-->
പത്തനംതിട്ട: ജില്ലയിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ യുഡിഎഫിന് വന്‍ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. അപ്രതീക്ഷിതമായ തിരിച്ചടിയില്‍ പകച്ചു പോയ അവസ്‌ഥയിലാണ് എല്‍ഡിഎഫ് ക്യാമ്പ്. ജില്ലാ പഞ്ചായത്തില്‍ 12 സീറ്റുകള്‍ യു ഡി എഫ് പിടിച്ചെടുത്തപ്പോള്‍ എല്‍ഡിഎഫ് അഞ്ചു സീറ്റുകളില്‍ ഒതുങ്ങി. ജില്ലയിലെ 53 ഗ്രാമ പഞ്ചായത്തുകളില്‍ 34 ലും യു ഡി എഫ് വ്യക്‌തമായ ഭൂരിപക്ഷം നേടിയപ്പോള്‍ എല്‍ഡിഎഫിന് 11 പഞ്ചായത്തുകളിലും എന്‍ഡിഎക്ക് നാലിടത്തും ഭൂരിപക്ഷം ലഭിച്ചു.
നാലിടത്ത് ആര്‍ക്കും വ്യക്‌തമായ ഭൂരിപക്ഷമില്ലാത്ത അവസ്‌ഥയാണുളളത്. എന്‍ഡിഎ മുന്നണിക്ക് പന്തളം നഗരസഭയും കുളനട, ചെറുകോല്‍ പഞ്ചായത്തുകളും നഷ്‌ടമായി. അയിരൂര്‍, ഓമല്ലൂര്‍, കുറ്റൂര്‍, പന്തളം തെക്കേക്കര പഞ്ചായത്തുകളില്‍ എന്‍ ഡിഎ വലിയ ഒറ്റക്കക്ഷിയാകുകയും മറ്റ് ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും നില മെച്ചപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്.
എല്‍ഡിഎഫ് ഭരിച്ചിരുന്ന പത്തനംതിട്ട, അടൂര്‍ നഗരസഭകള്‍ യുഡിഎഫ് പിടിച്ചെടുത്തു. തിരുവല്ല നിലനിര്‍ത്തി. പന്തളം എന്‍ഡിഎയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. പത്തനംതിട്ട നഗരസഭയില്‍ യു ഡി എഫിന് 17 ഉം എല്‍ ഡി എഫിന് 12 ഉം എന്‍.ഡി.എയ്‌ക്ക് ഒന്നും സീറ്റ് ലഭിച്ചു. എസ് ഡിപിഐ മൂന്ന് സിറ്റിങ് സീറ്റുകളിലും പരാജയപ്പെട്ടു.
തിരുവല്ല നഗരസഭയില്‍ യുഡിഎഫിന് 18 ഉം എല്‍ഡിഎഫിന് 11 ഉം എന്‍ഡിഎക്ക് ഏഴും സീറ്റുകള്‍ ലഭിച്ചു. പന്തളം നഗരസഭയില്‍ എല്‍ഡിഎഫിന് 14 സീറ്റുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫിന് 11 ഉം എന്‍ഡിഎയ്‌ക്ക് ഒമ്പതും സീറ്റുകള്‍ ലഭിച്ചു.
അടുര്‍ നഗരസഭയില്‍ യു ഡി എഫിന് 16 ഉം, എല്‍ഡിഎഫിന് എട്ടും എന്‍ഡിഎയ്‌ക്ക് നാലും സീറ്റുകളാണ് ലഭിച്ചത്. ശബരിമല ഉള്‍പ്പെടുന്ന പെരുനാട് പഞ്ചായത്തിലെ, ശബരിമല ഒമ്പതാം വാര്‍ഡില്‍ എല്‍ഡിഎഫ്, യുഡിഎഫ് സ്‌ഥാനാര്‍ത്ഥികള്‍ക്ക് 268 വോട്ടുകള്‍ വീതം ലഭിച്ചപ്പോള്‍ നറുക്കെടുപ്പിലുടെ എല്‍ഡിഎഫിലെ പി.എസ് ഉത്തമന്‍ വിജയിയായി. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്ന ഇവിടെ ബിജെപി സ്‌ഥാനാര്‍ത്ഥി രാജേഷിന് 232 വോട്ടുകള്‍ ലഭിച്ചു.
സിപിഐയില്‍ നിന്ന് രാജി വച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന ശ്രീനാദേവി കുഞ്ഞമ്മ ജില്ലാ പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷനില്‍ നിന്നും വിജയിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി അനീഷ് വരിക്കണ്ണാമല ജില്ലാ പഞ്ചായത്ത് കോഴഞ്ചേരി ഡിവിഷനില്‍ നിന്നും വിജയിച്ചു. മെഴുവേലി ഗ്രാമപഞ്ചായത്തില്‍ മത്സരിച്ച മുന്‍ ആറന്‍മുള എംഎല്‍എ കെ സി രാജഗോപാല്‍ വിജയിച്ചു.
ഡിസിസി വൈസ് പ്രസിഡന്റും മുന്‍ പത്തനംതിട്ട മുന്‍സിപ്പല്‍ ചെയര്‍മാനുമായിരുന്ന അഡ്വ.എ.സുരേഷ് കുമാറും ഭാര്യ മുന്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കൂടിയായ അഡ്വ. ഗീതാ സുരേഷ് എന്നിവര്‍ മുന്‍സിപ്പാലിറ്റിയിലെ 17,18 വാര്‍ഡുകളില്‍ വിജയികളായി.
ബിജെപി സംസ്‌ഥാന നേതാവും മുന്‍ കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന അശോകന്‍ കുളനട കുളനട ടൗണ്‍ വാര്‍ഡില്‍ പരാജയപ്പെട്ടു. അടുത്തിടെ മുകേഷ് എം.എല്‍.എയുടെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും പീഡനത്തിന്റെ തീവ്രത താരതമ്യപ്പെടുത്തി വിവാദത്തിലായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്‌ഥാന എക്‌സിക്യൂട്ടീവ് അംഗം ലസിതാ നായര്‍, ഡിസിസി ജനറല്‍ സെക്രട്ടറി എംഎസ് സിജു തുടങ്ങിയ പ്രമുഖര്‍ പരാജയപ്പെട്ടു.
റാന്നിയിലെ പഞ്ചായത്തുകളിലും എല്‍.ഡി.എഫിന് കാലിടറി
റാന്നി: സി.പി.എം. ജില്ലാ സെക്രട്ടറിയുടെ നാടായ റാന്നിയിലും എല്‍.ഡി.എഫിന് തകര്‍ച്ച. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്കൊപ്പം ഗ്രാമപഞ്ചായത്തുകളിലും എല്‍ഡിഎഫിന് വന്‍ തിരിച്ചടി. ടൗണിലുള്ള പഴവങ്ങാടി, അങ്ങാടി പഞ്ചായത്തുകളിലും താലൂക്കിലെ മറ്റു പഞ്ചായത്തുകളായ നാറാണംമൂഴി, വടശ്ശേരിക്കര, വെച്ചൂച്ചിറ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ദയനീയ പരാജയം ഏറ്റുവാങ്ങി. റാന്നിയിലും പെരുനാട്ടിലും സീതത്തോട്ടിലും മാത്രമാണ് നല്ല നിലയില്‍ പിടിച്ചുനില്‍ക്കാന്‍ ആയത്. ചെറുകോല്‍, ചിറ്റാര്‍ പഞ്ചായത്തിലും ഏഴ് സീറ്റും നേടാനായി. ഇവിടെ വ്യക്‌തമായ ഭൂരിപക്ഷം നേടാനായില്ല.
മികച്ച മുന്നേറ്റവുമായി എന്‍.ഡി.എ.
എന്‍.ഡി.എ. മുന്നണിക്ക് താലൂക്കില്‍ ശ്രദ്ധേയമായ മുന്നേറ്റം കാഴ്‌ചവയ്‌ക്കാനായി. പഴവങ്ങാടി ഒന്ന്, നാറാണംമൂഴി ഒന്ന്, റാന്നി ഒന്ന്, വടശേരിക്കര രണ്ട്, ഒന്ന് പെരുന്നാട് രണ്ട്, ചെറുകോല്‍ 4, അയിരൂര്‍ 6 സീറ്റുകള്‍ നേടാനായി. അയിരൂരില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയുമായി.
പഴവങ്ങാടി
പഴവങ്ങാടിയില്‍ ആകെയുള്ള 17 സീറ്റുകളില്‍ പത്തും നേടി യുഡിഎഫ് പഞ്ചായത്ത് ഭരണം നിലനിര്‍ത്തി. ഇവിടെ എല്‍ഡിഎഫിന് 6 സീറ്റുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. കരികുളം വാര്‍ഡ് സിപിഎമ്മില്‍ നിന്നും ബിജെപി പിടിച്ചെടുത്തു.
റാന്നി
റാന്നി പഞ്ചായത്ത് എല്‍ഡിഎഫ് നിലനിര്‍ത്തി. ആകെയുള്ള 14 സീറ്റുകളില്‍ പത്തെണ്ണം നേടിയാണ് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയത്. യുഡിഎഫിന് മൂന്നും ബിജെപിക്ക് ഒരു സീറ്റും മാത്രമേ ഇവിടെ നേടാനായുള്ളു.
അങ്ങാടി
അങ്ങാടി പഞ്ചായത്ത് എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. 9 സീറ്റുകളും ആയാണ് യുഡിഎഫ് ഇവിടെ ഭരണത്തില്‍ എത്തിയത്. സിപിഎമ്മിന്റെ നിലവിലുള്ള പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു റജി തോറ്റത് പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയായി.
നാറാണംമൂഴി
നാറാണംമൂഴി പഞ്ചായത്തില്‍ യുഡിഎഫിന് വന്‍ വിജയം ലഭിച്ചു. ഇവിടെ ആകെയുള്ള 14 സീറ്റുകളില്‍ പത്തെണ്ണം യുഡിഎഫ് നേടിയാണ് ഭരണം നിലനിര്‍ത്തിയത്. എല്‍ഡിഎഫിന് മൂന്ന് സീറ്റുകള്‍ മാത്രമാണ് നേടാന്‍ ആയത്. ബിജെപി ഒരു സീറ്റ് നേടി.
ചെറുകോല്‍
ചെറുകോല്‍ പഞ്ചായത്തില്‍ ഏഴ് സീറ്റുകളോടെ എല്‍.ഡി.എഫ്. മുസില്‍ എത്തിയെങ്കിലും ഭരണം ഉറപ്പിക്കാനായില്ല. എന്‍.ഡി.എ. 5 സീറ്റുകളും യുഡിഎഫ് രണ്ട് സീറ്റും ഇവിടെ നേടിയിട്ടുണ്ട്.
പെരുനാട്
എല്‍ഡിഎഫിന് പാര്‍ട്ടി കോട്ടയം പെരുനാട്ടില്‍ ഭരണം നിലനിര്‍ത്താനായി. ആകെയുള്ള 16 സീറ്റില്‍ പത്തെണ്ണം എല്‍ഡിഎഫ് നേടിയാണ് ഭരണം നിലനിര്‍ത്തിയത് യുഡിഎഫിനും എല്‍.ഡി.എഫിനും ഇവിടെ 3 സീറ്റുകള്‍ വീതം ലഭിച്ചു.
വടശേരിക്കര
വടശ്ശേരിക്കര പഞ്ചായത്തില്‍ യുഡിഎഫിന് വന്‍ വിജയം നേടാനായി. ഭരണം നിലനിര്‍ത്താനും കഴിഞ്ഞു. ആകെയുള്ള 16 സീറ്റുകളില്‍ യുഡിഎഫിന് 12 സീറ്റുകള്‍ നേടാനായി. എല്‍ഡിഎഫിനും എന്‍ഡിഎയ്‌ക്കും രണ്ട് സീറ്റുകള്‍ വീതം ഇവിടെ നേടാനായി.
വെച്ചൂച്ചിറ
വെച്ചൂച്ചിറ പഞ്ചായത്ത് 12 സീറ്റുകളോടെ യുഡിഎഫ് ഭരണം നിലനിര്‍ത്തി. എല്‍ഡിഎഫിന് ഇവിടെ മൂന്ന് സീറ്റുകള്‍ മാത്രമേ നേടാനായു ള്ളൂ. ഒരു സീറ്റ് എന്‍.ഡി.എക്ക് ലഭിച്ചു.
സീതത്തോട്
സീതത്തോട് 10 സീറ്റുകള്‍ നേടി എല്‍ഡിഎഫ് അധികാരത്തിലെത്തി. യുഡിഎഫിന് മൂന്ന് സീറ്റ് നേടാനെ കഴിഞ്ഞുള്ളു.
ചിറ്റാര്‍
ചിറ്റാറില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഏഴ് സീറ്റുകള്‍ വീതമാണുള്ളത്.