-->
ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് 8-8 സമനില. പ്രസിഡണ്ട് നറുക്കെടുപ്പിലൂടെ മൂന്ന് പതിറ്റാണ്ടിലേറെയായി ഇടതുപക്ഷ ജനാധിപത്യ മുന്നണി (എല്‍.ഡി.എഫ്) ചോദ്യം ചെയ്യപ്പെടാതെ ഭരിച്ചിരുന്ന ബാലുശേരി ബ്ലോക്ക് പഞ്ചായത്തില്‍ ഇത്തവണ ചരിത്രപരമായ സമനില. ആകെയുള്ള സീറ്റുകളില്‍ എല്‍.ഡി.എഫിനും ഐക്യജനാധിപത്യ മുന്നണി (യു.ഡി.എഫ്)ക്കും തുല്യമായി എട്ട് വീതം സീറ്റുകള്‍ ലഭിച്ചു.
ഇതോടെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിനെ നറുക്കെടുപ്പിലൂടെ കണ്ടെത്തേണ്ട അസാധാരണ സാഹചര്യമായി. ബ്ലോക്ക് പഞ്ചായത്ത് നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ എല്‍.ഡി.എഫിന് ഇത് കനത്ത തിരിച്ചടിയാകും. സംസ്‌ഥാനത്ത് തന്നെ ഇടതുപക്ഷത്തിന്റെ ഏറ്റവും ശക്‌തമായ കേന്ദ്രങ്ങളിലൊന്നായ നന്മണ്ട ഗ്രാമപഞ്ചായത്തിലും സമാനമായ പ്രതിസന്ധിയാണ്. അഞ്ച് പതിറ്റാണ്ടിലധികമായി എല്‍.ഡി.എഫ്. ഭരണം കയ്യാളിയ ഈ പഞ്ചായത്തില്‍ ഇത്തവണ എല്‍.ഡി.എഫിനും യു.ഡി.എഫിനും എട്ട് വീതം സീറ്റുകള്‍ ലഭിച്ചു.
ഭാരതീയ ജനതാപാര്‍ട്ടി (ബി.ജെ.പി) രണ്ട് സീറ്റുകള്‍ നേടി നിര്‍ണായക ശക്‌തിയായി. ഇവിടെയും പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നറുക്കെടുപ്പിലേക്ക് നീങ്ങുകയാണ്. നാലര പതിറ്റാണ്ടായി കൈവശം വെച്ചിരുന്ന ബാലുശേരി ഗ്രാമപഞ്ചായത്ത് ഇത്തവണ എല്‍.ഡി.എഫിന് നഷ്‌ടപ്പെട്ടതിന് പിന്നാലെയാണ് ബ്ലോക്ക് പഞ്ചായത്തിലും നന്മണ്ടയിലും എല്‍.ഡി.എഫ്. പ്രതിരോധത്തിലായിരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് ഭരണം കൂടി നഷ്‌ടപ്പെടുന്നത് ഇടതുപക്ഷത്തിന്റെ തട്ടകത്തില്‍ വലിയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു. നറുക്കെടുപ്പ് ഫലം കാത്തിരിക്കുകയാണ് മുന്നണികള്‍.
കരുണന്‍ വൈകുണ്‌ഠം
ബാലുശേരി