-->
നിലമ്പൂര്‍: നിലമ്പൂര്‍ തിരിച്ച് പിടക്കണമെന്ന പിതാവ് ആര്യാടന്‍ മുഹമ്മദിന്റെ സ്വപ്‌നം പൂര്‍ത്തീകരിക്കാനായതിന്റെ സന്തോഷമാണെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയും നിലമ്പൂര്‍ എം.എല്‍.എയുമായ ആര്യാടന്‍ ഷൗക്കത്ത്. നഷ്‌ടപ്പെട്ട നിലമ്പൂര്‍ തിരിച്ച് പിടിക്കണമെന്നായിരുന്നു അവസാന നാളുകളില്‍ ഞാനടക്കമുള്ള കോണ്‍ഗ്രസുകാരോട് പിതാവ് ആവശ്യപ്പെട്ടിരുന്നത്. ഉപതെരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ മണ്ഡലവും ഇപ്പോള്‍ നിലമ്പൂര്‍ നഗരസഭയും മുഴുവന്‍ പഞ്ചായത്തുകളും ഒന്നിച്ച് ജയിച്ച് പിതാവിന്റെ സ്വപ്‌നം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. പിതാവ് എം.എല്‍.എയായിരിക്കെ 2000ത്തിലാണ് സമാനമായ വിജയം നിലമ്പൂരില്‍ യു.ഡി.എഫിനുണ്ടായത്. അന്നും മൂത്തേടം പഞ്ചായത്ത് ഭരണം ഇടത് മുന്നണിക്കായിരുന്നു. എന്നാല്‍ ഇത്തവണ ചരിത്ര ഭൂരിപക്ഷത്തിലാണ് മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്‌ഥാപനങ്ങളിലും യു.ഡി.എഫ്. വിജയിച്ചത്. ഇടതുമുന്നണിക്ക് അംഗങ്ങളില്ലാത്ത ബ്ലോക്ക് പഞ്ചായത്തായി നിലമ്പൂര്‍ മാറി. 15 സീറ്റുകളില്‍ ഒരിടത്തും ഇടതുമുന്നണിക്ക് വിജയിക്കാനായില്ല. എടക്കരയില്‍ കോണ്‍ഗ്രസ് വിമതനാണ് വിജയിച്ചത്. കഴിഞ്ഞ തവണ നിലമ്പൂര്‍ ബ്ലോക്കില്‍ യു.ഡി.എഫ്. 8 സീറ്റും എല്‍.ഡി.എഫ്. 5 സീറ്റും നേടിയിരുന്നു.നിലമ്പൂര്‍ നഗരസഭയും പോത്തുകല്‍, അമരമ്പലം പഞ്ചായത്തുകളും കഴിഞ്ഞ തവണ ഇടതുപക്ഷമാണ് വിജയിച്ചിരുന്നത്. നിലമ്പൂര്‍ നഗരസഭയില്‍ അഞ്ചില്‍ നാല് ഭൂരിപക്ഷമാണ് നേടിയത്. 36 മണ്ഡലങ്ങളില്‍ 28ഉം നേടിയാണ് യു.ഡി.എഫ്. ഭരണംതിരിച്ച് പിടിച്ചത്. പോത്തുകല്ലില്‍ 19 സീറ്റുകളില്‍ 16ഉം യു.ഡി.എഫ്. നേടി. മൂത്തേടത്ത് ഇടതുപക്ഷത്തെ കേവലം ഒറ്റ സീറ്റിലൊതുക്കി 17 സീറ്റും യു.ഡി.എഫിന് നേടാനായി. കഴിഞ്ഞ തവണ ഇരുമുന്നണികള്‍ക്കും 10സീറ്റ് വീതം നേടി നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് ഭരണം ലഭിച്ച ചുങ്കത്തറ പഞ്ചായത്തില്‍ ഇടതുപക്ഷത്തെ കേവലം 4 സീറ്റിലൊതുക്കി 17 സീറ്റിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫ്. നേടിയത്. യു.ഡി.എഫിന് നിരുപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തെങ്കിലും മുന്‍ എം.എല്‍.എ. പി.വി. അന്‍വര്‍ നിലമ്പൂര്‍ നഗരസഭയില്‍ അഞ്ചിടത്തും വഴിക്കടവില്‍ എട്ടിടത്തും മൂത്തേടത്ത് രണ്ടിടത്തും തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരില്‍ സ്‌ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചിരുന്നു. അതെല്ലാം ജനങ്ങള്‍ തള്ളിക്കളഞ്ഞു. നിയോജക മണ്ഡലത്തിലെ ഓരോ പഞ്ചായത്തു വാര്‍ഡുകളിലും യു.ഡി.എഫിന് വേണ്ടി പ്രചരണത്തിനെത്താനായി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍സംസ്‌ഥാന ഭരണം യു.ഡി.എഫിനെന്ന് ഉറപ്പിക്കുന്ന മുന്നേറ്റമാണിതെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.