-->
കല്‍പ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ ജനം ആര്‍ക്ക് വിധിയെഴുതി എന്നറിയന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ വലിയ വിജയ പ്രതീക്ഷയിലും അവകാശവാദത്തിലുമാണ് മുന്നണികള്‍.
ജില്ലാ പഞ്ചായത്തിലും മുഴുവന്‍ ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും 23 പഞ്ചായത്തുകളില്‍ 17 എണ്ണത്തിലും യു.ഡി.എഫ് ഭരണസമിതികള്‍ നിലവില്‍ വരുമെന്നാണ് ജില്ലയിലെ കോണ്‍ഗ്രസ്, ലീഗ് നേതാക്കളുടെ വിലയിരുത്തല്‍. എന്നാല്‍ ബത്തേരി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തുകളും ബത്തേരി മുനിസിപ്പാലിറ്റിയും എല്‍.ഡി.എഫ് നിലനിര്‍ത്തുമെന്നും മാനന്തവാടി, കല്‍പ്പറ്റ മുനിസിപ്പാലിറ്റികള്‍ തിരിച്ചുപിടിക്കുമെന്നും സി.പി.എമ്മിന്റെയും സഖ്യകക്ഷികളുടെയും നേതാക്കള്‍ പറയുന്നു.
ജില്ലാ പഞ്ചായത്തില്‍ നില മെച്ചപ്പെടുത്തുമെന്ന വാദവും എല്‍.ഡി.എഫ് നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. പഞ്ചായത്തുകളില്‍ ഭൂരിപക്ഷവും എല്‍.ഡി.എഫിനൊപ്പം നില്‍ക്കുമെന്ന അഭിപ്രായവും അവര്‍ക്കുണ്ട്. ജില്ലയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു പഞ്ചായത്ത് എന്‍.ഡി.എ പിടിക്കുമെന്ന് ബി.ജെ.പി പറയുന്നു.
പൂതാടി പഞ്ചായത്തില്‍ ഭരണസമിതി രൂപീകരിക്കാമെന്നാണ് എന്‍.ഡി.എ പ്രതീക്ഷ. വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമായി 50 നടുത്ത് സീറ്റുകളില്‍ എന്‍.ഡി.എ വിജയിക്കുമെന്നും നേതാക്കള്‍ പറയുന്നു. ജില്ലാ പഞ്ചായത്തില്‍ മുള്ളന്‍കൊല്ലി, കേണിച്ചിറ, എടവക, തവിഞ്ഞാല്‍, നൂല്‍പ്പുഴ, പനമരം, തോമാട്ടുചാല്‍ ഡിവിഷനുകളില്‍ കോണ്‍ഗ്രസിന്റെയും മേപ്പാടി, തരുവണ, കണിയാമ്പറ്റ, മുട്ടില്‍, പടിഞ്ഞാറത്തറ ഡിവിഷനുകളില്‍ മുസ്ലിംലീഗിന്റെയും സ്‌ഥാനാര്‍ഥികളുടെ വിജയം സുനിശ്‌ചിതമാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസ് പറഞ്ഞു. 2020ലെ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനുകളില്‍ എട്ടുവീതം എണ്ണമാണ് എല്‍.ഡി.എഫിനും യു.ഡി.എഫിനും ലഭിച്ചത്.
നറുക്കെടുപ്പിലൂടെയാണ് കോണ്‍ഗ്രസിലെ സംഷാദ് മരക്കാര്‍ പ്രസിഡന്റായത്. ഇക്കുറി ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനുകളില്‍ ഭൂരിപക്ഷത്തിലും ജനവിധി എല്‍.ഡി.എഫിന് അനുകൂലമാകുമെന്ന് ജില്ലയിലെ സി.പി.എം, സിപിഐ നേതാക്കള്‍ കരുതുന്നു.
തിരുനെല്ലി, വൈത്തിരി, എടവക, തവിഞ്ഞാല്‍, അമ്പലവയല്‍, വെള്ളമുണ്ട, നൂല്‍പ്പുഴ, മീനങ്ങാടി, പനമരം എന്നിവ എല്‍.ഡി.എഫ് വിജയം പ്രതീക്ഷിക്കുന്ന ഡിവിഷനുകളാണ്. 2020ലെ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 54 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളില്‍ എല്‍.ഡി.എഫിന് 23 ഉം യു.ഡി.എഫിന് 31 ഉം എണ്ണമാണ് ലഭിച്ചത്.
98 മുനിസിപ്പല്‍ ഡിവിഷനുകളില്‍ എല്‍.ഡി.എഫ് 52 ഉം യു.ഡി.എഫ് 46 ഉം ഡിവിഷനുകളില്‍ വിജയിച്ചു. 413 പഞ്ചായത്ത് വാര്‍ഡുകളില്‍ 212ല്‍ യു.ഡി.എഫും 182ല്‍ എല്‍.ഡി.എഫും 13 ല്‍ ബി.ജെ.പിയുമാണ് ജയിച്ചത്.