-->
കോഴിക്കോട്: ദയാനന്ദ സരസ്വതിയും ശ്രീനാരായണഗുരുവും നവോത്ഥാനത്തിന്റെ മഹനീയ മാതൃകകളാണെന്ന് ശ്രീ നാരായണ ട്രസ്‌റ്റ് ഡയറക്‌ടര്‍ എ.പി മുരളീധരന്‍ അഭിപ്രായപ്പെട്ടു. കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ വേദക്ഷേത്രം ഹാളില്‍ സംഘടിപ്പിച്ച മഹര്‍ഷിയും മഹാഗുരുവും എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാമി ദയാനന്ദ സരസ്വതിയും ശ്രീനാരായണ ഗുരുവും വേദങ്ങളില്‍ ഊന്നിനിന്നുകൊണ്ട് സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും ജാതിവിവേചനങ്ങള്‍ക്കും എതിരെ പോരാടി.
ഇരുവരുടെയും രീതികള്‍ വ്യത്യസ്‌തമെങ്കിലും ലക്ഷ്യം സമാനമായിരുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദയാനന്ദന്റെ ശിഷ്യനും ദളിതോദ്ധാര സഭയുടെ സ്‌ഥാപകനുമായ സ്വാമി ശ്രദ്ധാനന്ദന്‍ വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുക്കുകയും ശിവഗിരിയില്‍ ശ്രീനാരായണഗുരുവുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തതിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ഉത്തര ഭാരതത്തില്‍ സ്വാമി ദയാനന്ദ സരസ്വതി തുടങ്ങിവെച്ച നവോത്ഥാന പ്രസ്‌ഥാനവും കേരളത്തില്‍ ശ്രീനാരായണഗുരു നേതൃത്വം നല്‍കിയ നവോത്ഥാന പ്രസ്‌ഥാനവും തമ്മിലുള്ള പാരസ്‌പര്യത്തെ സെമിനാറില്‍ പുനരവലോകനം ചെയ്‌തു. എസ്.എന്‍.ഡി.പി യോഗം കോഴിക്കോട് യൂണിയന്‍ സെക്രട്ടറി സി. സുധീഷ്, കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ വേദിക് ഇന്‍സ്‌ട്രക്‌ടര്‍ കെ.പി. അജിത്ത് വൈദിക് എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ഫൗണ്ടേഷന്‍ ട്രസ്‌റ്റി പി.ടി. വിപിന്‍ ആര്യ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹിരണ്യ മാസികയുടെ സബ് എഡിറ്റര്‍ മധു ഇളയത് സ്വാഗതവും വേദിക് ഇന്‍സ്‌ട്രക്‌ടര്‍ ഷില്‍പി താജി നമസ്‌കാരവും പറഞ്ഞു.