Saturday, March 14, 2026 Last Updated 15 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 05.12 AM

കരുത്ത്‌ തെളിയിച്ച്‌ വിമതര്‍

ആലപ്പുഴ: ജില്ലയില്‍ പലയിടത്തും നിര്‍ണായക ശക്‌തിയായി വിമതര്‍ കരുത്ത്‌ തെളിയിച്ചു. പലയിടത്തും അവര്‍ രണ്ടാമതെത്തി. മറ്റിടങ്ങളില്‍ ജയിച്ച മുന്നണിയുടെ ഭൂരിപക്ഷത്തെ സ്വാധീനിച്ചു. ഹരിപ്പാട്‌ നഗരസഭയില്‍ അഞ്ചു വിമതരാണു മത്സരിച്ചതെങ്കിലും ഫലത്തെ സ്വാധീനിക്കാനായത്‌ ഒരാള്‍ക്കു മാത്രം. തുലാംപറമ്പ്‌ തെക്ക്‌ വാര്‍ഡില്‍ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥി ആര്‍. രാജേഷ്‌ 63 വോട്ടുകള്‍ക്കു ജയിച്ചു.
280 വോട്ടുകളാണു രാജേഷ്‌ നേടിയത്‌. തൊട്ടുപിന്നില്‍ 217 വോട്ടുകളുമായി സി.പി.എം. സ്‌ഥാനാര്‍ഥിയാണ്‌. സി.പി.എം. വിമതനായ ജി. ഗണേഷ്‌ബാബു 99 വോട്ടു നേടി. വിമതനു ലഭിച്ച വോട്ടാണ്‌ സി.പി.എമ്മിന്റെ പരാജയത്തിനു കാരണം.
ആലപ്പുഴ നഗരസഭയില്‍ പുന്നമട, തുമ്പോളി, വാര്‍ഡുകളില്‍ കോണ്‍ഗ്രസ്‌ വിമതരും കളര്‍കോട്‌ ആര്‍.എസ്‌.പി.യും വിമതരായി. വലിയമരം വാര്‍ഡില്‍ ആര്‍.ജെ.ഡി.ക്കെതിരേ വിമതസ്‌ഥാനാര്‍ഥിയുണ്ടായിരുന്നു. ഈ വാര്‍ഡില്‍ 626 വോട്ട്‌ നേടി ആര്‍.ജെ.ഡി. സ്‌ഥാനാര്‍ഥി സജിന രണ്ടാമതെത്തി. എതിരേ മത്സരിച്ച സി.പി.എം. വിമത ഷാഹിദ ഉനൈസ്‌ 147 വോട്ടുനേടി. ഇവിടെ 875 വോട്ടുനേടിയാണ്‌ കോണ്‍ഗ്രസ്‌ ജയിച്ചത്‌.
തുമ്പോളിയില്‍ 636 വോട്ടുനേടി കോണ്‍ഗ്രസ്‌ വിമതന്‍ കെ.ജെ. നിഷാദ്‌ രണ്ടാമതെത്തി. വിജയിച്ച സി.പി.എം. സ്‌ഥാനാര്‍ഥിയുമായി 40 വോട്ടിന്റെ വ്യത്യാസമാണ്‌ വിമതന്‌ ഉണ്ടായിരിക്കുന്നത്‌. ഇവിടെ കോണ്‍ഗ്രസിന്‌ 405 വോട്ടുമാത്രമേ ലഭിച്ചുള്ളൂ. പുന്നമടയില്‍ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥി 541 വോട്ട്‌ നേടി രണ്ടാമതാണ്‌ എത്തിയത്‌. കോണ്‍ഗ്രസ്‌ വിമതന്‍ ജോര്‍ജിനു ലഭിച്ചത്‌ 325 വോട്ടുകളും. വോട്ട്‌ ചോര്‍ന്നതോടെ 717 വോട്ട്‌ നേടിയ ബി.ജെ.പി. സ്‌ഥാനാര്‍ഥി കോണ്‍ഗ്രസിനെ പിന്നിലാക്കി ഒന്നാമതെത്തി. കളര്‍കോട്‌ വാര്‍ഡില്‍ യു.ഡി.എഫ്‌. വിമതയായി മത്സരിച്ച ആര്‍.എസ്‌.പി.യുടെ രജനി മേമ്മനാട്‌ 143 വോട്ട്‌ നേടി. ഇതോടെ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിയുടെ വോട്ട്‌ 318 ആയി കുറഞ്ഞു. 541 വോട്ട്‌ നേടിയ ബി.ജെ.പി. സ്‌ഥാനാര്‍ഥിയാണ്‌ ജയിച്ചത്‌. ബുധനൂര്‍ പഞ്ചായത്ത്‌ എണ്ണയ്‌ക്കാട്‌ വാര്‍ഡില്‍ സി.പി.എം. വിമതനായ ആര്‍. സുരേന്ദ്രന്‍ സി.പി.എമ്മിനെ തോല്‍പ്പിച്ച്‌ ഒന്നാമതെത്തി.
36 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. സി.പി.എം. മുന്‍ ബ്രാഞ്ച്‌ സെക്രട്ടറിയായിരുന്നു. വെണ്മണി പഞ്ചായത്ത്‌ ചങ്ങമല വാര്‍ഡില്‍ സി.പി.എം. വിമതന്‍ എം.എസ്‌. സെന്‍സിലാല്‍ ജയിച്ചു. 427 വോട്ട്‌ നേടി. രണ്ടാമതെത്തിയ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിയെക്കാള്‍ 230 വോട്ടിന്റെ ഭൂരിപക്ഷം നേടി. സി.പി.എമ്മിന്‌ 177 വോട്ടു ലഭിച്ചു. പട്ടണക്കാട്‌ പഞ്ചായത്ത്‌ മേനാശേരി വാര്‍ഡില്‍ സി.പി.എം. വിമതന്‍ ഇ.കെ. കനകരാജ്‌ രണ്ടാമതെത്തി. വാര്‍ഡില്‍ 509 വോട്ട്‌ നേടി സി.പി.എം. സ്‌ഥാനാര്‍ഥിയാണ്‌ ജയിച്ചത്‌. മാരാരിക്കുളം തെക്ക്‌ ഗ്രാമപ്പഞ്ചായത്ത്‌ വളവനാട്‌ വാര്‍ഡില്‍ സി.പി.ഐ. വിമതന്‍ അഡ്വ. കെ.പി. അശോകന്‍ ജയിച്ചു. സി.പി.ഐ. സ്‌ഥാനാര്‍ഥിയെയാണ്‌ അശോകന്‍ തോല്‍പ്പിച്ചത്‌.
180 വോട്ടിന്റെ ഭൂരിപക്ഷം. വിമത നായി മത്സരിച്ചതോടെ സി.പി.ഐ. പുറത്താക്കിയിരുന്നു. ആര്യാട്‌ ഗ്രാമപ്പഞ്ചായത്ത്‌ അയ്യങ്കാളി വാര്‍ഡില്‍ സി.പി.എം. വിമത ഷീജാ പ്രദീപ്‌ മുന്നിലെത്തി. 432 വോട്ടു ലഭിച്ചു. 152 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ സി.പി.എം. സ്‌ഥാനാര്‍ഥിയെ ഷീജ പിന്നിലാക്കിയത്‌. സി.പി.എം. അയ്യങ്കാളി ബ്രാഞ്ച്‌ മുന്‍ സെക്രട്ടറിയായിരുന്നു.

Ads by Google
Advertisement
Monday 15 Dec 2025 05.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW