Saturday, March 14, 2026 Last Updated 25 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 14 Dec 2025 10.17 AM

പച്ചക്കോട്ടയായി മലപ്പുറം

uploads/news/2025/12/815909/1.jpg

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ആഞ്ഞുവീശിയ യു.ഡി.എഫ്‌ കൊടുങ്കാറ്റില്‍ അടിപതറി എല്‍.ഡി.എഫ്‌. 94 പഞ്ചായത്തുകളില്‍ 89 ഇടത്തും യു.ഡി.എഫ്‌ വിജയിച്ചു. നാലിടത്ത്‌ ഒതുങ്ങി എല്‍.ഡി.എഫ്‌. പൊന്മുണ്ടത്ത്‌ ജനകീയ മുന്നണി അട്ടിമറി വിജയം നേടി. എന്‍.ഡി.എയ്‌ക്ക് ഒരിടത്തും ഭരണം ലഭിച്ചിട്ടില്ലെങ്കിലും ചിലയിടങ്ങളിലും മുന്നേറ്റമുണ്ടാക്കാനായി. പി.വി.അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിസ്‌ മലയോര മേഖലകളില്‍ ചലനങ്ങള്‍ ഉണ്ടാക്കാനായില്ല. ജില്ലാ പഞ്ചായത്തിലെ 33 ഡിവിഷനുകളില്‍ 33 ഇടത്തും യു.ഡി.എഫ്‌ വിജയിച്ചു. മാറഞ്ചേരിയിലാണ്‌ ചെങ്കൊടി പാറിയത്‌. 15 ബ്ലോക്ക്‌ പഞ്ചായത്തുകളില്‍ പതിനാലിടത്തും യു.ഡി.എഫ്‌ വിജയിച്ചിട്ടുണ്ട്‌. പൊന്നാനി എല്‍.ഡി.എഫ്‌ നിലനിറുത്തി. 12 മുനിസിപ്പാലിറ്റികളില്‍ പൊന്നാനിയില്‍ മാത്രമാണ്‌ എല്‍.ഡി.എഫിന്റെ വിജയം.
2020ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌ 70 പഞ്ചായത്തുകളിലും എല്‍.ഡി.എഫ്‌ 24 ഇടത്തും വിജയിച്ചിരുന്നു. 20 പഞ്ചായത്തുകളെങ്കിലും ഭരണം നേടാനാവുമെന്ന സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍ അപ്പാടെ പാളി. ശക്‌തമായ മത്സരം കാഴ്‌ചവയ്‌ക്കാന്‍ പോലും പലയിടങ്ങളിലും കഴിഞ്ഞില്ല. വിജയിച്ച ഏലംകുളം (എല്‍.ഡി.എഫ്‌ 8, യു.ഡി.എഫ്‌ 7, മറ്റുള്ളവര്‍ 3), നിറമരുതൂര്‍ (എല്‍.ഡി.എഫ്‌ 11, യു.ഡി.എഫ്‌ 8), വാഴയൂര്‍ (എല്‍.ഡി.എഫ്‌ 10, യു.ഡി.എഫ്‌ 6, മറ്റുള്ളവര്‍ 4), വെളിയങ്കോട്‌ (എല്‍.ഡി.എഫ്‌ 11, യു.ഡി.എഫ്‌ 9) എന്നിവിടങ്ങളിലും കടുത്ത മത്സരം നേരിട്ടു.
85 പഞ്ചായത്തുകളെന്ന ലക്ഷ്യവും കടന്നുള്ള വിജയം യു.ഡി.എഫ്‌ ക്യാമ്പിനെ ആവേശത്തിലാക്കിയിട്ടുണ്ട്‌. മലയോര മേഖല ഒന്നാതെ തൂത്തുവാരി. ഇടതുപക്ഷത്ത്‌ പി.വി. അന്‍വറിന്റെ സാന്നിദ്ധ്യവും കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലെ ഭിന്നതയും മൂലം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയേറ്റിരുന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ വിജയമേകിയ ഊര്‍ജ്‌ജത്തോടെയാണ്‌ ഇത്തവണ യു.ഡി.എഫ്‌ ഇവിടം മത്സരരംഗത്തിറങ്ങിയത്‌. പൊന്മുണ്ടത്ത്‌ കോണ്‍ഗ്രസിലെ ഒരുവിഭാഗവും സി.പി.എമ്മും കൈകോര്‍ത്തുള്ള ജനകീയ മുന്നണി വിജയിച്ചത്‌ മുസ്ലിം ലീഗിന്‌ തിരിച്ചടിയായി. ജനകീയ മുന്നണി 14 ഇടത്തും യു.ഡി.എഫ്‌ നാലിടത്തുമാണ്‌ വിജയിച്ചത്‌. കഴിഞ്ഞ തവണ ലീഗ്‌ 11 ഇടത്തും കോണ്‍ഗ്രസ്‌ മൂന്ന്‌ വാര്‍ഡുകളിലും വിജയിച്ചിരുന്നു.
കഴിഞ്ഞ തവണയും ജനകീയ മുന്നണി പരീക്ഷണം നടന്നെങ്കിലും രണ്ട്‌ വാര്‍ഡുകളിലെ വിജയിക്കാനായുള്ളൂ. 25 വര്‍ഷമായി മുസ്ലിം ലീഗ്‌ ഭരണം കൈയാളുന്ന പഞ്ചായത്താണിത്‌. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ 1,?440 വാര്‍ഡുകള്‍ യു.ഡി.എഫിന്‌ ലഭിച്ചപ്പോള്‍ 656 വാര്‍ഡുകളിലാണ്‌ എല്‍.ഡി.എഫിന്റെ വിജയം.
15 ബ്ലോക്ക്‌ പഞ്ചായത്തുകളില്‍ 14 ഇടത്തും യു.ഡി.എഫിനാണ്‌ വിജയം. കഴിഞ്ഞ തവണ പെരുമ്പടപ്പ്‌, പൊന്നാനി, തിരൂര്‍ എന്നിവിടങ്ങളില്‍ എല്‍.ഡി.എഫ്‌ വിജയിച്ചിരുന്നു. അരീക്കോട്‌, കാളികാവ്‌, കുറ്റിപ്പുറം, മലപ്പുറം, നിലമ്പൂര്‍, വേങ്ങര ബ്ലോക്കുകളില്‍ ഒരുഡിവിഷനില്‍ പോലും എല്‍.ഡി.എഫിന്‌ വിജയിക്കാനായില്ല. കാളികാവിലും നിലമ്പൂരിലും കഴിഞ്ഞ തവണ അഞ്ച്‌ ഡിവിഷനുകളിലും കുറ്റിപ്പുറത്ത്‌ രണ്ട്‌ ഡിവിഷനിലും വിജയിച്ച സ്‌ഥാനത്താണിത്‌. ഇത്തവണ യു.ഡി.എഫ്‌ ആകെ 210 ഡിവിഷനുകളിലും എല്‍.ഡി.എഫ്‌ 18 ഡിവിഷനിലും വിജയിച്ചിട്ടുണ്ട്‌. മറ്റുള്ളവര്‍ എട്ടിടങ്ങളിലും.
നഗരസഭകളിലും യു.ഡി.എഫ്‌ തരംഗമാണ്‌. ആകെ 12 നഗരസഭകളില്‍ 11 ഇടത്തും വിജയിച്ചു. കഴിഞ്ഞ തവണ പെരിന്തല്‍മണ്ണ, പൊന്നാനി, നിലമ്പൂര്‍ നഗരസഭകള്‍ എല്‍.ഡി.എഫിന്റെ കൈവശമായിരുന്നെങ്കില്‍ ഇപ്രാവശ്യം പൊന്നാനി ഒഴികെ രണ്ടും യു.ഡി.എഫ്‌ പിടിച്ചെടുത്തു. ശക്‌തമായ മത്സരം നടന്ന പെരിന്തല്‍മണ്ണയില്‍ 30 വര്‍ഷത്തിന്‌ ശേഷമാണ്‌ യു.ഡി.എഫ്‌ ഭരണത്തിലെത്തുന്നത്‌. നിലവില്‍ 20 സീറ്റ്‌ നേടിയാണ്‌ പെരിന്തല്‍മണ്ണയിലെ ഇടത്‌ ഭരണം. ഇതിനെ മറികടന്ന്‌ 21 സീറ്റിന്റെ ഭൂരിപക്ഷം നേടിയാണ്‌ യു.ഡി.എഫ്‌ ഭരണം പിടിച്ചത്‌. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ തിരിച്ചുവരവിന്‌ പിന്നാലെ നഗരസഭയും കൈപ്പിലിടിലാക്കി. ഒമ്പതില്‍ നിന്ന്‌ 28 സീറ്റാക്കി ഉയര്‍ത്തിയാണ്‌ ഈ തിരിച്ചുവരവ്‌. പൊന്നാനി നഗരസഭയാണ്‌ ജില്ലയില്‍ എല്‍.ഡി.എഫിന്‌ അശ്വാസമായി നിലകൊണ്ടത്‌. ഇവിടെ എല്‍.ഡി.എഫിന്റെ സീറ്റ്‌ നില 38ല്‍ നിന്ന്‌ 32 ആയി കുറഞ്ഞിട്ടുണ്ടെങ്കിലും പൊന്നാനി മാനം കാത്തു.18 സീറ്റാണ്‌ യു.ഡി.എഫിന്‌ നേടാനായത്‌.
ജില്ലാ പഞ്ചായത്തിലെ കൂറ്റന്‍ വിജയം ഇടതുകേന്ദ്രങ്ങളെ മാത്രമല്ല യു.ഡി.എഫിനെയും ആശ്‌ചര്യപ്പെടുത്തിയിട്ടുണ്ട്‌. 33 ഡിവിഷനുകളില്‍ 33 ഇടത്തും വിജയിച്ചു. സി.പി.ഐയുടെ ഷാജിറ മനാഫ്‌ മാറഞ്ചേരി ഡിവിഷനില്‍ അവസാന നിമിഷം വരെ ശക്‌തമായ മത്സരം കാഴ്‌ചവെച്ചെങ്കിലും 323 വോട്ടിന്‌ കോണ്‍ഗ്രസിന്റെ സുലൈഖ റസാഖ്‌ വിജയിച്ചു. ഡി.വൈ.എഫ്‌.ഐ ജില്ലാ പ്രസിഡന്റ്‌ പി.ഷബീറിനെ ഒന്നാം വാര്‍ഡായ വഴിക്കടവില്‍ കോണ്‍ഗ്രസിലെ എന്‍.എ കരീം 6,841 വോട്ടിന്‌ പരാജയപ്പെടുത്തി. ബി.ജെ.പിയുടെ ജീപു രാജഗോപാലിന്‌ 5,441 വോട്ട്‌ ലഭിച്ചു. നിലവിലെ ജില്ലാ പഞ്ചായത്തംഗമായ സി.പി.എമ്മിന്റെ അഡ്വ. ഷെറോണ റോയിയെ ചുങ്കത്തറ ഡിവിഷനില്‍ കോണ്‍ഗ്രസിന്റെ അഡ്വ. ജോസ്‌മി തോമസ്‌ 9,152 വോട്ടിന്‌ പരാജയപ്പെടുത്തി. ബി.ജെ.പിയുടെ ഡോ. ജെ. ഗീതാകുമാരിക്ക്‌ 4,513 വോട്ട്‌ ലഭിച്ചു.
യുവമുഖങ്ങളായി അവതരിപ്പിച്ച എസ്‌.എഫ്‌.ഐയുടെ എം.ജെ. തേജനന്ദ, സി.എം.മുഹമ്മദ്‌ സഫ്വാന്‍ എന്നിവരും പരാജയം രുചിച്ചു. എടവണ്ണ ഡിവിഷനില്‍ നിന്ന്‌ മത്സരിച്ച ലീഗിന്റെ കെ.ടി. അഷ്‌റഫ്‌,? സി.എം.മുഹമ്മദ്‌ സഫ്വാന്‌ എതിരെ 20,250 വോട്ടിന്റെ ഭൂരിപക്ഷത്തിന്‌ വിജയിച്ചു. ബി.ജെ.പിയുടെ അഖില്‍ സായിക്ക്‌ 3,475 വോട്ടാണ്‌ ലഭിച്ചത്‌. വണ്ടൂര്‍ ഡിവിഷനില്‍ നിന്ന്‌ മത്സരിച്ച കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും നിലവിലെ മെമ്പറുമായ ആലിപ്പറ്റ ജമീല മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു. സി.പി.എമ്മിന്റെ മിനികലയെ 16,065 വോട്ടിന്റെ ഭൂരിപക്ഷത്തിന്‌ പരാജയപ്പെടുത്തി. ബി.ജെ.പിയുടെ ജിഷ സജിത്തിന്‌ 4,802 വോട്ട്‌ ലഭിച്ചു.
കോണ്‍ഗ്രസിന്റെ യുവമുഖം കെ.എസ്‌.യു ജില്ലാ സെക്രട്ടറി ആരതി പ്രദീപ്‌ മംഗലം ഡിവിഷനില്‍ നിന്ന്‌ 11,876 വോട്ടിന്‌ സി.പി.എമ്മിന്റെ സി.എം. ജസീനയെ പരാജയപ്പെടുത്തി. ബി.ജെ.പിയുടെ ശ്രീജ സുബ്രഹ്‌മണ്യന്‌ 7,997 വോട്ട്‌ ലഭിച്ചിട്ടുണ്ട്‌. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്‌ഥാനത്തേക്ക്‌ പരിഗണിക്കാന്‍ സാദ്ധ്യതയുള്ള പി.കെ. അസ്ലുവിന്‌ വേങ്ങര ഡിവിഷനില്‍ നിന്ന്‌ വന്‍വിജയമാണ്‌ ഉണ്ടായത്‌. 33,155 വോട്ടിന്റെ ഭൂരിപക്ഷം. ഇത്തവണത്തെ ജില്ലാ പഞ്ചായത്ത്‌ ഡിവിഷനിലെ ഉയര്‍ന്ന ഭൂരിപക്ഷമാണിത്‌. മുതിര്‍ന്ന നേതാവും ജില്ലാ പഞ്ചായത്തിന്റെ പ്രധാന സ്‌ഥാനത്തേക്ക്‌ പരിഗണിക്കാന്‍ സാദ്ധ്യതയുമുള്ള പി.എ. ജബ്ബാര്‍ ഹാജി കൊണ്ടോട്ടിയില്‍ നിന്ന്‌ 12,791 വോട്ടിന്‌ വിജയിച്ചു. ആര്‍.ജെ.ഡിയുടെ ഫസലുല്‍ ഹഖ്‌ ചെമ്പനായിരുന്നു പ്രധാന എതിരാളി. ബി.ജെ.പിയുടെ ഷാജു പറമ്പന്‌ 3,118 വോട്ട്‌ ലഭിച്ചു.
ജനങ്ങള്‍ കണക്കുതീര്‍ത്തു: മുസ്ലിം ലീഗ്‌

മലപ്പുറം: തദ്ദേശഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ മുസ്ലിം ലീഗ്‌ നടത്തിയ പ്രവചനവും കണക്കുകൂട്ടലുകളും തെറ്റിയില്ലെന്നും ജില്ലയിലെ ജനങ്ങള്‍ കണക്കുതീര്‍ക്കുകയായിരുന്നവെന്നും മുസ്ലിം ലീഗ്‌ ജില്ലാ ജനറല്‍ സെക്രട്ടറി പി.അബ്‌ദുല്‍ഹമീദ്‌ എം.എല്‍.എ പറഞ്ഞു. ജനങ്ങള്‍ ശരിക്കും അവരുടെ രാഷ്ര്‌ടീയ പ്രബുദ്ധത തെളിയിച്ചു. ഈ വിജയം ജനങ്ങള്‍ക്ക്‌ സമര്‍പ്പിക്കുന്നു.ഭരണസംവിധാനത്തെ ദുരുപയോഗം ചെയ്‌ത് വാര്‍ഡ്‌ പുനര്‍വിഭജനത്തില്‍ കൈകടത്തലുകള്‍ നടത്തിയിട്ടും വോട്ടേഴ്‌സ് ലിസ്‌റ്റ് തയ്ാറാക്കുന്നതില്‍യ ഭരണപരമായ സ്വാധീനങ്ങള്‍ ചെലുത്തിയിട്ടും അതിനെയെല്ലാം മറികടന്ന്‌ വിജയം കൈവരിക്കാന്‍ സഹായിച്ചവരെ പ്രത്യേകം അഭിനന്ദിക്കുകയാണെന്ന്‌ പി.അബ്‌ദുല്‍ഹമീദ്‌ എം.എല്‍.എ പറഞ്ഞു
മെച്ചപ്പെടുത്തി എന്‍.ഡി.എ

തദ്ദേശ തിരഞ്ഞെടുപ്പില്‍ മലപ്പുറം റവന്യൂ ജില്ലയില്‍ 33 സീറ്റ്‌ നേടി ബി.ജെ.പി നില മെച്ചപ്പെടുത്തി. കഴിഞ്ഞ തവണ 31സീറ്റിലാണ്‌ ബി.ജെ.പി സ്‌ഥാനാര്‍ത്ഥികള്‍ വിജയിച്ചത്‌. മലപ്പുറം വെസ്‌റ്റ് ജില്ലയില്‍ 25ഉം, സെന്‍ട്രല്‍ ജില്ലയില്‍ 5ഉം, ഈസ്‌റ്റ് ജില്ലയില്‍ മൂന്നും സീറ്റുകളാണ്‌ ലഭിച്ചത്‌.
കഴിഞ്ഞ തവണത്തെ ചില സീറ്റുകള്‍ നഷ്‌ടമായെങ്കിലും വള്ളിക്കുന്ന്‌, ചുങ്കത്തറ പഞ്ചായത്തുകളില്‍ അക്കൗണ്ട്‌ തുറക്കാനായതും, മഞ്ചേരി നഗരസഭയില്‍ കഴിഞ്ഞ തവണ നഷ്‌ടപ്പെട്ട മേലാക്കം ഡിവിഷന്‍ തിരിച്ചുപിടിക്കാനായതും നേട്ടമായി. എടയൂര്‍ പഞ്ചായത്തില്‍ മൂന്ന്‌ വോട്ടിനും, വാഴയൂര്‍ പഞ്ചായത്തില്‍ ഏഴ്‌ വോട്ടിനും സീറ്റുകള്‍ നഷ്‌ടമായി.

Ads by Google
Advertisement
Sunday 14 Dec 2025 10.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW