-->
പത്തനംതിട്ട: രാഷ്‌ട്രീയ സാഹചര്യങ്ങള്‍ ഒറ്റവിഷയത്തില്‍ കേന്ദ്രീകരിച്ച പത്തനംതിട്ടയില്‍ യു.ഡി.എഫിന് മികച്ച വിജയം.
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കു പിന്നാലെ പീഡനവിഷയങ്ങള്‍ ഉയര്‍ന്നെങ്കിലും ഇത് കാര്യമായി ജനം ഏറ്റെടുത്തില്ല എന്നതിന്റെ ചൂണ്ടുപലകയായി ഫലം. ത്രിതലത്തില്‍ എല്ലാം യു.ഡി. എഫ് മേല്‍ക്കൈ നേടിയപ്പോള്‍ എന്‍.ഡി.എയും നേട്ടമുണ്ടാക്കി.12 ഡിവിഷനുകള്‍ നേടി ജില്ലാ പഞ്ചായത്ത് ഭരണം തിരികെ പിടിച്ച യു.ഡി.എഫ് നാലില്‍ മൂന്ന് മുനിസിപ്പാലിറ്റികളും എട്ടില്‍ ഏഴ് ബ്ലോക്ക് പഞ്ചായത്തുകളും 53 ല്‍ 34 ഗ്രാമ പഞ്ചായത്തുകളും കൈപ്പിടിയിലാക്കി.പന്തളം നഗരസഭ എന്‍ .ഡി .എയില്‍ നിന്നും എല്‍. ഡി. എഫ് പിടിച്ചു.ജില്ലാ പഞ്ചായത്തില്‍ മികച്ച വിജയം പ്രതീക്ഷിച്ച എന്‍. ഡി .എ ക്ക് സീറ്റുകള്‍ ഒന്നും ലഭിച്ചില്ല.എന്നാല്‍ ഗ്രാമ പഞ്ചായത്തുകള്‍ മൂന്നില്‍ നിന്നും നാലാക്കി ഉയര്‍ത്താന്‍ കഴിഞ്ഞു.നാലോളം പഞ്ചായത്തുകളില്‍ ഇവര്‍ നിര്‍ണ്ണായകം ആകുകയും ചെയ്‌തിട്ടുണ്ട്. ബ്ലോക്ക് - ഗ്രാമ പഞ്ചായത്തു് വാര്‍ഡുകളിലും മുന്നേറ്റം ഉണ്ടായി.
താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുടെ അഭിപ്രായം മുഖവിലയ്‌ക്കെടുത്താണ് യു.ഡി.എഫ് സ്‌ഥാനാര്‍ഥിനിര്‍ണയം നടത്തിയത്. കഴിഞ്ഞതവണയുണ്ടായ ചില പാളിച്ചകളില്‍ നിന്നും പാഠംഉള്‍ക്കൊണ്ടാണ് ജില്ലാ പഞ്ചായത്തിലേക്ക് യു.ഡി.എഫ് സ്‌ഥാനാര്‍ഥികളെതീരുമാനിച്ചത്.
സ്‌ഥാനാര്‍ഥികളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ മൂന്ന് മണ്ഡലങ്ങളില്‍ മാത്രമാണ് ഉണ്ടായത്‌്. പ്രചാരണരംഗത്തേക്കു കടന്നതോടെ അതും പരിഹരിച്ച് മുന്നോട്ടുപോകുകയായിരുന്നു.
കാര്യമായ വിമതപ്രശ്‌നങ്ങളൊന്നും ഇല്ലാതെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കേരള കോണ്‍ഗ്രസ് രണ്ട് സീറ്റിലും കോണ്‍ഗ്രസ് 15 സീറ്റുകളിലുമാണ് മത്സരിച്ചത്. ഇതില്‍ 12 എണ്ണത്തില്‍ വിജയം കണ്ടു. എല്‍.ഡി.എഫാകട്ടെ ഘടകകക്ഷികളോടു മൃദുസമീപനം സ്വീകരിച്ചാണ് സ്‌ഥാനാര്‍ഥികളെ തീരുമാനിച്ചത്. ഇതാദ്യമായി ആര്‍.ജെ.ഡിക്കു ജില്ലാ പഞ്ചായത്തില്‍ മത്സരിക്കാന്‍ ഒരു സീറ്റ് നല്‍കിയെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല.
എന്‍.ഡി.എയില്‍ ബിജെപി 13 മണ്ഡലങ്ങളില്‍ മത്സരിച്ചു. ബി.ഡി.ജെ.എസ് നാലിടത്താണ് മത്സരിച്ചത്. ജില്ലയിലെ യു.ഡി.എഫ് വിജയം നിയമസഭാ തെരഞ്ഞടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് നേതാക്കള്‍ വിലയിരുത്തുന്നത്.