-->
കൊച്ചി: വികസന നേട്ടം എണ്ണിപ്പറഞ്ഞ ഇടത് ഭരണം കൊച്ചി കോര്‍പ്പറേഷനില്‍ ഇടതുമുന്നണിക്ക് വോട്ടായി മാറിയില്ല.
സംസ്‌ഥാനത്ത് ആകെ തരംഗമായ യുഡിഎഫ് മുന്നേറ്റം കൊച്ചി കോര്‍പ്പറേഷനിലും ഇടതിന്റെ അടിതെറ്റിച്ചു.
കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്‌ടമായ മെട്രോ നഗരം, വ്യക്‌തമായ ആധിപത്യത്തോടെയാണ് ഐക്യ ജനാധിപത്യ മുന്നണി തിരിച്ചുപിടിച്ചത്. 46 സീറ്റ് നേടിയ ഉജ്‌ജ്വലമായ തിരിച്ചു വരവ്.
അതേസമയം എല്‍ഡിഎഫ് ഇരുപത് സീറ്റുകളിലേക്ക് ഒതുങ്ങി.ഒരു സീറ്റ് അധികം നേടി എന്‍ഡിഎ നില മെച്ചപ്പെടുത്തി. ഇതോടെ കൊച്ചി കോര്‍പ്പറേഷനിലെ ബിജെപി യുടെ അംഗബലം ആറായി വര്‍ധിച്ചു. സ്വതന്ത്രര്‍ 4 സീറ്റുകളിലാണ് ഇത്തവണ വിജയിച്ചത്.ട്വന്റി20 സ്‌ഥാനാര്‍ത്ഥികള്‍ക്ക് ഒരു ചലനവും സൃഷ്‌ടിക്കാന്‍ കഴിഞ്ഞില്ല.
33 സീറ്റില്‍ നിന്നാണ് എല്‍ഡിഎഫ് 20 സീറ്റിലേക്ക് അപ്രതീക്ഷിതമായി കൂപ്പുകുത്തിയത്.
കടുത്ത വിമത ശല്യം നേരിട്ടുകൊണ്ടാണ് കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥികള്‍ ഇത്തവണ കോര്‍പ്പറേഷനില്‍ മത്സരിച്ചത്.എന്നാല്‍ മത്സരിച്ച ഏഴോളം വിമതര്‍ക്ക് തെരഞ്ഞെടുപ്പ് ഫലത്തില്‍ കാര്യമായ ചലനം സൃഷ്‌ടിക്കാന്‍ കഴിഞ്ഞില്ല.
പോസ്‌റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ ഇടത് അനുകൂല സൂചനകള്‍ വന്നെങ്കിലും പിന്നീട് ചിത്രം മാറി.
ആദ്യ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍,ആദ്യ വിജയം ബിജെപിക്ക്. കോര്‍പ്പറേഷനിലെ പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസിലെ ആന്റണി കുരീത്തറയെ വില്ലിംഗ്‌ടണ്‍ ഐലന്‍ഡ് നോര്‍ത്ത് ഡിവിഷനില്‍ ബിജെപി സ്‌ഥാനാര്‍ഥി പത്മകുമാരി തോല്‍പ്പിച്ച വിവരമാണ് പുറത്തുവന്നത്.
അതോടെ യുഡിഎഫ് ക്യാമ്പില്‍ ചെറിയ അങ്കലാപ്പ് പരന്നെങ്കിലും രണ്ടാം മണിക്കൂറില്‍ യുഡിഎഫ് മുന്നേറ്റം വ്യക്‌തമായി.വനിതാ മേയര്‍ സംവരണമുള്ള ഇത്തവണ കൊച്ചി കോര്‍പ്പറേഷനില്‍ ഇടതുമുന്നണി പ്രത്യേകിച്ച് ആരുടെയും പേര് ഉയര്‍ത്തിക്കാട്ടിയിരുന്നില്ല. ഇടതുമുന്നണിക്ക് വേണ്ടി മത്സരിച്ച ദീപാവര്‍മ്മ ഉള്‍പ്പടെയുള്ള വനിതാ നേതാക്കള്‍ പരാജയപ്പെടുകയും ചെയ്‌തു.
എന്നാല്‍ കോണ്‍ഗ്രസ് വനിതാ നേതാക്കളില്‍ മത്സരിച്ച പലരും മേയര്‍ സ്‌ഥാനത്ത് പരിഗണിക്കപ്പെടുമെന്ന സൂചന പാര്‍ട്ടി നല്‍കിയിരുന്നു.
കലൂര്‍ സേ്‌റ്റഡിയം ഡിവിഷനില്‍ മത്സരിച്ച കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്‌തി മേരി വര്‍ഗീസ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് വി.കെ.മിനിമോള്‍, നഗരസഭ മുന്‍ ടൗണ്‍ പ്ലാനിങ് കമ്മിറ്റി ചെയര്‍പേഴ്‌സനായ ഫോര്‍ട്ട് കൊച്ചിയിലെ ഷൈനി മാത്യു എന്നിവരുടെ പേരുകളാണ് പരിഗണിക്കപ്പെടുന്നത്. പശ്‌ചിമകൊച്ചിക്ക് പ്രതിനിധ്യം വേണമെന്ന കാരണത്താല്‍ ഷൈനി മാത്യുവിന്റെ പേര് പരിഗണിക്കണമെന്നും ആവശ്യമുയര്‍ന്നുണ്ട്. ഏതായാലും മേയര്‍പദവി രണ്ടര വര്‍ഷം വീതം പങ്കുവെച്ച് നല്‍കാനാണ് സാധ്യത.
ഈ മാസം 21നകം പുതിയ ഭരണസമിതി അധികാരമേല്‍ക്കാനാണ് സാധ്യത.അതിനാല്‍ ഉന്നത യുഡിഎഫ് നേതാക്കള്‍ ഇത് സംബന്ധിച്ച് കൂടിയാലോചന തുടങ്ങി.
കറുകപ്പള്ളി ജനറല്‍ വാര്‍ഡ് ആയതോടെയാണ് മണ്ഡലപുനര്‍നിര്‍ണയത്തില്‍ രൂപീകരിക്കപ്പെട്ട കലൂര്‍ സേ്‌റ്റഡിയം ഡിവിഷനിലേക്ക് ദീപ്‌തി മേരി വര്‍ഗീസ് മാറിയത്. വിമതശല്യം ഉണ്ടായിരുന്ന കൊച്ചിയില്‍ അവരേയും നേരിട്ടാണ് ദീപ്‌തിയുടെ ജയം.
2020 ല്‍ കോണ്‍ഗ്രസ് വിമതരുടെ പിന്തുണയിലായിരുന്നു എല്‍ഡിഎഫ് കൊച്ചിയില്‍ ഭരണം പിടിച്ചെടുത്തത്. എല്‍ഡിഎഫ് 34, യുഡിഎഫ് 31, എന്‍ഡിഎ 5, സ്വതന്ത്രര്‍ 4 എന്നിങ്ങനെയായിരുന്നു കക്ഷി നില.