-->
കല്‍പ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ യു.ഡി.എഫിന് സമ്പൂര്‍ണ മേല്‍ക്കൈ. വയനാട് ജില്ലാ പഞ്ചായത്തില്‍ 17 ഡിവിഷനുകളില്‍ തിരുനെല്ലിയും മീനങ്ങാടിയും ഒഴികെയുള്ള ഡിവിഷനില്‍ യു.ഡി.എഫ് വിജയിച്ചു. കഴിഞ്ഞ തവണ ഒപ്പത്തിനൊപ്പമുണ്ടായി നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് ലഭിച്ച ജില്ലാ പഞ്ചായത്തില്‍ ഇത്തവണ 17 ല്‍ 15 സീറ്റും നേടിയാണ് യു.ഡി.എഫ് ജില്ലാ പഞ്ചായത്ത് പിടിച്ചത്. ജില്ലാ പഞ്ചായത്തില്‍ മത്സരിച്ച ആറ് സീറ്റിലും മുസ്ലിംലീഗ് വിജയിച്ചു.
11 ഡിവിഷനുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് ഒമ്പത് ഇടങ്ങളില്‍ വിജയിച്ചു. മൂന്ന് നഗരസഭകളില്‍ രണ്ടെണം യു.ഡി.എഫ് നേടി. കല്‍പ്പറ്റ നഗരസഭ ഒരു ഇടവേളയ്‌ക്ക് ശേഷം എല്‍.ഡി.എഫ് തിരിച്ചു പിടിച്ചപ്പോള്‍ മാനന്തവാടി നഗരസഭയും സുല്‍ത്താന്‍ ബത്തേരി നഗരസഭയും യു.ഡി.എഫിനൊപ്പം കോട്ടപോലെ ഉറച്ചു നിന്നു.
നഗരസഭയായതിനു ശേഷം രണ്ടു തവണ എല്‍.ഡി.എഫ് വിജയിച്ച സുല്‍ത്താന്‍ ബത്തേരി നഗരസഭ ഇത്തവണ യു.ഡി.എഫിനൊപ്പമാണ് നിന്നത്. ആകെ കല്‍പ്പറ്റ നഗരസഭ മാത്രമാണ് എല്‍.ഡി.എഫിനെ തുണച്ചത്. നാല് ബ്ലോക്ക് പഞ്ചായത്തില്‍ നാലിലും യു.ഡി.എഫ് സമ്പൂര്‍ണ ആധിപത്യം നേടി വിജയിച്ചു.
ബ്ലോക്ക് പഞ്ചായത്തുകളില്‍ കല്‍പ്പറ്റയും പനമരവും നിലനിര്‍ത്തിയ യു.ഡി.എഫ് ബത്തേരിയും മാനന്തവാടിയും തിരിച്ചുപിടിക്കുകയായിരുന്നു. 23 പഞ്ചായത്തുകളില്‍ 16 എണ്ണത്തിലും യു.ഡി.എഫ് മേല്‍ക്കൈ നേടി. അമ്പലവയല്‍, എടവക, കണിയാമ്പറ്റ, കോട്ടത്തറ, മേപ്പാടി, മുള്ളന്‍കൊല്ലി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ, പനമരം, പൊഴുതന, തരിയോട്, തവിഞ്ഞാല്‍, തൊണ്ടര്‍നാട്, വെള്ളമുണ്ട, വെങ്ങപ്പള്ളി, വൈത്തിരി പഞ്ചായത്തുകളാണ് മുന്നണി സ്വന്തമാക്കിയത്.
മീനങ്ങാടി, മൂപ്പൈനാട്, മുട്ടില്‍, തിരുനെല്ലി, പുല്‍പ്പള്ളി എന്നിങ്ങനെ അഞ്ച് പഞ്ചായത്തുകളാണ് എല്‍.ഡി.എഫിന് ലഭിച്ചത്. നെന്‍മേനി, പൂതാടി പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ഭൂരിപക്ഷമില്ല. വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, തൊണ്ടര്‍നാട്, അമ്പലവയല്‍ പഞ്ചായത്തുകളില്‍ ഭരണനഷ്‌ടമാണ് എല്‍.ഡി.എഫിനുണ്ടായത്. ഇടതുകോട്ടകളില്‍ യു.ഡി.എഫ് കടന്നുകയറി. പുല്‍പ്പള്ളിയും മൂപ്പൈനാടും മീനങ്ങാടിയും യു.ഡി.എഫില്‍ നിന്നു ഇടതുമുന്നണി തിരിച്ചുപിടിച്ചു.
2020ലെ തെരഞ്ഞെടുപ്പില്‍ തിരുനെല്ലി പഞ്ചായത്തില്‍ മുഴുവന്‍ വാര്‍ഡുകളും തൂത്തുവാരിയ എല്‍.ഡി.എഫിന് ഇക്കുറി മൂന്ന് വാര്‍ഡുകള്‍ നഷ്‌ടമായി. ജില്ലയിലാകെ മിന്നുന്ന പ്രകടനം യു.ഡി.എഫ് കാഴ്‌ച വെച്ചെങ്കിലും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാറിന്റെയും ജില്ലയിലെ പ്രമുഖ നേതാവും മീനങ്ങാടി പഞ്ചായത്ത് മുന്‍ പ്രസിഡണ്ടിന്റ് കെ.ഇ. വിനയന്റെയും തോല്‍വി കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി. സംഷാദ് മരക്കാറിനെതിരെ മത്സരിച്ച വിമതന്‍ ബ്ലോക്ക് ഡിവഷനിലേക്ക് സംഷാദിനെ രണ്ടാം സ്‌ഥാനത്തേക്ക് പിന്‍തള്ളി വിജയിച്ചു. അതേസമയം, കനത്ത പരാജയത്തിലും വയനാട് ഉരുള്‍ ദുരന്തമുണ്ടായ ചൂരല്‍മല മുണ്ടക്കൈ മേഖലകളിലെ വിജയം എല്‍.ഡി.എഫിന് ആശ്വാസമായി.
ദുരന്തത്തോടെ മുണ്ടക്കൈ വാര്‍ഡ് ഇല്ലാതെ ആയിരുന്നു പകരം മുണ്ടക്കൈ വാര്‍ഡില്‍ ഉണ്ടായിരുന്നവരെ ചൂരല്‍മലയിലേക്ക് ചേര്‍ത്തിരുന്നു. ആ ചൂരല്‍മല വാര്‍ഡില്‍ മുന്‍പ് പുത്തുമല ദുരന്തം ഉണ്ടായപ്പോള്‍ മേപ്പാടി പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന എല്‍.ഡി.എഫ് സ്‌ഥാനാര്‍ഥിയായ സഹദ് ചൂരല്‍മലയില്‍ നിന്നും തെരഞ്ഞടുക്കപ്പെട്ടു. പുത്തുമല ദുരന്തത്തിന്റെ ഇരയായിരുന്ന ആശാവര്‍ക്കര്‍ കൂടിയായിരുന്ന എല്‍.ഡി.എഫ് സ്‌ഥാനാര്‍ഥി ഷൈജ അട്ടമലയില്‍ നിന്നും തെരഞ്ഞടുക്കപ്പെട്ടു.
മാനന്തവാടി നിലനിര്‍ത്തി
യു.ഡി.എഫ്
മാനന്തവാടി: നഗരസഭയായ ശേഷം രണ്ടാം തവണയും മാനന്തവാടി നിലനിര്‍ത്താനായത് യു.ഡി.എഫിന് വന്‍ നേട്ടമായി മാറി. കഴിഞ്ഞ ഭരണ സമിതിയില്‍ കോണ്‍ഗ്രസ്സിലും യു.ഡി.എഫിലും നിരവധി തര്‍ക്കങ്ങളുണ്ടായതിനെ തുടര്‍ന്ന് ശരിയാംവിധം ഭരണം നടത്താനവസരം നഷ്‌ടപ്പെടുത്തിയെന്ന ആക്ഷേപം നിലനില്‍ക്കെയാണ് രണ്ടാമതും ഭരണം നടത്താന്‍ യു.ഡി.എഫിന് വോട്ടര്‍മാര്‍ അവസരം നല്‍കുന്നത്.
ടൗണിലെ പൊതുശൗചാലയം ഉള്‍പ്പടെ നിരവധി പ്രശ്‌നങ്ങള്‍ക്ക് യാതൊരു പരിഹാരവും മുന്‍ഭരണ സമിതിക്ക് കണ്ടെത്താനായില്ലെന്നായിരുന്നു ആരോപണം. പ്രസിഡന്റ്, െവെസ് പ്രസിഡന്റ് പദവിയെ ചൊല്ലിയുള്ള തര്‍ക്കങ്ങളും മാസങ്ങളോളം പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു. ഇതെല്ലാം വോട്ടാക്കി ഭരണം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയില്‍ തെരഞ്ഞെടുപ്പിനെ അടുക്കും ചിട്ടയോടും നേരിട്ട എല്‍.ഡി.എഫിന് അടിപതറി. ആകെയുള്ള 37 ഡിവിഷനുകളില്‍ നിന്നും 22 വാര്‍ഡുകള്‍ വിജയിച്ചാണ് യു.ഡി.എഫ് ഭരണതുടര്‍ച്ച ഉറപ്പാക്കിയത്. 15 സീറ്റുകള്‍ എല്‍.ഡി.എഫ് നേടി. യു.ഡി.എഫിലെ കോണ്‍ഗ്രസ് 18 സീറ്റിലും മുസ്ലിം ലീഗ് നാല് സീറ്റിലുമാണ് വിജയിച്ചത്.
വമ്പന്‍മാരെ
തറപറ്റിച്ച്
യു.ഡി.എഫ്
വിജയം
ബത്തേരി: സിപിഎമ്മിലെ പ്രമുഖരായ മുന്‍ നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശിനെയും വൈസ് ചെയര്‍പേഴ്‌സണ്‍ സാലി പൗലോസിനെയും ചാറ്റിങ് കമ്മിറ്റിിച്ച വികസനകാര്യ സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റഷീദിനെയും തറപറ്റിച്ച് യുഡിഎഫ് ബത്തേരി നഗരസഭയുടെ ഭരണം കൈപ്പിടിയില്‍ ഒതുക്കി. വോട്ടെണ്ണല്‍ ആരംഭിച്ച ഉടന്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പം നിന്നെങ്കിലും എട്ടാം ഡിവിഷന്‍ കഴിഞ്ഞതോടെ യുഡിഎഫിന്റെ കുതിച്ചുചാട്ടം ആണ് കണ്ടത്.
30 ഡിവിഷന്‍ എണ്ണി കഴിയുമ്പോള്‍ യുഡിഎഫിന് 20 ഇടത്ത് വിജയിക്കാന്‍ കഴിഞ്ഞു. 31 മുതല്‍ 35 വരെയുള്ള 4 ഡിവിഷനുകള്‍ എല്‍ഡിഎഫ് സ്‌ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. 35 ഡിവിഷനായ പഴുപ്പത്തൂരില്‍ ബിജെപി സ്‌ഥാനാര്‍ഥി ജയേഷ് കരസ്‌ഥമാക്കി.
എല്‍ഡിഎഫിന്റെ മുന്‍ധാരണ പ്രകാരം ബിജെപി സ്‌ഥാനാര്‍ത്ഥിക്ക് എല്‍ഡിഎഫ് വോട്ട് നല്‍കുകയാണ് ചെയ്‌തതെന്ന് യുഡിഎഫ് മുന്‍സിപ്പല്‍ കമ്മിറ്റി ആരോപിച്ചു.