-->
കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി കല്‍പ്പറ്റ എല്‍സ്‌റ്റണ്‍ എസ്‌റ്റേറ്റില്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പില്‍ 95 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി. ഒന്നുമുതല്‍ നാലുവരെയുള്ള സോണുകളിലായാണ് 95 വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. അഞ്ചു സോണുകളിലും നിര്‍മാണപ്രവൃത്തി നിലവില്‍ പുരോഗമിക്കുകയാണ്.
രണ്ടുദിവസത്തിനകം നൂറാമത്തെ വീടിന്റെ വാര്‍പ്പ് പൂര്‍ത്തിയാക്കുകയാണ്209 വീടുകളുടെ പില്ലര്‍വാര്‍പ്പ് കഴിഞ്ഞു. 266 വീടുകളുടെ പ്ലിന്ത് ബീം നിര്‍മാണം കഴിഞ്ഞു. 37വീടിന്റെ ചുവരിന്റെ പണി നിലവില്‍ പുരോഗമിക്കുകയാണ്. വീടിന്റെ പണിയോടൊപ്പം റോഡിന്റെ പ്രവൃത്തി, കുടിവെള്ളസംഭരണി നിര്‍മാണം, മലിനജല ശുദ്ധീകരണ പ്ലാന്റ് എന്നിവയുടെ നിര്‍മാണവും നിലവില്‍ പുരോഗമിക്കുകയാണ്. ഭൂഗര്‍ഭ വൈദ്യുതശൃംഖല, ഡ്രെയ്‌നേജ് എന്നിവയുടെ പണിയും നടക്കുന്നുണ്ട്.
ടൗണ്‍ഷിപ്പിനുള്ളിലെ 11.72 കിലോമീറ്റര്‍ റോഡിന്റെ പ്രവൃത്തിയാണ് നടക്കുന്നത്. അഞ്ചു സോണുകളെയും ബന്ധിപ്പിച്ചുള്ള 12 മീറ്റര്‍ വീതിയുള്ള പ്രധാനപാതയും ഒന്‍പതുമീറ്റര്‍ വീതിയുള്ള രണ്ടുപാതകളും കല്ലിട്ട് നിരത്തിക്കഴിഞ്ഞു. ഓരോക്ല സ്‌റ്ററിലൂടെയും കടന്നുപോകുന്ന റോഡുകളുടെ പണിയും തുടങ്ങിയിട്ടുണ്ട്. ഷിഫ്‌റ്റ് അടിസ്‌ഥാനത്തില്‍ രാത്രിയും പകലും പണിനടക്കുന്നുണ്ട്.അഞ്ചു സോണുകളിലായിട്ട് 410 വീടുകളാണ് ടൗണ്‍ഷിപ്പില്‍ ഒരുങ്ങുന്നത്. 410 വീടുകളിലായി 1662ലധികം ആളുകള്‍ക്കാണ് ടൗണ്‍ഷിപ്പ് തണലാവുക. ഏപ്രില്‍ 16നാണ് ടൗണ്‍ഷിപ്പ് നിര്‍മാണം തുടങ്ങിയത്. ഏഴുസെന്റില്‍ 1000 ചതുരശ്രയടിയിലാണ് ടൗണ്‍ഷിപ്പിലെ വീടുകള്‍ ഒരുങ്ങുന്നത്.
രണ്ടു കിടപ്പുമുറികള്‍, അടുക്കള, ലിവിങ് റൂം, ഡൈനിങ് റൂം, സ്‌റ്റഡി ഏരിയ, വര്‍ക്ക് ഏരിയ എന്നിവസഹിതമാണ് വീട് നിര്‍മിക്കുന്നത്. രണ്ടു കിടപ്പുമുറികളില്‍ ഒന്നില്‍ അറ്റാച്ച്‌ഡ് ബാത്ത്‌റൂമും ഉണ്ടാവും. ഇതുകൂടാതെ ഒരു കോമണ്‍ ടോയ്‌ലറ്റും വീട്ടിലുണ്ടാവും. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കും വിധമാണ് വീടുകള്‍ രൂപകല്‌പനചെയ്‌തിരിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല.