-->
കോട്ടയം: കരംപിടിച്ച് കരുത്തോടെ ജില്ലാ പഞ്ചായത്തും നഗരസഭകളും പഞ്ചായത്തുകളും തൂത്തുവാരി യു.ഡി.എഫ്. ജില്ലാ പഞ്ചായത്തില്‍ 16 സീറ്റുമായി വിജയിച്ച മുന്നണി ആറു നഗരസഭകളും കൈപ്പിടിയില്‍ ഒതുക്കിയപ്പോള്‍ 45 പഞ്ചായത്തുകളില്‍ അധികാര സ്‌ഥാനത്തില്‍ എത്തി. പതിനൊന്നില്‍ ഒമ്പതു ബ്ലോക്കു പഞ്ചായത്തുകളിലും മേല്‍ക്കൈ യു.ഡി.എഫിന് തന്നെ. 2020ലെ തിരിച്ചടിയില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പായി മുന്നണിയുടെ വിജയം.
2020ല്‍ ജില്ലാ പഞ്ചായത്തും 10 ബ്ലോക്കു പഞ്ചായത്തുകളും രണ്ടു നഗരസഭയും 51 പഞ്ചായത്തുകളും എല്‍.ഡി.എഫാണ് ഭരിച്ചത്. യു.ഡി.എഫിനു ലഭിച്ചത് നാലു നഗരസഭകളും ഒരു ബ്ലോക്ക് പഞ്ചായത്തും 18 പഞ്ചായത്തുകളും മാത്രമായിരുന്നു. കഴിഞ്ഞതവണ രണ്ടു പഞ്ചായത്തുകളില്‍ അധികാരം നേടിയ ബി.ജെ.പി. ഇത്തവണ എണ്ണം മൂന്നായി ഉയര്‍ത്തിയെങ്കിലും കൈയിലുണ്ടായിരുന്ന രണ്ടിലും ഭരണം നഷ്‌ടമായി.
ജില്ലാ പഞ്ചായത്തില്‍ കഴിഞ്ഞ കോണ്‍ഗ്രസ് -5, കേരളാ കോണ്‍ഗ്രസ് -2 എന്നിങ്ങനെയായിരുന്ന യു.ഡി.എഫ്. ഇത്തവണ കോണ്‍ഗ്രസ്- 12, കേരളാ കോണ്‍ഗ്രസ് -4 എന്ന നിലയില്‍ എത്തി. സി.പി.എം- 6, കേരളാ കോണ്‍ഗ്രസ് - എം- 5, സി.പി.ഐ - 1, ആയിരുന്ന കക്ഷിനില ഇത്തവണ സി.പി.എം. -2, കേരളാ കോണ്‍ഗ്രസ് -4, സി.പി.ഐ. -1 എന്ന നിലയിലായി. എല്ലാ നഗരസഭകളിലും ഭരണം പിടിക്കാന്‍ ആവശ്യമായ സീറ്റുകള്‍ യു.ഡി.എഫ്. നേടിയപ്പോള്‍ ഒമ്പതു ബ്ലോക്ക് പഞ്ചായത്തുകളിലെയും വിജയം ആധികാരികമാണ്. പാമ്പാടി ബ്ലോക്ക് പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഒരു സീറ്റ് മാത്രം ലഭിച്ചപ്പോള്‍ വൈക്കത്ത് യു.ഡി.എഫിനും ലഭിച്ച് ഒരു സീറ്റു മാത്രം.പൂഞ്ഞാര്‍, പുതുപ്പള്ളി നിയോജക മണ്ഡലങ്ങളിലെ മുഴുവന്‍ ജില്ലാ പഞ്ചായത്തു ഡിവിഷനുകളും യു.ഡി.എഫ്. വിജയിച്ചപ്പോള്‍, പുതുപ്പള്ളി മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും അധികാരത്തില്‍ എത്താനും യു.ഡി.എഫിന് കഴിഞ്ഞു. വീടു കയറിയിറങ്ങി എല്ലാ പഞ്ചായത്തുകളിലും വോട്ട് തേടിയ ചാണ്ടി ഉമ്മന്‍ ഇഫക്‌ട് ഇവിടെ പ്രതിഫലിച്ചു.