-->
ആറന്മുള: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വാര്‍ഡില്‍ സി.പി. എമ്മിന് കനത്ത പരാജയം. ശബരിമല സ്വര്‍ണക്കൊള്ള വിഷയം നാടെങ്ങും ചര്‍ച്ചചെയ്യുമ്പോള്‍ അത് ഏറെയും പ്രതിഫലിക്കുന്നത് ദേവസം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പദ്‌മകുമാറിന്റെ സ്വന്തം പഞ്ചായത്തായ ആറന്മുളയിലും ക്ഷേത്ര കിഴക്കേ നട ഉള്‍പ്പെടുന്ന മല്ലപ്പുഴശേരിയിലുമാണ്. ഇവിടെ രണ്ടിടത്തും എല്‍.ഡി.എഫിന് തിരിച്ചടിയാണുണ്ടായത്.
പദ്‌മകുമാര്‍ താമസിക്കുന്ന ആറന്മുള പഞ്ചായത്ത് ഏഴാം വാര്‍ഡ് ഇക്കുറി സി.പി.എമ്മില്‍നിന്നും ബി.ജെ. പി പിടിച്ചെടുക്കുകയായിരുന്നു. ബി.ജെ.പിക്കുവേണ്ടി മത്സരിച്ച ഉഷ ആര്‍. നായര്‍ 411 വോട്ട് നേടി. തൊട്ടടുത്ത എതിരാളി ആയിരുന്ന യു.ഡി. എഫിലെ രമാദേവിയേക്കാള്‍ 212 വോട്ടറിന്റെ ഭൂരിപക്ഷമാണ് ഇവര്‍ക്ക് ലഭിച്ചത്. എല്‍.ഡി.എഫിലെ മിനി മണ്‍ചിറക്കലിന് 180 വോട്ടുകള്‍ ലഭിച്ചു. ആറന്മുള ഗ്രാമ പഞ്ചായത്തു് ഭരണം യു ഡി എഫ് നിലനിര്‍ത്തുകയും ചെയ്‌തു. ആറന്മുളയോട് ചേര്‍ന്ന് കിടക്കുന്ന കിഴക്കേ നട ഉള്‍പ്പെടുന്ന മല്ലപ്പുഴശേരി പഞ്ചായത്തില്‍ ആകട്ടെ സി .പി?. എമ്മിന് ഒരു സീറ്റും ലഭിച്ചില്ല. ഇപ്പോള്‍ എല്‍. ഡി. എഫ് ഭരണം നടത്തുന്ന പഞ്ചായത്തില്‍ എന്‍ .ഡി. എ മൂന്ന് സീറ്റും സി .പി. ഐ രണ്ട് സീറ്റും നേടിയപ്പോള്‍ കോണ്‍ഗ്രസിന് ഒന്‍പത് വാര്‍ഡുകളില്‍ വിജയിക്കാനായി.
കോഴഞ്ചേരി, ഇലന്തൂര്‍, തോട്ടപ്പുഴശ്ശേരി , കോയിപ്പുറം ഗ്രാമ പഞ്ചായത്തുകള്‍ യു .ഡി. എഫ് നേടിയപ്പോള്‍ അയിരൂരിലും ചെറുകോലിലും ബി.ജെ.പി നേട്ടം ഉണ്ടാക്കി. കോയിപ്പുറം, പന്തളം, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തുകളും യു .ഡി .എഫിനൊപ്പമാണ്. പ്രദേശം ഉള്‍ക്കൊള്ളുന്ന കോയിപ്പുറം, കോഴഞ്ചേരി, ഇലന്തൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും എല്‍. ഡി .എഫിന് നഷ്‌ടമായി. നേരത്തെ മൂന്നിടത്തും എല്‍.ഡി.എഫായിരുന്നു വിജയികള്‍.