-->
പടിഞ്ഞാറത്തറ: പ്രകൃതി ഭംഗി കൊണ്ട് സന്ദര്‍ശകരുടെ ഇഷ്‌ട കേന്ദ്രമായി മാറിയ മഞ്ഞൂറയില്‍ എത്തുന്നവരെ കാത്തിരിക്കുന്നത് വന്‍ അപകട ഭീഷണി. മഞ്ഞൂറ പതിമൂന്നാം മൈല്‍ ബസ് കാത്തിരിപ്പു കേന്ദ്രമാണ് ഇപ്പോള്‍ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമാകുന്നത്. ഇവിടെ ഇരുന്നാല്‍ ബാണാസുര ഡാമിലെ നീണ്ടു കിടക്കുന്ന വെള്ളക്കെട്ടും മലയും അടങ്ങിയ പ്രകൃതി സൗന്ദര്യം ആസ്വദിക്കാം. ഏറെ ഭംഗിയുള്ള ഈ പ്രദേശത്ത് സെല്‍ഫി എടുക്കാനും ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ ഇരിക്കാനും ഒട്ടേറെ പേരാണ് എത്തുന്നത്. എന്നാല്‍ സുരക്ഷാ സംവിധാനം ഒരുക്കാത്തതാണ് അപകടത്തിന് ഇടയാക്കുന്നത്. ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ പിറകിലായി ഏറെ താഴ്‌ചയുള്ള ഭാഗമാണ്. ഇവിടെ സുരക്ഷാ വേലി ഇല്ലാത്തതിനാല്‍ കണ്ണൊന്നു തെറ്റിയാല്‍ ഏറെ താഴ്‌ചയിലേക്ക് പതിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ഒരു കുട്ടി അടക്കം മൂന്നു പേര്‍ക്ക് താഴ്‌ചയിലേക്ക് വീണ് പരുക്കേറ്റിട്ടുണ്ട്. ബസ് കാത്തിരിക്കാന്‍ എത്തുന്ന സ്‌ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ക്കും ഇത് വന്‍ ഭീഷണിയായി. ആളുകള്‍ കൂട്ടത്തോടെ എത്തുന്നത് പതിവായതോടെ അപകട സാധ്യതയും ഇരട്ടിയായി. ബസ് കാത്തിരിപ്പു കേന്ദ്രം സ്‌ഥിതി ചെയ്യുന്ന സ്‌ഥലം അടക്കം റോഡരികില്‍ സംരക്ഷണ വേലി സ്‌ഥാപിച്ചാല്‍ അപകട സാധ്യത ഇല്ലാതാക്കാം.