്‍ഫോഴ്‌സിനും എത്തിച്ചേരാന്‍ കഴിയുന്നത്.രാത്രികാലങ്ങളിലും പുലര്‍ച്ചയും അപകടം ഉണ്ടായാല്‍ ഏറെ പ്രയാസമാണ് ഉണ്ടാക്കുന്നത്. മാക്കൂട്ടം ചുരം മേഖലയില്‍ ഇതിനകം തന്നെ നിരവധി അപകടങ്ങള്‍ നടന്നിട്ടുണ്ട്. മാക്കൂട്ടം ചുരം പാതയില്‍ ഇന്നലെ ടൂറിസ്‌റ്റ് ബസ് കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ് എത്തി തീയണക്കാന്‍ ശ്രമിച്ചെങ്കിലും ബസ് പൂര്‍ണമായും കത്തി നശിച്ചു. ഇന്നലെ രാവിലെ ആറുമണിയോടെ മാക്കൂട്ടം ചുരം പാതയില്‍ ഹനുമാന്‍ ക്ഷേത്രത്തിനു സമീപമാണ് അപകടം. ആളപായമില്ല. വീരാജ് പേട്ടയില്‍ നിന്നു ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ബിഷാര ടൂറിസ്‌റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരുമായി ഗോണിക്കുപ്പയില്‍ പോയി അവരെ അവിടെ ഇറക്കിയതിനു ശേഷം തിരിച്ചു വരികയായിരുന്ന ബസില്‍ ഡ്രൈവറും ക്ലീനറും മാത്രമേ ഉണ്ടായിരുന്നുള്ളൂ.ചുരം ഇറങ്ങി വരുന്നതിനി ടയില്‍ വലിയ ശബ്‌ദം കേട്ട് ബസ് നിര്‍ത്തി ക്ലീനര്‍ നോക്കിയപ്പോഴാണ് ടയറിനടുത്ത് തീ കത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ആളിപ്പടര്‍ന്ന തീയണക്കാന്‍ ഇരിട്ടിയിലെ ഫയര്‍ ഫോഴ്‌സിനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ കവറേജ് കിട്ടാത്തതിനെ തുടര്‍ന്ന് ചുരത്തിനു താഴെയെത്തിയാണ് ഫയര്‍ ഫോഴ്‌സിനെ വിളിക്കാന്‍ സാധിച്ചത്.ഉടന്‍ ഇരിട്ടിയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് സ്‌ഥലത്തെത്തി തീയണച്ചു.വീരാജ് പേട്ടയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയിരുന്നു. ആഡംബര നിലയിലുള്ള ടൂറിസ്‌റ്റ് ബസ് പൂര്‍ണമായും കത്തി.
കെ പി. അനില്‍കുമാര്‍
മട്ടന്നൂര്‍