-->
കുട്ടനാട്: കുട്ടനാട്ടില്‍ 13 ഗ്രാമപഞ്ചായത്തുകളില്‍ ഒമ്പതിടത്തും ഭരണം ഉറപ്പിച്ച് യു.ഡി.എഫ്. നാലിടത്ത് മാത്രമാണ് എല്‍.ഡി.എഫിന് പിടിച്ചുനില്‍ക്കാനായത്.
എല്‍.ഡി.എഫ് കോട്ടകളായി അറിയപ്പെട്ടിരുന്ന കൈനകരി, രാമങ്കരി, നീലംപേരൂര്‍ പഞ്ചായത്തുകള്‍ കൈവിട്ടു പോയതിന് പുറമേ കഴിഞ്ഞ പ്രാവശ്യം വിജയിച്ച തലവടി, ചമ്പക്കുളം തുടങ്ങിയ പഞ്ചായത്തുകളും നഷ്‌ടമായത് എല്‍.ഡി.എഫിന് കനത്ത പ്രഹരമായി. ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യം കുട്ടനാടിന്റെ ചരിത്രത്തിലാദ്യമായി ഗ്രാമപഞ്ചായത്ത് ഭരണത്തിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.
14 വാര്‍ഡുകളുള്ള നീലംപേരൂരില്‍ ഏഴ് വാര്‍ഡുകളില്‍ ബി.ജെ.പി വിജയിച്ചപ്പോള്‍ എല്‍.ഡി.എഫിന് അഞ്ചും യു.ഡി.എഫിന് രണ്ടും സീറ്റുകളാണ് ലഭിച്ചത്. സി.പി.എം ജില്ലാ കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ ജി.ഉണ്ണികൃഷ്‌ണന്‍ ഇവിടെ പരാജയപ്പെട്ടതും തിരിച്ചടിയായി. സി.പി.എം വിമതനായി മത്സരിച്ച കെ.ജി അനീഷാണ് അദ്ദേഹത്തെ തോല്‍പ്പിച്ചത്. അനീഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. 25 വര്‍ഷമായി അധികാരത്തിലിരുന്ന രാമങ്കരി ഗ്രാമപഞ്ചായത്തും കൈവിട്ടു.
കഴിഞ്ഞ സംസ്‌ഥാന സമ്മേളന കാലത്ത് സി.പി.എമ്മില്‍ നിലനിന്ന രൂക്ഷമായ വിഭാഗീയതയെ തുടര്‍ന്ന് ഇതില്‍ ഒരു വിഭാഗം സി.പി.ഐയിലേക്ക് ചേരുകയും പിന്നീട് അത് സി.പി.എം- സി.പി.ഐ മത്സരമായി മാറുകയും ചെയ്‌തതോടെ ഇവിടുത്തെ എട്ടോളം വാര്‍ഡുകളില്‍ ഇവര്‍ പരസ്‌പരം ഏറ്റുമുട്ടുന്ന സ്‌ഥിതിയിലേക്ക് കാര്യങ്ങള്‍ മാറി. ഇത് പഞ്ചായത്ത് ഭരണം കൈവിട്ടു പോകുന്നതിന് കാരണമായി.
മാത്രമല്ല ഇതുവരെ ഇവിടെ ഒരു വാര്‍ഡില്‍ പോലും ജയിച്ചിട്ടില്ലാത്ത ബി.ജെ.പി ഇത്തവണ മൂന്ന് പേരെ വിജയിപ്പിച്ചെടുക്കുകയും ചെയ്‌തു. മുട്ടാറിലും നീലംപേരൂരിലും സി.പി.എം-സി.പി.ഐ ഭിന്നത തിരിച്ചടിയായി. രാമങ്കരിയില്‍ എല്‍.ഡി.എഫിന് നാലു വാര്‍ഡുകളില്‍ മാത്രമാണ് വിജയിക്കാനായത്. കൂടാതെ മൂന്ന് മുന്നണികളെയും പരാജയപ്പെടുത്തിക്കൊണ്ട് രണ്ടാം വാര്‍ഡില്‍ ഒരു സ്വതന്ത്രനും വിജയിച്ചു. കുട്ടനാട്ടിലെ സി.പി.എമ്മിന്റെ ഉരുക്ക് കോട്ടകളിലൊന്നായ കൈനകരിയിലും ഇക്കുറി യു.ഡി.എഫ് അധികാരം പിടിച്ചു.
കഴിഞ്ഞപ്രാവശ്യം എല്‍.ഡി.എഫ് ഭരിച്ച വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് തുല്യ നിലയില്‍ വന്നതോടെ ഭരിക്കണമെങ്കില്‍ ഭാഗ്യം കനിയണമെന്ന അവസ്‌ഥയായി. ഇവിടെ മത്സരിച്ച മുന്‍ ജില്ലാ പഞ്ചായത്തംഗം എം.വി പ്രിയ പരാജയപ്പെട്ടു.
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് കഴിഞ്ഞ പ്രാവശ്യത്തെ പോലെ തന്നെ ഇക്കുറിയും യു.ഡി.എഫ് വിജയിച്ചു. കൂടാതെ രൂപീകരണം മുതല്‍ എല്‍.ഡി.എഫ് വിജയിച്ച വെളിയനാട്, കഴിഞ്ഞ തവണ വിജയിച്ച ചമ്പക്കുളം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ പരാജയപ്പെട്ടത് എല്‍.ഡി.എഫിന് കനത്ത തിരിച്ചടിയായി. ബി.ജെ.പി കുട്ടനാട്ടിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും രണ്ടോ അതിധികമോ വാര്‍ഡുകളില്‍ വിജയിച്ചത് ഇരു മുന്നണികളെയും ഞെട്ടിച്ചിട്ടുണ്ട്.