Saturday, March 14, 2026 Last Updated 16 Min 14 Sec ago English Edition
Todays E paper
Ads by Google
Sunday 14 Dec 2025 10.10 AM

കായംകുളത്ത്‌ കോട്ടകെട്ടി യു.ഡി.എഫ്‌.

കായംകുളം: പത്തു വര്‍ഷത്തെ ഇടതുഭരണത്തിന്‌ അന്ത്യകുറിച്ച്‌ കായംകുളം നഗരസഭയില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി യു.ഡി.എഫ്‌. 45 അംഗ കൗണ്‍സിലില്‍ 21 സീറ്റുകള്‍ നേടി യു.ഡി.എഫ്‌ ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഭരണത്തുടര്‍ച്ച സ്വപ്‌നം കണ്ട എല്‍.ഡി.എഫ്‌ ലഭിച്ചത്‌ 14 സീറ്റുകള്‍. എന്‍.ഡി.എ അഞ്ച്‌ സീറ്റുകള്‍ നേടി യപ്പോള്‍ നാല്‌ സ്വതന്ത്രരും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഒരംഗവും വിജയിച്ചത്‌ എല്ലാവരെയും അമ്പരപ്പിച്ചു. ഇരുമുന്നണികളുടെയും ചെയര്‍മാന്‍ സ്‌ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു. 20-ാം വാര്‍ഡില്‍ ജനവിധി തേടിയ യു.ഡി.എഫ്‌ ചെയര്‍മാന്‍ സ്‌ഥാനാര്‍ഥി ബിദു രാഘവന്‍ അഞ്ചാം സ്‌ഥാനത്തായി. 94 വോട്ടുകള്‍ മാത്രമാണ്‌ അദ്ദേഹത്തിന്‌ ലഭിച്ചത്‌. എല്‍.ഡി.എഫ്‌ ചെയര്‍മാന്‍ സ്‌ഥാനാര്‍ഥി സി.എ അഖില്‍ കുമാറും തോറ്റു. സി.പി.എം മുന്‍ ഏരിയാ സെക്രട്ടറി പി.അരവിന്ദാക്ഷന്‍, ഏരിയ കമ്മിറ്റി അംഗം എന്‍.ശിവദാസന്‍, യു.ഡി.എഫ്‌ നിയോജക മണ്ഡലം ചെയര്‍മാന്‍ എ.ഇര്‍ഷാദ്‌, മുസ്ലിംലീഗ്‌ പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍മാന്‍ നവാസ്‌ മുണ്ടകത്തില്‍, കാല്‍നൂറ്റാണ്ടായി കൗണ്‍സിലറായ കെ.പുഷ്‌പദാസ്‌, ഡി.സി.സി ജനറല്‍ സെക്രട്ടറി എ. പി ഷാജഹാന്‍ തുടങ്ങിയ പ്രമുഖര്‍ പരാജയമറിഞ്ഞു. 21-ാം വാര്‍ഡിലെ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥി ബിജു നസറുല്ല 726 വോട്ടിന്റെ റെക്കോര്‍ഡ്‌ ഭൂരിപക്ഷം കരസ്‌ഥമാക്കി. 26-ാം വാര്‍ഡില്‍ സ്വതന്ത്ര സ്‌ഥാനാര്‍ഥിയും വ്യാപാരി നേതാവുമായ നുജുമുദ്ദീന്‍ ആലുംമൂട്ടില്‍ 286 വോട്ടിന്റെ വിജയം സ്വന്തമാക്കി.
20-ാം വാര്‍ഡില്‍ യു.ഡി.എഫ്‌ ചെയര്‍മാന്‍ സ്‌ഥാനാര്‍ഥിയെ അട്ടിമറിച്ച്‌ പി.ഷാനവാസ്‌, 25-ാം വാര്‍ഡില്‍ മുന്‍ സ്‌റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷാമില അനിമോന്‍, 13-ാം വാര്‍ഡില്‍ ബാബുജി എന്നിവര്‍ സ്വതന്ത്രരായി വിജയിച്ചു. ഒന്നാം വാര്‍ഡില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയിലെ മുബീര്‍.എസ്‌.ഓടനാട്‌ നഗരസഭയില്‍ പാര്‍ട്ടിയുടെ അക്കൗണ്ട്‌ തുറന്നു. ഒരു വോട്ടിന്റെ ഭാഗ്യത്തിലാണ്‌ പതിനേഴാം വാര്‍ഡിലെ സിന്ധു എസ്‌ (യു.ഡി.എഫ്‌), എല്‍.ഡി. എഫിലെ ജ്യോതിലക്ഷ്‌മിയെ പരാജയപ്പെടുത്തിയത്‌.

Ads by Google
Advertisement
Sunday 14 Dec 2025 10.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW