-->
ആലപ്പുഴ: ആലപ്പുഴ നഗരസഭ ഭരണം യു.ഡി.എഫിന് കൈയെത്തുംദൂരത്ത്. 53 അംഗ നഗരസഭയില്‍ 23 സീറ്റുകള്‍ സ്വന്തമാക്കിയാണ് യു.ഡി.എഫ് വന്‍ തിരിച്ചുവരവ് നടത്തിയത്. എല്‍.ഡി.എഫിന് 22 സീറ്റുകളാണുള്ളത്.
എന്‍.ഡി.എ അഞ്ച് സീറ്റുകള്‍ സ്വന്തമാക്കി. എസ്.ഡി.പി.ഐക്കും പിഡി.പിക്കും സ്വതന്ത്രനും ഓരോ സീറ്റുകള്‍ വീതം നേടാനായി. കേവല ഭൂരിപക്ഷത്തിന് 27 സീറ്റുകളാണ് ആവശ്യമെങ്കിലും എന്‍.ഡി.എ ആര്‍ക്കും പിന്തുണ നല്‍കാതെ പ്രത്യേക ബ്ലോക്കായി നിലകൊള്ളു മെന്നിരിക്കെ മംഗലം വാര്‍ഡില്‍ നിന്ന് വിജയിച്ച സ്വതന്ത്രന്‍ ജോസ് ചെല്ലപ്പന്റെ കൂടി പിന്തുണയോടെ ഭരണത്തിലേറാനാണ് യു.ഡി.എഫ് നീക്കം. മുമ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ജോസ് ചെല്ലപ്പന്‍ 2015ല്‍ സ്വതന്ത്രനായി തന്നെ മത്സരിച്ച് ജയിച്ചപ്പോഴും യു.ഡി.എഫ് പക്ഷത്തായിരുന്നു. 35ലേറെ സീറ്റുകള്‍ നേടി ഭരണത്തുടര്‍ച്ച ലഭിക്കുമെന്ന് അവകാശപ്പെട്ടിരുന്ന എല്‍.ഡി.എഫിന് ഫലം കനത്ത തിരിച്ചടി യായി.
കഴിഞ്ഞ തവണ മൂന്ന് സീറ്റുകളുണ്ടായിരുന്ന ബി.ജെ.പി രണ്ടു സീറ്റ് കൂടി അധികമായി നേടി നിലമെച്ചപ്പെടുത്തി. കൊറ്റംകുളങ്ങര, പുന്നമട, കളര്‍കോട്, പഴവീട്, എ.എന്‍പുരം സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. മുല്ലാത്ത് വളപ്പ് വാര്‍ഡ് എസ്.ഡി.പി.ഐയും ലജനത്ത് വാര്‍ഡ് പി.ഡി.പിയും കരസ്‌ഥമാക്കി.
മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍മാരായ കെ.കെ. ജയമ്മ നെഹ്‌റുട്രോഫി വാര്‍ഡില്‍ നിന്നും സൗമ്യരാജ് കൈതവനയില്‍ നിന്നും വിജയിച്ചു. കോണ്‍ഗ്രസിന് വിമതനുണ്ടായിരുന്ന, കഴിഞ്ഞതവണ നറുക്കെടുപ്പില്‍ നഷ്‌ടമായ പുന്നമട വാര്‍ഡ് ബി.ജെ.പി ഇത്തവണ പിടിച്ചെടുത്തു. ലഹരിക്കടത്ത് കേസില്‍ ആരോപണ വിധേയനായ സി.പി.എമ്മിലെ എ.ഷാനവാസ് തോണ്ടന്‍കുളങ്ങര വാര്‍ഡില്‍ വിജയിച്ചതാണ് ആലപ്പുഴയിലെ ശ്രദ്ധേയമായ മറ്റൊരു മത്സരഫലം. തുടര്‍ച്ചയായ രണ്ടാം തവണയും ആലപ്പുഴയില്‍ അധ്യക്ഷസ്‌ഥാനം വനിതാ സംവരണമാണ്.
ആലപ്പുഴ നഗരസഭ നിലവില്‍ വന്നതിനുശേഷം കൂടുതല്‍ കാലവും കോണ്‍ഗ്രസ് മുന്നണിക്കായിരുന്നു ഭരണം. എന്നാല്‍ 2000ന് ശേഷം ഇടത് ആധിപത്യമേറുന്നത് കാണാനായി. 2005ല്‍ എല്‍.ഡി.എഫ് ഭരണം പിടിച്ചെടുത്തു. 2010ല്‍ തുടര്‍ഭരണവും സാധ്യമായി. 26 സീറ്റ് എല്‍.ഡി.എഫിനും 23 സീറ്റ് യു.ഡി.എഫിനും കിട്ടി. രണ്ടു സ്വതന്ത്രര്‍ എല്‍.ഡി.എഫിനൊപ്പവും മുസ്ലിം ലീഗ് യു.ഡി.എഫിനൊപ്പവും നിന്നു. 28 അംഗങ്ങളുടെ പിന്തുണയില്‍ ഇടത് ഭരണം നടന്നു. 2015ല്‍ യു.ഡി.എഫ് തിരിച്ചടിച്ചു. 26 സീറ്റുമായി ഭരണത്തിലേറി. എല്‍.ഡി.എഫിന് 19 സീറ്റും എന്‍.ഡി.എയ്‌ക്ക് നാലു സീറ്റുകളും ഒരു സ്വതന്ത്രനും പി.ഡി.പിക്ക് രണ്ടു സീറ്റുകളുമാണ് അന്ന് ലഭിച്ചത്. 2020ല്‍ 35 സീറ്റുകളുമായി ഭരണം എല്‍.ഡി.എഫ് തിരിച്ചു പിടിച്ചു. യു.ഡി.എഫ് 11 സീറ്റുകളിലേക്ക് ഒതുക്കപ്പെട്ടു.
മൂന്നു സീറ്റുകള്‍ എന്‍.ഡി.എയും ഓരോ സീറ്റുവീതം എസ്.ഡി.പി.ഐ, പി.ഡി.പി, സ്വതന്ത്രന്‍ തുടങ്ങിയവര്‍ക്കും ലഭിച്ചു. ആലപ്പുഴ, അമ്പലപ്പുഴ നിയമസഭാ മണ്ഡലങ്ങളിലായി കിടക്കുന്നപ്രദേശമാണ് നഗരസഭയിലേത്.