-->
പൊന്നാനി : അപ്രതീക്ഷിത അടിയൊഴുക്കില്‍ കാലിടറി വീണ് പൊന്നാനി നഗരസഭയിലെ പ്രമുഖര്‍. മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പടിഞ്ഞാറകത്ത് ബീവി, ഡി.സി.സി. വൈസ് പ്രസിഡന്റ് വി. ചന്ദ്രവല്ലി, സംസ്‌ഥാന കബഡി ടീം പരിശീലകന്‍ പി. ഹസന്‍ കോയ, ഡി.സി.സി. അംഗം പുന്നക്കല്‍ സുരേഷ്, സി.പി.എം. ഏരിയ കമ്മിറ്റി അഗങ്ങളായ എം.എ. ഹമീദ്, പി.വി. ലത്തീഫ്, മുസ്ലിം ലീഗ് നിയോജക മണ്ഡലം ഭാരവാഹി വി.വി. ഹമീദ്, എ.ഐ.ടി.യു.സി. നേതാവ് എ.കെ. ജബ്ബാര്‍, മുസ്ലിം ലീഗ് മുനിസിപ്പല്‍ സെക്രട്ടറി എം.പി. നിസാര്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ എം. ധന്യ എന്നിവരാണ് പരാജയപ്പെട്ടവരില്‍ പ്രമുഖര്‍.
പടിഞ്ഞാറകത്ത് ബീവി തെക്കേപ്പുറം വാര്‍ഡില്‍ നിന്നാണ് മത്സരിച്ചത്. വെല്‍ഫെയര്‍ പാര്‍ടിയുടെ സാന്നിധ്യമാണ് ബീവിയുടെ വിജയം തടഞ്ഞത്. ഇരുന്നൂറിലേറെ വോട്ടാണ് വെല്‍ഫെയര്‍ സ്‌ഥാനാര്‍ത്ഥി മാസിദ ഖലീല്‍ പിടിച്ചത്. എല്‍.ഡി.എഫിലെ ബീവി മോളാണ് ഇവിടെ നിന്ന് ജയിച്ചത്.ഏഴാം വാര്‍ഡില്‍ നിന്നാണ് വി. ചന്ദ്രവല്ലി മത്സരിച്ചത്. എല്‍.ഡി.എഫിലെ സി.വി. സുധയായിരുന്നു എതിര്‍ സ്‌ഥാനാര്‍ത്ഥി. ശക്‌തമായ മത്സരമായിരുന്നു ഇവിടെ നടന്നത്. തീപാറും പോരാട്ടം നടന്ന 8, 51 വാര്‍ഡുകളില്‍ എല്‍.ഡി.എഫ്. സ്‌ഥാനാര്‍ത്ഥികള്‍ക്ക് അപ്രതീക്ഷിത തോല്‍വിയാണ് നേരിടേണ്ടി വന്നത്. സി.പി.എം. ഏരിയ കമ്മിറ്റി അംഗങ്ങളായ പി.വി. ലത്തീഫും എം.എ. ഹമീദുമാണ് രണ്ട് വാര്‍ഡുകളിലായി തോറ്റത്. ലത്തീഫിന്റെ തോല്‍വി ഡി.സി.സി. ജനറല്‍ സെക്രട്ടറി ടി.കെ. അഷറഫിനോടായിരുന്നു. ശക്‌തനായ എം.എ. ഹമീദിനെ പരാജയപ്പെടുത്തിയത് കായികാധ്യാപകന്‍ കൂടിയായ കാദര്‍കുട്ടിയായിരുന്നു. രണ്ട് വാര്‍ഡുകളും സി.പി.എമ്മിന്റെ സിറ്റിംഗ് വാര്‍ഡുകളായിരുന്നു.
സി.പി.ഐ. നേതാവായിരുന്ന എ.കെ. ജബ്ബാറിന്റെ തോല്‍വിക്ക് കാരണം വാര്‍ഡിലെ അടിയൊഴുക്കാണെന്നാണ് വിലയിരുത്തല്‍. സ്‌ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് സി.പി.എം. പ്രാദേശിക പ്രവര്‍ത്തകര്‍ക്കിടയിരുന്ന വിമ്മിഷ്‌ടം അടിയൊഴുക്കിന് ഇടയാക്കി. വിമതനായി സി.പി.എം. പ്രവര്‍ത്തകന്‍ മത്സരരംഗത്തുണ്ടായിരുന്നു. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാവ് എച്ച്. കബീറാണ് ഇവിടെ നിന്ന് വിജയിച്ചത്.തീരദേശ വാര്‍ഡുകളില്‍ ശക്‌തമായ അടിയൊഴുക്ക് ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മൂന്ന് വാര്‍ഡുകളില്‍ വിമത സ്‌ഥാനാര്‍ത്ഥികളുടെ സാന്നിധ്യമുണ്ടായിരുന്നു. ഇത് യു ഡി എഫിന് ഗുണകരമായി. 12ാം വാര്‍ഡിലെ സ്വതന്ത്ര സ്‌ഥാനാര്‍ത്ഥി ആഷിക്കിന്റെ സാന്നിധ്യം തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് കണക്കുകൂട്ടിയിരുന്നെങ്കിലും എല്‍.ഡി.എഫ്. സ്‌ഥാനാര്‍ത്ഥി തന്നെ അവിടെ വിജയിച്ചു. ചുമട്ടുതൊഴിലാളി കൂടിയായ മണികണ്‌ഠനാണ് ഇവിടെ നിന്ന് വിജയിച്ചത്.