-->
ശബരിമല: തീര്‍ത്ഥാടകരുടെ ആരോഗ്യത്തില്‍ കരുതലുമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ സജീവം. തീര്‍ത്ഥാടകര്‍ക്ക് ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പുവരുത്തുന്നതിനായി ഭക്ഷണ മേഖലയുമായി ബന്ധപ്പെട്ട സ്‌ഥാപനങ്ങളില്‍, പമ്പയിലെയും സന്നിധാനത്തെയും പ്രത്യേക ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡുകള്‍ പരിശോധന നടത്തിവരുന്നുണ്ട്.
പമ്പയില്‍ 328, സന്നിധാനത്ത് 302 എന്നിങ്ങനെയാണ് ഇതുവരെ നടത്തിയ പരിശോധനകള്‍. പമ്പയില്‍ ന്യൂനതകള്‍ കണ്ടെത്തിയ സ്‌ഥാപനങ്ങള്‍ക്കെതിരെ 6 കോമ്പൗണ്ടിംഗ് നോട്ടീസുകളും 21 റെക്‌റ്റിഫിക്കേഷന്‍ നോട്ടിസുകളും നല്‍കിയിട്ടുണ്ട്. സന്നിധാനത്ത് 24 സ്‌ഥാപനങ്ങള്‍ക്ക് റെക്‌റ്റിഫിക്കേഷന്‍ നോട്ടീസ് നല്‍കി. ആറു പരാതികള്‍ പരിഹരിക്കുകയും നാല് സ്‌ഥാപനങ്ങളില്‍ നിന്നും കോമ്പൗണ്ടിങ് നടപടികള്‍ വഴി 30,000 രൂപ പിഴയിടാക്കുകയും ചെയ്‌തു. പമ്പയിലും സന്നിധാനത്തുള്ള ഭക്ഷ്യ സംരംഭകര്‍ക്കായി ഫുഡ് ഹാന്‍ഡിങ്ങുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചു. പ്രാഥമിക ഗുണനിലവാര പരിശോധനയ്‌ക്കായി പമ്പയില്‍ 69, സന്നിധാനത്ത് 62 എന്നിങ്ങനെ ഭക്ഷ്യ സാമ്പിളുകള്‍ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. എല്ലാ സ്‌ഥാപനങ്ങളിലും ഭക്ഷ്യസുരക്ഷാ ടോള്‍ഫ്രീ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വരുംദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്ന് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.