-->
കല്‍പ്പറ്റ: യു.ഡി.എഫിന് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ച മുഴുവന്‍ ജനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്ന് നേതാക്കള്‍ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. എല്‍ ഡി എഫിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരായ ശക്‌തമായ വിധിയെഴുത്താണ് സംസ്‌ഥാനത്തും ജില്ലയിലുമുണ്ടായത്.
ജില്ലാപഞ്ചായത്തില്‍ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും വലിയ വിജയമാണ് ഉണ്ടായത്. വയനാട്ടിലെ യുഡിഎഫ് ശക്‌തമാണെന്നും ജനങ്ങളുടെ പിന്തുണയുണ്ടെന്നും തെളിയിച്ച ഫലമാണുണ്ടായത്. കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി ഉള്‍പ്പെടെ പരാജയപ്പെട്ട സ്‌ഥലങ്ങളില്‍ അതിന്റെ കാരണങ്ങള്‍ പരിശോധിക്കും.
വിജയിച്ച എല്ലായിടങ്ങളിലും ഏറ്റവും നല്ല സദ്‌ഭരണം കാഴ്‌ചവെക്കാന്‍ യുഡിഎഫ് നേതൃത്വം നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നത്തെ ജനവിധിയോട് കൂടി ഒരു കെയര്‍ടേക്കര്‍ മുഖ്യമന്ത്രിയുടെ പദവിയിലേക്ക് ജനത്തിന്റെ മുന്നില്‍ മാറിയിരിക്കുകയാണ്. 2026 മെയ്‌മാസത്തില്‍ യുഡിഎഫ് മുഖ്യമന്ത്രി വരുന്നത് വരെയുള്ള കാവല്‍മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയിരിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രാദേശിക ജനിവിധി കേരളചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഈ ജനവിധിയുടെ ശില്‍പ്പി മുഖ്യമന്ത്രിയാണ്.
ഈ ജനവിധിയുടെ പശ്‌ചാത്തലത്തില്‍ ശബരിമലസ്വര്‍ണ്ണകൊള്ളകേസില്‍ പ്രതികളായ വാസുവിനും പത്മകുമാറിനൈയും പുറത്താക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് കേരളത്തിലെ ജനങ്ങളോട് തുറന്നുപറയണം. ഇത് ശബരിമല സ്വര്‍ണകൊള്ള സംഘത്തിന് സംരക്ഷണ കവചമൊരുക്കിയ മുഖ്യമന്ത്രിക്കെതിരായ ജനവിധിയാണ്. ഇതിനേക്കാള്‍ കടുത്ത ജനവിധിയായിരിക്കും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വരാനിരിക്കുന്നത്.
തെറ്റില്‍ നിന്നും തെറ്റുകളിലേക്ക് പോകുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. കേരളത്തിന്റെ മതേതരമനസിന് മുറിവേല്‍പ്പിച്ച ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. വര്‍ഗീയതയെ താലോലിക്കാന്‍ മുഖ്യമന്ത്രി കാണിച്ച സമീപനത്തിന് നല്‍കിയ മറുപടിയാണിത്. തരാതരം പോലെ വര്‍ഗീയ രാഷ്ര്‌ടീയം കാണിക്കുന്ന ഇടതുപക്ഷ സമീപനത്തിനേറ്റ തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പെന്നും നേതാക്കള്‍ പറഞ്ഞു. ഭരണവിരുദ്ധതരംഗത്തിന്റെ ഉദ്ദാഹരണമാണ് ഈ തെരഞ്ഞെടുപ്പ് ഫലം.
വിവിധ നികുതി വര്‍ധന, വെള്ളക്കരം, വൈദ്യുതിചാര്‍ജ് വര്‍ധന ഉള്‍പ്പെടെ സര്‍ക്കാരിന്റെ ജനദോഹനയങ്ങള്‍ക്കെതിരായും ബ്രഹ്‌മഗിരിയിലെ കോടികളുടെ തട്ടിപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും ജനങ്ങളുടെ പ്രതിഷേധമാണ് ഈ വിധിയെഴുത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ കെ.കെ അഹമ്മദ്‌ഹാജി, ഡിസിസി പ്രസിഡന്റ് അഡ്വ. ടി.ജെ ഐസക്, എംഎല്‍എമാരായ അഡ്വ. ടി. സിദ്ധിഖ്, ഐ.സി ബാലകൃഷ്‌ണന്‍, റസാഖ് കല്‍പ്പറ്റ തുടങ്ങിയവര്‍ പങ്കെടുത്തു.
ബത്തേരി: സിപിഎമ്മിന്റെ ദുര്‍ബലനത്തിനും വികസനം മുരടിപ്പിനെതിരെയുള്ള വിധിയാണ് ബത്തേരി നഗരസഭയില്‍ യുഡിഎഫിന് ജനങ്ങള്‍ നല്‍കിയ വിജയം എന്ന് യുഡിഎഫ് മുന്‍സിപ്പല്‍ കമ്മിറ്റി. വര്‍ഗീയ ശക്‌തികളുമായി കൂട്ടുപിടിച്ച് യുഡിഎഫിനെ പരാജയപ്പെടുത്താനുള്ള സിപിഎം ശ്രമങ്ങളെ ജനങ്ങള്‍ തള്ളി കളഞ്ഞു.
നേതാക്കളുടെ അഹന്തക്ക് ഏറ്റ പ്രഹരമാണ് ഈ വിജയമെന്ന് യുഡിഎഫ് മുന്‍സിപ്പല്‍ കമ്മറ്റി ഓഫീസില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. യോഗത്തില്‍ യുഡിഎഫ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. സതീഷ് പുതിക്കാട് അധ്യക്ഷത വഹിച്ചു.
നേതാക്കളായ ഡി.പി രാജശേഖരന്‍, സി.കെ ഹാരിഫ്, ഉമ്മര്‍ കുണ്ടാട്ടില്‍ കെ. നൂറുദ്ദീന്‍, ലയണല്‍ മാത്യു, സി.എ ഗോപി, റിയാസ് കൂടത്താള്‍, അന്‍സാര്‍ മണിച്ചിറ എന്നിവര്‍ സംസാരിച്ചു.
ബിജെപിക്ക് നഗരസഭയില്‍ അക്കൗണ്ട് തുറക്കാന്‍ സിപിഎം ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയതായി യുഡിഎഫ് മുന്‍സിപ്പല്‍ കമ്മിറ്റി ആരോപിച്ചു. 2015 ല്‍ പഴുപ്പത്തൂര്‍ ഡിവിഷനില്‍ നിന്നും മത്സരിച്ച ബിജെപി സ്‌ഥാനാര്‍ത്ഥിക്ക് അക്കൗണ്ട് തുറക്കാന്‍ സിപിഎം കൂട്ടുനിന്നിരുന്നു . 2025ലും പഴുപ്പത്തൂര്‍ ഡിവിഷനില്‍ നിന്നും മത്സരിച്ച ബിജെപി സ്‌ഥാനാര്‍ത്ഥിക്ക് അക്കൗണ്ട് തുറക്കാന്‍ സിപിഎം കൂട്ടുനിന്നിരിക്കുകയാണ് യുഡിഎഫ് മുന്‍സിപ്പല്‍ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.
ദൊട്ടപ്പന്‍ കുളംഡിവിഷനില്‍ നിന്നും മത്സരിച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സ്‌ഥാനാര്‍ത്ഥി പി പി അയ്യൂബിന് പരാജയപ്പെടുത്തി എല്‍ഡിഎഫ് സ്‌ഥാനാര്‍ഥിയെ വിജയിപ്പിക്കാനാണ് സിപിഎമ്മും ബിജെപിയും ധാരണ ആയത്. ഈ ധാരണയാണ് ഇപ്പോള്‍ പുലര്‍ന്നിരിക്കുന്നത് എന്ന് യോഗം ഒന്നടങ്കം കുറ്റപ്പെടുത്തി.
പഴുപ്പത്തൂരില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്‌ഥാനാര്‍ത്ഥി പരാജയപ്പെടുത്തുന്നതിന് സിപിഎം വോട്ട് മറിച്ച് കൊടുക്കുകയും ദൊട്ടപ്പന്‍കുളത്ത് ലീഗ് സ്‌ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുന്നതിന് ബിജെപി യുടെ വോട്ട് സിപിഎമ്മിന് മറിച്ചു വിറ്റത് രാഷ്ര്‌ടീയ പാപ്പരത്താണ് എന്നും കമ്മറ്റികുറ്റപ്പെടുത്തി.