-->
എടത്വാ: ശക്‌തമായ ത്രികോണ പോരാട്ടം നടന്ന തലവടി, തകഴി, ചമ്പക്കുളം, മുട്ടാര്‍ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിന് ഭരണം നഷ്‌ടപ്പെട്ടു. എടത്വായില്‍ യുഡിഎഫ് ഭരണം നിലനിര്‍ത്തി. തലവടി പഞ്ചായത്തില്‍ ആകെയുള്ള 16 വാര്‍ഡുകളില്‍ യു.ഡി.എഫ് -7, എല്‍.ഡി.എഫ് - 6, എന്‍.ഡി.എ 3 - സീറ്റുകളില്‍ വിജയിച്ചു. തലവടി പഞ്ചായത്തില്‍ ഭരണം നിലനിര്‍ത്തണമെങ്കില്‍ ബി.ജെ.പി കനിയണം. ഒരു സീറ്റില്‍ നിന്നാണ് ബി.ജെ.പി മൂന്ന് സീറ്റുകളില്‍ എത്തിയത്. എടത്വാ പഞ്ചായത്തില്‍ ആകെയുള്ള 15 വാര്‍ഡില്‍ യു.ഡി.എഫിന് 10, എല്‍.ഡി.എഫ്, എന്‍.ഡി.എ, ഇടതു സ്വതന്ത്രന്‍ ഓരോ സീറ്റിലും, സ്വതന്ത്രര്‍ രണ്ട് സീറ്റിലും വിജയിച്ചു. 2020 ല്‍ യു.ഡി.എഫിന് ആറ് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. സ്വതന്ത്രരുടെ പിന്തുണയിലാണ് ഭരണം പിടിച്ചെടുത്തത്. ഇക്കുറി യു.ഡി.എഫിന് തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചു.
ഒന്നാം വാര്‍ഡില്‍ ബി.ജെ.പി അംഗം ഹാട്രിക് വിജയം നേടിയിരുന്നു. തകഴി പഞ്ചായത്തില്‍ ആകെയുള്ള 15 വാര്‍ഡില്‍ യു.ഡി.എഫ് 5, എല്‍.ഡി.എഫ് 4, എന്‍.ഡി.എ 5, സ്വതന്ത്രന്‍ ഒരു സീറ്റിലും വിജയിച്ചു. എല്‍ഡിഎഫ് വ്യക്‌തമായ ഭൂരിപക്ഷത്തില്‍ ഭരിച്ചിരുന്ന പഞ്ചായത്തില്‍ വലിയ പരാജയമാണ് സംഭവിച്ചത്. എന്‍.ഡി.എയാണ് വന്‍ മുന്നേറ്റം നേടിയത്. മുന്‍ വൈസ് പ്രസിഡന്റ് എല്‍.ഡി.എഫിലെ പ്രസിഡന്റ് സ്‌ഥാനാര്‍ഥിയുമായ അംബിക ഷിബു പരാജയപ്പെട്ടു. തകഴിയില്‍ ഒരു മുന്നണിക്കും വ്യക്‌തമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ല. ചമ്പക്കുളം ഗ്രാമപഞ്ചായത്തില്‍ ആകെയുള്ള 14 വാര്‍ഡുകളില്‍ യു.ഡി.എഫ് - 9, എല്‍.ഡി.എഫ് - 3, എന്‍.ഡി.എയും സ്വതന്ത്രനും ഓരോ സീറ്റിലും വിജയിച്ചു. 2020 ല്‍ എല്‍.ഡി.എഫ് ഭരിച്ചിരുന്ന പഞ്ചായത്താണ് വ്യക്‌തമായ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് തിരിച്ചു പിടിച്ചത്. മുട്ടാര്‍ ഗ്രാമപഞ്ചായത്തില്‍ ആകെയുള്ള 14 വാര്‍ഡില്‍ യു.ഡി.എഫ് - 9, എല്‍.ഡി.എഫ് - 4, എന്‍.ഡി.എ ഒരു സീറ്റിലും വിജയിച്ചു. എല്‍.ഡി.എഫ് ഭരിച്ചിരുന്ന പഞ്ചായത്താണ് ഇക്കുറി യു.ഡി.എഫ് തിരിച്ചു പിടിച്ചത്.