-->
കോഴിക്കോട്ടെ മേയര്‍ സ്‌ഥാനാര്‍ഥി ആര് ചര്‍ച്ച സജീവമാകുന്നു. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ സി.പി.ഐ.എം പ്രതിനിധിയാകും മേയറാകാന്‍ ഏറെ സാധ്യത. കോഴിക്കോട്ടെ മേയര്‍ പദവി ഇത്തവണ ജനറലും ഡെപ്യൂട്ടി മേയര്‍ പദവി വനിതാസംവരണവുമാണ്. അതിനാല്‍ പുരുഷ മേയര്‍ വരുകയാണെങ്കില്‍ സി.പി.ഐ.എമ്മില്‍ നിന്നും ബേപ്പൂര്‍ പോര്‍ട്ട് ഡിവിഷനില്‍ നിന്നും വിജയിച്ച കെ.രാജീവിനെ പരിഗണിച്ചേക്കും. എസ്.എഫ്.ഐ. കോഴിക്കോട് ജില്ലാ മുന്‍ പ്രസിഡന്റായ രാജീവ് സി.പി.ഐ.എം ഫറോക്ക് ഏരിയാകമ്മിറ്റി സെന്റര്‍ അംഗമാണ്. രണ്ടാം തവണ കോര്‍്‌പ്പറേഷന്‍ കൗണ്‍സിലറാകുന്നത്. മൂന്നാം തവണ കൗണ്‍സിലറാകുന്ന തടമ്പാട്ട്‌താഴത്ത് നിന്ന് വിജയിച്ച ഒ.സദാശിവന്‍, രണ്ടാം തവണയും കൗണ്‍സിലര്‍മാരാകുന്ന കൊല്ലാരത്ത് സുരേശന്‍, ടി.എസ്.ഷിംജിത്ത് എന്നിവരെയും പരിഗണിച്ചേക്കും.
വനിതയെയാണ് മേയറായി എല്‍.ഡി.എഫ് നിയോഗിക്കുന്നതെങ്കില്‍ ആദ്യ പരിഗണന ആരോഗ്യസ്‌റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണായിരുന്ന ഡോ. എസ്.ജയശ്രീക്ക് ലഭിച്ചേക്കും. മാത്തോട്ടത്ത് നിന്ന് വിജയിച്ച റിട്ട. ഡെപ്യൂട്ടി കലക്‌റ്റര്‍ ഇ.അനിതകുമാരിയെയും പരിഗണിക്കാം. ഡെപ്യൂട്ടി മേയര്‍ സ്‌ഥാനത്തേക്കും ഇവരില്‍ രണ്ട്‌് പേരില്‍ ആരെയെങ്കിലും ആകും ആദ്യ പരിഗണന. 35 സീറ്റുകള്‍ നേടി വലിയ കക്ഷിയായെങ്കിലും നിലവിലെ കോര്‍പറേഷന്‍ കൗണ്‍സിലില്‍ ഡെപ്യൂട്ടി മേയര്‍ കൂടിയായ എല്‍.ഡി.എഫിന്റെ മേയര്‍
സ്‌ഥാനാര്‍ഥി സി.പി.മുസാഫര്‍ അഹമ്മദ് മീഞ്ചന്ത ഡിവിഷനില്‍ പരാജയപ്പെട്ടതാണ് ഇവര്‍ക്ക് തിരിച്ചടിയായത്. 28 സീറ്റ് നേടിയ യു.ഡി.എഫും മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. സി.പി.മുസാഫറിനെ പരാജയപ്പെടുത്തിയ ഡി.സി.സി. സെക്രട്ടിയായ എസ്.കെ. അബൂബക്കര്‍, പ്രതിപക്ഷനേതാവ് കെ.സി. ശോഭിത എന്നിവരില്‍ ഒരാളാകും മേയര്‍ സ്‌ഥാനാര്‍ഥിയാകുക. ഡെപ്യൂട്ടി മേയര്‍ സ്‌ഥാനത്തേക്ക് മുസ്‌്ലിംലീഗിലെ ഫാത്തിമ തഹ്‌്്ലിയ്‌ക്ക് പ്രഥമ പരിഗണന ലഭി്‌ച്ചേക്കും.
മേയര്‍ സ്‌ഥാനാര്‍ഥിയായിരുന്ന കെ.പി.സി.സി. ജനറല്‍സെക്രട്ടറി പി.എം.നിയാസ് പാറോപ്പടിവാര്‍ഡില്‍ പരാജയപ്പെട്ടതോടെയാണ് യു.ഡി.എഫ് പുതിയ ആളെ കണ്ടെത്തേണ്ടി വരുന്നത്.
13 സീറ്റുകള്‍ നേടിയ എന്‍.ഡി.എയും മേയര്‍ സ്‌ഥാനാര്‍ഥിയെ നിര്‍ത്തിയേക്കും. മഹിളമോര്‍ച്ച സംസ്‌ഥാന പ്രസിഡന്റ് നവ്യഹരിദാസ്, മേയറുടെ പാറോപ്പടി വാര്‍ഡ് പിടിച്ചെടുത്ത ടി.റെനീഷ്, സീനിയര്‍ കൗണ്‍സിലര്‍ നമ്പിടി നാരായണന്‍ എന്നിവരെയാകും പരിഗണിക്കുക. ഡെപ്യൂട്ടി മേയര്‍ സ്‌ഥാനാര്‍ഥിയായി മഹിളമോര്‍ച്ച സംസ്‌ഥാന ജനറല്‍സെക്രട്ടറിയായ മാവൂര്‍ റോഡ് വാര്‍ഡില്‍ നിന്നും വിജയിച്ച ശ്രീ സി.നായരെയും പരിഗണിച്ചേക്കും.
വോട്ടര്‍പട്ടികയില്‍ പേര് ഇല്ലാത്ത ചലച്ചിത്ര സംവിധായകന്‍ വി.എം.വിനുവിനെ മേയര്‍ സ്‌ഥാനാര്‍ഥിയായി യു.ഡി.എഫ് പ്രഖ്യാപിച്ചത് മുതലാണ് കോഴിക്കോട്ടെ മേയര്‍ പദവി ചര്‍ച്ചയാകുന്നത്. പിന്നീട് എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും മേയര്‍ സ്‌ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ അതും വലിയ ചര്‍ച്ചയായി. ഇപ്പോള്‍ കോഴിക്കോട്ടെ യഥാര്‍ഥ മേയര്‍ക്ക് വേണ്ടിയുള്ള ചര്‍ച്ചയാണ് കോഴിക്കോട് സജീവമാകുന്നത്.
വിനോദ് താമരശേരി
കോഴിക്കോട്